ബംഗളൂരു: യുപിയിലെ ആദിത്യനാഥ് മോഡല്‍ ബുള്‍ഡോസര്‍ രാജിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒറ്റയടിക്ക് ബംഗളൂരുവില്‍ ഇരുന്നൂറോളം മുസ്ലിം-ദളിത് കുടുംബങ്ങളെ തെരുവിലാക്കി. യെലഹങ്ക കൊഗിലുവിലെ ഫക്കീര്‍ കോളനിയിലും വസീം സ്ട്രീറ്റിലുമായി 141 കുട്ടികളാണ് ഇപ്പോള്‍ കൊടുംതണുപ്പില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയുന്നത്.
തകര്‍ത്ത വീടുകളുടെ സിമന്റുകട്ടകള്‍ക്കിടയില്‍ കമ്പുകള്‍ കുത്തി വലിച്ചുകെട്ടിയ ടാര്‍പ്പോളിന്റെ കീഴിലാണ് ആറ് പൂര്‍ണഗര്‍ഭിണികളടക്കം അഞ്ഞൂറോളം സ്ത്രീകള്‍ ഭീതിയോടെ കഴിയുന്നത്. 2017-18 വര്‍ഷങ്ങളില്‍ ബംഗളൂരു നോര്‍ത്ത് തഹസില്‍ദാര്‍ കൈമാറിയ ഭൂരേഖയുടെ അടിസ്ഥാനത്തിലാണ് കൊഗിലു ഉറുദു സ്‌കൂളിന് സമീപത്തെയും ഉപേക്ഷിച്ച ക്വാറിയുടെ മറുഭാഗത്തെയും താമസക്കാരെതിരെ സിദ്ധരാമയ്യ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഇറക്കിയത്.
ഫക്കീര്‍, വസീം സ്ട്രീറ്റ് കോളനികളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരില്‍ 132 മുസ്ലിം കുടുംബങ്ങളും 32 ദളിത് ഹിന്ദു കുടുംബങ്ങളും ഒരു ക്രിസ്ത്യന്‍ കുടുംബവും ഉള്‍പ്പെടുന്നതായി സംഗമ എന്ന സംഘടന ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. തെരുവാധാരമായ ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നത് സംഗമയാണ്. ശനിയാഴ്ച എ. എ. റഹീം എംപിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ബംഗളൂരു നഗരവികസന അതോറിറ്റിയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കുടിയിറക്കല്‍ എന്നതാണ് ഔദ്യോഗിക വിശദീകരണം. ഉപേക്ഷിച്ച ക്വാറിയുടെ ഇരുവശങ്ങളിലുമാണ് ഈ കോളനികള്‍ സ്ഥിതി ചെയ്യുന്നത്. ഫക്കീര്‍ കോളനിയില്‍ 98 ശതമാനവും മുസ്ലിം കുടുംബങ്ങളാണ്. ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരാണ് ഇവര്‍. എന്നാല്‍ ബുള്‍ഡോസര്‍ പുലര്‍ച്ചെ എത്തി വീടുകള്‍ തകര്‍ത്തപ്പോള്‍ ഈ രേഖകള്‍ ഉള്‍പ്പെടെ എല്ലാം മണ്ണിനടിയില്‍പ്പെട്ടു.
ഉപേക്ഷിച്ച ക്വാറിയുടെ ഭാഗം നികത്തി റിയല്‍ എസ്‌റ്റേറ്റ് മാഫിയ വില്‍പ്പന നടത്തിയ സ്ഥലമാണ് വസീം സ്ട്രീറ്റ്. അവര്‍ നല്‍കിയ വ്യാജ പട്ടയം വിശ്വസിച്ച് സ്ഥലം വാങ്ങിയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തുമാണ് ഇവര്‍ വീടുകള്‍ പണിതത്. എന്നാല്‍ പിന്നീട് ആ വീടുകള്‍ പൂര്‍ണമായി ഇടിച്ചുനിരത്തുകയായിരുന്നു.
വെള്ളിയാഴ്ചയും ബുള്‍ഡോസര്‍ എത്തി
20ന് പുലര്‍ച്ചെ നാല് ബുള്‍ഡോസറുകളും 150 പൊലീസുകാരും ചേര്‍ന്നാണ് കോളനികള്‍ തകര്‍ത്തത്. 26ന് വീണ്ടും രണ്ട് ബുള്‍ഡോസറുകളും പൊലീസ് സംഘവും 'മതില്‍ പണിയല്‍' എന്ന വ്യാജേന പ്രദേശത്തെത്തി.
പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സംഗമ എന്‍ജിഒ ഗ്രൂപ്പും ചേര്‍ന്ന് ശക്തമായി തടഞ്ഞതോടെ ബുള്‍ഡോസര്‍ സംഘം പിന്‍മാറി. ജുമ നമസ്‌കാര സമയത്ത് സംഘമെത്തിയത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് സംഗമയുടെ പ്രോഗ്രാം മാനേജര്‍ നന്ദിനി ആരോപിച്ചു.
യുപി മോഡല്‍ ബുള്‍ഡോസര്‍ രാജ് കര്‍ണാടകയിലും; ബംഗളൂരുവില്‍ ഇരുന്നൂറോളം മുസ്ലിം-ദളിത് കുടുംബങ്ങളെ തെരുവിലാക്കി
