വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ പേര് ഉള്‍പ്പെടുത്തി ജോണ്‍ എഫ്. കെനഡി സെന്ററിന്റെ ഔദ്യോഗിക നാമം മാറ്റിയതിനെ തുടര്‍ന്ന്, ഇരുപത് വര്‍ഷത്തിലേറെയായി തുടരുന്ന ക്രിസ്മസ് സംഗീതപരിപാടി ഇത്തവണ റദ്ദാക്കി. കെനഡി സെന്ററില്‍ വര്‍ഷങ്ങളായി ക്രിസ്മസ് കച്ചേരി അവതരിപ്പിച്ചുവരുന്ന പ്രശസ്ത ജാസ് ഡ്രമ്മറും വൈബ്രഫോണിസ്റ്റുമായ ചക്ക് റെഡാണ് പ്രതിഷേധത്തിന്റെ ഭാഗമായി പരിപാടി ഉപേക്ഷിച്ചത്.
ഡിസംബര്‍ 25ന് അസോസിയേറ്റഡ് പ്രസിനു നല്‍കിയ പ്രസ്താവനയില്‍, കെനഡി സെന്ററിന്റെ വെബ്‌സൈറ്റിലും പിന്നീട് കെട്ടിടത്തിലും ട്രംപിന്റെ പേര് ചേര്‍ത്തത് കണ്ടതോടെയാണ് കച്ചേരി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് റെഡ് വ്യക്തമാക്കി.
'പേരുമാറ്റം കണ്ട നിമിഷം തന്നെ ഞങ്ങളുടെ ക്രിസ്മസ് കച്ചേരി നടത്തരുതെന്ന് ഞാന്‍ തീരുമാനിച്ചു,' എന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 18ന് ട്രംപ് നിയമിച്ച മാഗാ അനുകൂലികളടങ്ങുന്ന ബോര്‍ഡാണ് പേരുമാറ്റത്തിന് അനുമതി നല്‍കിയത്. 1964 മുതല്‍ ജോണ്‍ എഫ്. കെനഡി മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ദ പെര്‍ഫോമിംഗ് ആര്‍ട്‌സ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥാപനം ഇനി ഡോണള്‍ഡ് ട്രംപ് ആന്‍ഡ് ജോണ്‍ എഫ്. കെനഡി മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ദ പെര്‍ഫോമിംഗ് ആര്‍ട്‌സ്' എന്നാണ് അറിയപ്പെടുക.
1963ല്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെനഡിയുടെ വധത്തിന് പിന്നാലെ, കോണ്‍ഗ്രസിന്റെ നിയമത്തിലൂടെയും പ്രസിഡന്റ് ലിന്‍ഡണ്‍ ബി. ജോണ്‍സന്റെ ഒപ്പോടെയുമാണ് കെനഡി സെന്ററിന് ഈ പേര് ലഭിച്ചത്. നിയമപരമായി സെന്ററില്‍ അധിക മെമ്മോറിയലുകള്‍ ചേര്‍ക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും, ഇത് പേരുമാറ്റം മാത്രമാണെന്നും മെമ്മോറിയല്‍ സ്വഭാവം നഷ്ടമാകില്ലെന്നും കെനഡി സെന്റര്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഗ്രനെല്‍ (ട്രംപ് നിയമിതന്‍) വാദിക്കുന്നു.
എന്നാല്‍ ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്കെത്തിയതോടെ, കെനഡി സെന്ററിലെ പ്രകടനങ്ങളില്‍ നിന്ന് പല പ്രമുഖ കലാകാരന്മാരും പിന്മാറുകയാണ്. ഇസ്സാ റേ, പീറ്റര്‍ വോള്‍ഫ്, ലിന്‍മാനുവല്‍ മിരാണ്ട എന്നിവരും അവരുടെ പരിപാടികള്‍ റദ്ദാക്കിയവരില്‍ ഉള്‍പ്പെടുന്നു.
കെനഡി സെന്ററിന് ട്രംപിന്റെ പേര്: പ്രതിഷേധമായി ക്രിസ്മസ് പരിപാടി ഉപേക്ഷിച്ച് കലാകാരന്‍
