ന്യൂഡല്‍ഹി: ഉന്നാവോ കൂട്ടബലാല്‍സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് കേന്ദ്ര അന്വേഷണ ബ്യൂറോ (സിബിഐ) സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 16ന് സിബിഐ പ്രത്യേക അനുമതി ഹര്‍ജി (എസ്എല്‍പി) സമര്‍പ്പിച്ചതായാണ് വിവരം.
ഡിസംബര്‍ 26ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദും ജസ്റ്റിസ് ഹരീഷ് വൈദ്യനാഥന്‍ ശങ്കറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സെന്‍ഗാറിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് 15 ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. പോക്‌സോ നിയമപ്രകാരം അനുവദിക്കാവുന്ന പരമാവധി ശിക്ഷക്കാലത്തേക്കാള്‍ അധികകാലം സെന്‍ഗാര്‍ തടവില്‍ കഴിഞ്ഞുവെന്ന കാരണമാണ് കോടതി ചൂണ്ടിക്കാട്ടിയത്.
2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് സെന്‍ഗാറിന് 2019 ഡിസംബറില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. വെള്ളിയാഴ്ച കോടതി പരിസരത്ത് നടന്ന പ്രതിഷേധത്തില്‍ ഇരയുടെ അമ്മ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. 'അയാളുടെ ജാമ്യം റദ്ദാക്കണം. ഞങ്ങള്‍ക്ക് ഹൈക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു. നീതി ലഭിക്കാത്ത പക്ഷം സുപ്രീംകോടതിയെ സമീപിക്കും. എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദിയായ ആളിന് വധശിക്ഷ തന്നെ ലഭിക്കണം' എന്നായിരുന്നു ഇരയുടെ അമ്മയുടെ പ്രതികരണം.
പ്രതിഷേധം കടുപ്പമായതോടെ സുരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മിനിറ്റിനകം പിരിയണമെന്ന് മുന്നറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. 'ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനായി വിധിക്കപ്പെട്ട ഒരാളെ ജാമ്യത്തില്‍ വിട്ടതില്‍ രാജ്യത്തെ സ്ത്രീകള്‍ അഗാധമായ ആശങ്കയിലാണ്. നീതി നഷ്ടപ്പെട്ട അതേ കോടതിയിലാണ് ഞങ്ങള്‍ വീണ്ടും നീതി തേടുന്നതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാവകാശ പ്രവര്‍ത്തക യോഗിത ഭയാന പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരായ സിബിഐയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, കേസ് വീണ്ടും രാജ്യത്തിന്റെ നിയമ-സാമൂഹിക ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഉന്നാവോ പീഡനക്കേസ്: കുല്‍ദീപ് സെന്‍ഗാറിന് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയില്‍
