കൊച്ചി: കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസിപ്പണം ചരിത്രനാഴികക്കല്ല് പിന്നിട്ടു. സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി (എന്‍ആര്‍) നിക്ഷേപം ആദ്യമായി 3 ട്രില്യന്‍ (ലക്ഷം കോടി രൂപ) കടന്നു. സെപ്റ്റംബര്‍ 30നുള്ള കണക്കുപ്രകാരം എന്‍ആര്‍ നിക്ഷേപം 3,03,464.57 കോടി രൂപയിലെത്തി. ജൂണ്‍ അവസാനത്തിലെ 2,86,987.21 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മാസത്തിനിടെ 16,476.79 കോടി രൂപയുടെ (5.75%) വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അപൂര്‍വമായി 2.31% ഇടിവ് (6,634.92 കോടി) ഉണ്ടായിരുന്നുവെങ്കിലും പിന്നാലെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. 2015 മാര്‍ച്ചില്‍ ആദ്യമായി ഒരു ലക്ഷം കോടി പിന്നിട്ട കേരളം, 2020 മാര്‍ച്ചോടെ രണ്ടുലക്ഷം കോടി കടന്നു. പിന്നീടുള്ള അഞ്ച് വര്‍ഷത്തിനുള്ളിലാണ് മൂന്നുലക്ഷം കോടി എന്ന നിര്‍ണായക നേട്ടം കൈവരിച്ചത്.
രൂപയുടെ മൂല്യത്താഴ്ച, ആകര്‍ഷകമായ നിക്ഷേപ പലിശനിരക്കുകള്‍, കോവിഡ് ശേഷമുള്ള പ്രവാസി പണമൊഴുക്കിന്റെ ശക്തമായ പുനരുജ്ജീവനം എന്നിവയാണ് ഈ കുതിപ്പിന് പിന്നിലെന്നാണ് ബാങ്കിങ് മേഖലയിലെ വിലയിരുത്തല്‍. ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്നത് എന്‍ആര്‍ഇ നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ പണമൊഴുക്ക് ഉണ്ടാക്കുന്ന പതിവ് പ്രവണത ഈ വര്‍ഷവും ആവര്‍ത്തിക്കുകയാണെന്ന് ഫെഡറല്‍ ബാങ്ക് ഇവിഎപി ആന്‍ഡ് കണ്‍ട്രി ഹെഡ് (റീട്ടെയില്‍ ലൈബിലിറ്റി & ഫീ ഉല്‍പ്പന്നങ്ങള്‍) ജോയ് പി.വി. പറഞ്ഞു.
85,250.08 കോടി രൂപയുമായി ഫെഡറല്‍ ബാങ്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ആര്‍ നിക്ഷേപമുള്ള ബാങ്ക്. ശക്തമായ റിമിറ്റന്‍സ് ശൃംഖലയും ആഗോള കറസ്‌പോണ്ടന്റ് നെറ്റ്‌വര്‍ക്കും നവീന നിക്ഷേപ ഉല്‍പ്പന്നങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്ന് ബാങ്ക് വിശദീകരിച്ചു.
ക്വാര്‍ട്ടറിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം കാനറ ബാങ്കിന്റേതാണ്. മൂന്ന് മാസത്തിനിടെ ബാങ്കിന്റെ എന്‍ആര്‍ നിക്ഷേപം 10,935.71 കോടിയില്‍ നിന്ന് 21,914.95 കോടി രൂപയായി, ഇരട്ടിയിലധികം ഉയര്‍ന്നു. ലക്ഷ്യമിട്ട നിക്ഷേപ ശേഖരണ ക്യാംപെയ്‌നുകളും മത്സരക്ഷമമായ പലിശനിരക്കുകളും ഇതിന് സഹായകമായതായി ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു.
80,234.07 കോടി രൂപയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍, 30,058.17 കോടി രൂപ എന്‍ആര്‍ നിക്ഷേപത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡോളറിനെതിരെ രൂപ 75.71ല്‍ നിന്ന് 85.45 വരെ ദുര്‍ബലമായതും പ്രവാസി നിക്ഷേപങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് ബാങ്കിങ് തലവന്‍ ബിജി എസ്.എസ്. പറഞ്ഞു. ഉയര്‍ന്ന റിസ്‌ക്അഡ്ജസ്റ്റഡ് വരുമാനം, എന്‍ആര്‍ഇ/എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളിലെ നികുതിയില്ലായ്മ, പൂര്‍ണമായ പുനര്‍നിക്ഷേപ സൗകര്യം, സുരക്ഷിതമായ ബാങ്കിങ് സംവിധാനം എന്നിവ പ്രവാസികളുടെ വിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് ശേഷമുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള റിമിറ്റന്‍സ് ശക്തമായി ഉയരുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ പ്രധാന പ്രവാസിപ്പണം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം തന്റെ സ്ഥാനമുറപ്പിക്കുകയാണ്. മൂന്നുലക്ഷം കോടി എന്ന നേട്ടം ഒരു കണക്കല്ല, കേരളത്തിന്റെ സാമ്പത്തിക ശക്തിയായി പ്രവാസികള്‍ തുടരുന്നുവെന്നതിന്റെ തെളിവാണെന്ന് ബാങ്കിങ് രംഗം വിലയിരുത്തുന്നു.
