ഇന്ത്യയെ മൂന്നാം 'ഹോം മാര്‍ക്കറ്റ്' ആക്കാന്‍ റോള്‌സ്‌റോയ്‌സ്; എഎംസിഎഎന്‍ജിനില്‍ വന്‍ നിക്ഷേപം

ഇന്ത്യയെ മൂന്നാം 'ഹോം മാര്‍ക്കറ്റ്' ആക്കാന്‍ റോള്‌സ്‌റോയ്‌സ്; എഎംസിഎഎന്‍ജിനില്‍ വന്‍ നിക്ഷേപം


ന്യൂഡല്‍ഹി: ബ്രിട്ടീഷ് എയ്‌റോ-എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ്‌റോയ്‌സ്, ഇന്ത്യയെ യുകെയ്ക്കു പുറമെ കമ്പനിയുടെ മൂന്നാമത്തെ 'ഹോം മാര്‍ക്കറ്റ്' ആക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നു. യുദ്ധവിമാന എന്‍ജിനുകള്‍, നാവിക പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍, ലാന്‍ഡ് സിസ്റ്റങ്ങള്‍, അത്യാധുനിക എഞ്ചിനിയറിങ് മേഖലകള്‍ എന്നിവയില്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താനുള്ള പദ്ധതികളാണ് കമ്പനി പരിഗണിക്കുന്നതെന്ന് റോള്‍സ്‌റോയ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാഷി മുഖുന്ദന്‍ വ്യക്തമാക്കി.

പി.ടി.ഐ.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യന്‍ വ്യോമസേനയുടെ ഭാവി യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (AMCA) പദ്ധതിക്കായി അടുത്ത തലമുറ എന്‍ജിന്‍ വികസനം റോള്‍സ്‌റോയ്‌സിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണെന്നും മുഖുന്ദന്‍ പറഞ്ഞു. നിലവില്‍ യുകെയ്ക്ക് പുറമെ അമേരിക്കയും ജര്‍മനിയുമാണ് റോള്‍സ്‌റോയ്‌സിന്റെ 'ഹോം മാര്‍ക്കറ്റുകള്‍'. അവിടങ്ങളില്‍ കമ്പനി നിര്‍മ്മാണ കേന്ദ്രങ്ങളടക്കം ശക്തമായ സാന്നിധ്യം പുലര്‍ത്തുന്നുണ്ട്.

അങഇഅ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ആഴത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖുന്ദന്‍ വ്യക്തമാക്കി. 'അടുത്ത തലമുറ എന്‍ജിനുകളെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെങ്കില്‍, ഏറ്റവും അനുയോജ്യമായ പങ്കാളി റോള്‍സ്‌റോയ്‌സാണ്. ഇന്ത്യയിലും ആഗോളതലത്തിലും ഞങ്ങള്‍ക്ക് ആവശ്യമായ പരിചയവും കഴിവും ഉണ്ട്,' അദ്ദേഹം പറഞ്ഞു. എന്‍ജിന്‍ ഡിസൈന്‍ മുഴുവന്‍ ഇന്ത്യയില്‍ തന്നെ നടത്താനും, സാങ്കേതിക വിദ്യ കൈമാറ്റത്തോടൊപ്പം പുതിയ ബൗദ്ധികസ്വത്തവകാശത്തില്‍ (IP) സംയുക്ത ഉടമസ്ഥത ഉറപ്പാക്കാനും റോള്‍സ്‌റോയ്‌സ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപത്തിന്റെ കൃത്യമായ തോത് വെളിപ്പെടുത്താന്‍ മുഖുന്ദന്‍ തയ്യാറായില്ലെങ്കിലും, അത് ഗണ്യവും ദൃശ്യമാകുന്നതുമായിരിക്കും എന്ന് സൂചന നല്‍കി. പ്രതിരോധം, നിര്‍മ്മാണം, അത്യാധുനിക എഞ്ചിനിയറിങ് മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ്ണ മൂല്യശൃംഖല വികസിപ്പിക്കുന്നതായിരിക്കും നിക്ഷേപത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായി രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണ് റോള്‌സ്‌റോയ്‌സ്. അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്കിനുള്ള എന്‍ജിന്‍ നിര്‍മ്മാണവും, ഭാവി യുദ്ധവാഹനങ്ങള്‍ക്കായുള്ള എന്‍ജിനുകളും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ ഒക്ടോബറില്‍ റോള്‌സ്‌റോയ്‌സ് സി.ഇ.ഒ. തുഫാന്‍ എര്‍ഗിന്‍ബില്‍ഗിച്, ഇന്ത്യ കമ്പനിയുടെയും ഭാവി വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.

നാവികസേനയ്ക്കായി ഇലക്ട്രിക്, ഹൈബ്രിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും റോള്‍സ്‌റോയ്‌സ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് മുഖുന്ദന്‍ പറഞ്ഞു. എയറോ എന്‍ജിന്‍ കോറുകളില്‍ നിന്നാണ് ഇത്തരം നാവിക സംവിധാനങ്ങള്‍ വികസിപ്പിക്കപ്പെടുന്നതെന്നും, എയര്‍ോ എന്‍ജിനുകളെ വലിയ തോതില്‍ നാവിക ഉപയോഗത്തിനായി മാറ്റിയെടുക്കാനുള്ള ('മാരിനൈസ്') കഴിവ് റോള്‍സ്‌റോയ്‌സിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

യൂറോഫൈറ്റര്‍ ടൈഫൂണിനെ ശക്തിപ്പെടുത്തുന്ന EJ200 എന്‍ജിന്‍, യുകെ-ജപ്പാന്‍-ഇറ്റലി സംയുക്തമായി വികസിപ്പിക്കുന്ന ആറാം തലമുറ യുദ്ധവിമാന എന്‍ജിന്‍ പദ്ധതി എന്നിവയിലൂടെ ആഗോളതലത്തിലുള്ള റോള്‍സ്‌റോയ്‌സിന്റെ പരിചയം മുഖുന്ദന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വ്യക്തമായ നയദിശയും, ആഭ്യന്തര പ്രതിരോധ-വ്യവസായ ശേഷി ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളും, ഇന്ത്യയെ കമ്പനിക്ക് ദീര്‍ഘകാല തന്ത്രപ്രധാന കേന്ദ്രമാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ദീര്‍ഘകാലത്തില്‍ ഇന്ത്യ ഒരു പ്രധാന ആഗോള ശക്തിയായി ഉയരും. അതിനാല്‍ റോള്‍സ്‌റോയ്‌സിന് ഇന്ത്യ വെറും വിപണിയല്ല, ഒരു തന്ത്രപ്രധാന 'ഹോം' തന്നെയാണ്,' മുഖുന്ദന്‍ കൂട്ടിച്ചേര്‍ത്തു.