പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ മെട്രോ യാത്രക്കാര്‍ക്കിടയില്‍ ഭീതി വിതച്ച് യുവാവ് മൂന്ന് സ്ത്രീകളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.15 മുതല്‍ 4.45 വരെ മെട്രോ ലൈന്‍ 3ലായിരുന്നു ആക്രമണം. റിപ്പബ്ലിക്, ആര്‍ട്‌സ്എമെറ്റിയേ, ഓപ്പറ സ്‌റ്റേഷനുകളിലായി സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. പരിക്കേറ്റ മൂന്ന് സ്ത്രീകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്; ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണിന്റെ ജിയോ-ലൊക്കേഷന്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന പൊലീസ് വൈകാതെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി 2000ല്‍ ജനിച്ച, മാലിയന്‍ വംശജനായ 25 കാരനാണെന്നും മുന്‍പ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളയാളാണെന്നും അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. സംഭവത്തില്‍ ഭീകരവാദ ബന്ധമുണ്ടോയെന്നതടക്കം എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പാരീസ് മെട്രോയില്‍ കത്തി ആക്രമണം: മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു; പ്രതി അറസ്റ്റില്‍
