ടോക്കിയോ: ജപ്പാനിലെ ഷിസുവോക്ക പ്രിഫെക്ചറിലെ മിഷിമ നഗരത്തിലുള്ള റബര്‍ ഫാക്ടറിയില്‍ ഉണ്ടായ അക്രമ സംഭവത്തില്‍ കുറഞ്ഞത് 14 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. കുത്തേറ്റതിനൊപ്പം സ്‌പ്രേ പോലുള്ള ദ്രാവകവും സ്ഥലത്ത് വിതറിയതായാണ് പ്രാഥമിക വിവരം.
യോക്കോഹാമ റബര്‍ മിഷിമ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് ആക്രമണത്തിനിരയായത്. അഞ്ച് മുതല്‍ ആറു പേര്‍ക്ക് വരെ കത്തി പോലുള്ള ആയുധം ഉപയോഗിച്ച് കുത്തേറ്റതായി ഫാക്ടറി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ സംശയാസ്പദനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ്-അഗ്‌നിശമന വിഭാഗങ്ങളെ ഉദ്ധരിച്ച് പൊതു മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'അടിയന്തര സേവനങ്ങള്‍ വഴി 14 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,' മിഷിമ നഗരത്തിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ടൊമോഹാരു സുഗിയാമ എഎഫ്പിയോട് പറഞ്ഞു.
ജപ്പാനില്‍ ഫാക്ടറിയില്‍ കത്തിക്കുത്തും രാസദ്രാവക സ്‌പ്രേയും: 14 പേര്‍ക്ക് പരിക്ക്, പ്രതി പിടിയില്‍
