യുഎസിനേക്കാള്‍ സൗദിയില്‍ നിന്ന് കൂടുതല്‍ നാടുകടത്തല്‍: 2025ല്‍ 11,000ത്തിലധികം ഇന്ത്യക്കാരെ തിരിച്ചയച്ചു

യുഎസിനേക്കാള്‍ സൗദിയില്‍ നിന്ന് കൂടുതല്‍ നാടുകടത്തല്‍: 2025ല്‍ 11,000ത്തിലധികം ഇന്ത്യക്കാരെ തിരിച്ചയച്ചു


ഹൈദരാബാദ്: 2025ല്‍ ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ നാടുകടത്തിയത് യുഎസ് അല്ല, സൗദി അറേബ്യയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യസഭയില്‍ സമര്‍പ്പിച്ച ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 81 രാജ്യങ്ങളില്‍ നിന്നായി 24,600ലധികം ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ഇതില്‍ 11,000ത്തിലധികം പേരെ തിരിച്ചയച്ചത് സൗദി അറേബ്യയില്‍ നിന്നാണ്.

അതേസമയം, ഏറെ ശ്രദ്ധ നേടിയിരുന്ന യുഎസില്‍ നിന്ന് 2025ല്‍ നാടുകടത്തപ്പെട്ടത് 3,800 ഇന്ത്യക്കാരെ മാത്രമാണ്. എന്നിരുന്നാലും, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യുഎസില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നാടുകടത്തല്‍ കണക്കാണിത്. ട്രംപ് ഭരണകൂടം കുടിയേറ്റ വിഷയത്തില്‍ കടുത്ത പരിശോധനയും രേഖാ പരിശോധനയും ശക്തമാക്കിയതാണ് ഇതിന് പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുഎസില്‍ നിന്നുള്ള നാടുകടത്തലുകളുടെ ഭൂരിഭാഗവും വാഷിങ്ടണ്‍ ഡി.സി. (3,414)യിലും ഹ്യൂസ്റ്റണിലും (234) നിന്നായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നാടുകടത്തലുകള്‍ വലിയ തോതില്‍ തുടരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിക്ക് പുറമെ മ്യാന്‍മര്‍ (1,591), യുഎഇ (1,469), മലേഷ്യ (1,485), ബഹ്‌റൈന്‍ (764), തായ്‌ലന്‍ഡ് (481), കംബോഡിയ (305) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വലിയ എണ്ണം ഇന്ത്യക്കാരെ തിരിച്ചയച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാടുകടത്തപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങള്‍ വിസ കാലാവധി കഴിഞ്ഞും തുടരുന്ന താമസം, ശരിയായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യല്‍, തൊഴില്‍ നിയമലംഘനം, തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടല്‍, സിവില്‍-ക്രിമിനല്‍ കേസുകളില്‍ കുടുങ്ങല്‍ എന്നിവയാണെന്ന് എംഇഎ വ്യക്തമാക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വലിയ കുടിയേറ്റമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമെന്ന് തെലങ്കാന സര്‍ക്കാര്‍ എന്‍ആര്‍ഐ ഉപദേശക സമിതിയുടെ വൈസ് ചെയര്‍മാന്‍ ഭീമ റെഡ്ഡി അഭിപ്രായപ്പെടുന്നു. 'നിര്‍മാണ മേഖലയിലും ഗൃഹസഹായ ജോലികളിലുമാണ് കൂടുതലും ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. ഏജന്റുമാര്‍ വഴി പോകുന്ന കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികള്‍ അധിക വരുമാന ശ്രമങ്ങളില്‍ ചെറിയ നിയമലംഘനങ്ങളില്‍ കുടുങ്ങുന്നതാണ് പലപ്പോഴും നാടുകടത്തലിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാകുന്നുവെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി.

മ്യാന്‍മറും കംബോഡിയയും പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള നാടുകടത്തലുകള്‍ക്ക് പിന്നില്‍ 'സൈബര്‍ അടിമത്തം' എന്ന വ്യത്യസ്ത പ്രവണതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന ശമ്പള വാഗ്ദാനങ്ങളുമായി ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് ആകര്‍ഷിച്ച് പിന്നീട് അനധികൃത സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് നിര്‍ബന്ധിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ കുടുങ്ങിയവരെ പിന്നീട് അറസ്റ്റ് ചെയ്ത് നാടുകടത്തുകയാണ് പതിവ്.

വിദേശത്തേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് യാത്രയ്ക്കുമുമ്പ് നിയമങ്ങളും വിസ നിബന്ധനകളും വ്യക്തമായി അറിയിക്കേണ്ടത് അനിവാര്യമാണെന്ന് തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനിയിലെ നാഗ ഭാരണി പറഞ്ഞു. 'വിസ കാലാവധി കൃത്യമായി നിരീക്ഷിക്കുകയും പ്രാദേശിക നിയമങ്ങള്‍ പാലിക്കുകയും വേണം. ആവശ്യമെങ്കില്‍ വിസ നീട്ടുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗിക്കണം,' അവര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ നാടുകടത്തിയത് യുകെയില്‍ നിന്നാണ് - 2025ല്‍ 170 പേര്‍. ഓസ്‌ട്രേലിയ (114), റഷ്യ (82), യുഎസ് (45) എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.