'തെറ്റൊന്നും ചെയ്തില്ല'; ലൈസന്‍സ് റദ്ദാക്കലിനെതിരെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നിയമപോരാട്ടത്തില്‍

'തെറ്റൊന്നും ചെയ്തില്ല'; ലൈസന്‍സ് റദ്ദാക്കലിനെതിരെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നിയമപോരാട്ടത്തില്‍


ലോസ് ആഞ്ചലസ് : ആയിരക്കണക്കിന് ഇന്ത്യന്‍ വംശജനായ ട്രക്ക് െ്രെഡവര്‍മാരുടെ ജീവിതവും ഉപജീവനവും പ്രതിസന്ധിയിലാക്കി കാലിഫോര്‍ണിയയില്‍ കമര്‍ഷ്യല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ (CDL) കൂട്ടത്തോടെ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ നിയമപോരാട്ടം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ലൈസന്‍സ് റദ്ദാക്കല്‍ നോട്ടീസുകള്‍ തങ്ങളെ കുറ്റവാളികളായി ചിത്രീകരിക്കുന്നതാണെന്നും, യാതൊരു നിയമലംഘനവും ചെയ്യാത്ത തങ്ങള്‍ക്ക് സംസ്ഥാന അധികാരികളുടെ പിഴവിന് വില കൊടുക്കേണ്ടിവരികയാണെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.

കാലിഫോര്‍ണിയ ഡിപാര്‍ട്ട്‌മെന്റ് ഓഫ് മോട്ടോര്‍ വാഹനങ്ങള്‍ (DMV) പുറത്തിറക്കിയ 60 ദിവസത്തെ റദ്ദാക്കല്‍ നോട്ടീസ് ഇതിനകം ഏകദേശം 17,000 ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. പരിശോധനകള്‍ തുടരുന്നതിനാല്‍ ഈ എണ്ണം 20,000 വരെ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഡ്രൈവര്‍മാര്‍ക്ക് യുഎസില്‍ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിച്ച കാലയളവിനെക്കാള്‍ കൂടുതലായി ലൈസന്‍സ് കാലാവധി നല്‍കിയതായാണ് ഫെഡറല്‍ ഓഡിറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ഡ്രൈവര്‍മാരുടെ തെറ്റല്ലെന്നും, ഡിഎംവിയുടെ ക്ലെറിക്കല്‍ പിഴവുകളാണ് പ്രശ്‌നത്തിന്റെ അടിസ്ഥാനം എന്നും സിവില്‍ റൈറ്റ്‌സ് സംഘടനകള്‍ വ്യക്തമാക്കുന്നു.

ബാധിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പഞ്ചാബി സിഖ് സമൂഹത്തില്‍ നിന്നുള്ളവരാണെന്നും, ഈ നടപടി സിഖ് ട്രക്ക് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ടുള്ള പാര്‍ശ്വവത്കരണത്തിലേക്ക് നയിക്കുന്നുവെന്നും സിഖ് കോയലിഷനും ഏഷ്യന്‍ ലോ കോക്കസും ആരോപിക്കുന്നു. സംസ്ഥാന നിയമപ്രകാരം ഇത്തരം പിഴവുകള്‍ തിരുത്തുകയോ, തിരുത്തിയ രേഖകള്‍ക്കായി വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്‍കുകയോ ചെയ്യേണ്ടതുണ്ടായിരുന്നുവെങ്കിലും, അന്യദേശ CDL കളുടെ പുതുക്കലും തിരുത്തലും DMV നിര്‍ത്തിവച്ചതോടെ ഡ്രൈവര്‍മാര്‍ വഴിമുട്ടിയിരിക്കുകയാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ സിഖ് കോയലിഷന്റെ നേതൃത്വത്തില്‍ നല്‍കിയ ക്ലാസ് ആക്ഷന്‍ ഹര്‍ജിയാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍.

ഫ്‌ലോറിഡയില്‍ ഈ വര്‍ഷം നടന്ന മാരകമായ ട്രക്ക് അപകടത്തെ തുടര്‍ന്ന് ട്രംപ് ഭരണകൂടം സംസ്ഥാനങ്ങളിലെ ലൈസന്‍സിങ് സംവിധാനങ്ങളില്‍ കടുത്ത പരിശോധന ആരംഭിച്ചതോടെയാണ് വിഷയത്തിന് രാഷ്ട്രീയ നിറം കൈവന്നതെന്നാണ് സംഘടനകളുടെ വാദം. കുടിയേറ്റ നിയമങ്ങളും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യ മാനദണ്ഡങ്ങളും കര്‍ശനമാക്കാനുള്ള ഫെഡറല്‍ സമ്മര്‍ദ്ദമാണ് കാലിഫോര്‍ണിയയെ ഈ നടപടിയിലേക്ക് നയിച്ചതെന്നും, ഇതിന്റെ പ്രത്യാഘാതമായി സിഖ് ഡ്രൈവര്‍മാരെ വര്‍ഗീയമായി തരംതിരിക്കുന്നത് വര്‍ധിച്ചതായും ആരോപണമുണ്ട്.

ലൈസന്‍സ് റദ്ദാക്കപ്പെടുന്നതോടെ ട്രക്ക് ഓടിക്കാന്‍ നിയമപരമായ അവകാശം നഷ്ടപ്പെടുക മാത്രമല്ല, കുടുംബങ്ങളുടെ ഏക വരുമാന മാര്‍ഗം തന്നെ അടച്ചുപൂട്ടപ്പെടുമെന്നതാണ് ഡ്രൈവര്‍മാരെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. സാധാരണ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയാല്‍ ദൈനംദിന ജീവിതം പോലും തകരാറിലാകും. ട്രക്കുകള്‍ വാങ്ങാനും വീടുകളും ചെറു ഗതാഗത സ്ഥാപനങ്ങളും തുടങ്ങാനുമായി വലിയ നിക്ഷേപങ്ങള്‍ നടത്തിയ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായത്.

'ഡ്രൈവര്‍മാരുടെ ഉപജീവനം തകര്‍ക്കുന്ന ഈ പിഴവുകള്‍ സംസ്ഥാനത്തിന്റേതാണ്. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. കോടതി ഇടപെട്ടില്ലെങ്കില്‍ വന്‍തോതില്‍ തൊഴിലില്ലായ്മയും വിതരണ ശൃംഖലയുടെ അസ്ഥിരതയും ഉണ്ടാകും,' സിഖ് കോയലിഷന്റെ നിയമ ഡയറക്ടര്‍ മുന്മീത് കൗര്‍ മുന്നറിയിപ്പ് നല്‍കി. കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ DMV തയ്യാറായിട്ടില്ലെങ്കിലും, ഫെഡറല്‍ എതിര്‍പ്പുകള്‍ നീങ്ങിയാല്‍ ലൈസന്‍സുകള്‍ വീണ്ടും നല്‍കാന്‍ തയ്യാറാണെന്ന മുന്‍നിലപാട് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഫെഡറല്‍ അനുമതി കാത്തുനില്‍ക്കാതെ തന്നെ സംസ്ഥാന നിയമപ്രകാരം ലൈസന്‍സുകള്‍ തിരുത്താനും പുനഃസ്ഥാപിക്കാനും DMVക്ക് അധികാരമുണ്ടെന്നാണ് ഹര്‍ജിക്കാരുടെ ഉറച്ച നിലപാട്.