ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയിരിക്കുന്ന റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അധിക 25 ശതമാനം തീരുവ പിന്‍വലിക്കലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമായ സൂചന. ഇതിന്റെ ഭാഗമായി ഇന്ത്യ യുഎസിന് പുതുക്കിയ 'അവസാന' വാണിജ്യ കരാര്‍ നിര്‍ദേശം കൈമാറിയതായി രണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നിര്‍ദേശപ്രകാരം, വാള്‍നട്ട്, ബദാം, ആപ്പിള്‍, ചില വ്യവസായ ഉല്‍പ്പന്നങ്ങള്‍, ആഡംബര മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്ക് ഇന്ത്യ 'ഉടന്‍' തീരുവ ഒഴിവാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സമഗ്രമായ ഇരുരാജ്യ വ്യാപാര കരാറിന്റെ (ബൈലാറ്ററല്‍ ട്രേഡ് എഗ്രിമെന്റ്) ഭാഗമായിരിക്കുമെന്നും, അടിയന്തരമായി ഇന്ത്യ ലക്ഷ്യമിടുന്നത് റഷ്യന്‍ എണ്ണയുടെ പേരില്‍ ചുമത്തിയ അധിക 25 ശതമാനം തീരുവ ഒഴിവാക്കലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി യുഎസ് ട്രേഡ് പ്രതിനിധി റിക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം ഡിസംബര്‍ 12 വരെ രണ്ടു ദിവസം ന്യൂഡല്‍ഹിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യ ഈ പുതുക്കിയ ഓഫര്‍ സമര്‍പ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് യുഎസ് 50 ശതമാനം തീരുവയാണ് ഈടാക്കുന്നത് - ഇതില്‍ 25 ശതമാനം പരസ്പര തീരുവയും, റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട 25 ശതമാനം 'ശിക്ഷാ' തീരുവയുമാണ്.
'ഇത് ഇന്ത്യക്ക് നല്‍കാനാവുന്ന അവസാന ഓഫറാണ്,' ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയാവുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ആകെ 50 ശതമാനം തീരുവയാണ് ഇന്ത്യന്‍ കയറ്റുമതിക്കാരെ ഏറ്റവും അധികം ബാധിക്കുന്നത്. 25 ശതമാനം വരെ അവര്‍ താങ്ങിക്കോളാം, എന്നാല്‍ അതിന് മുകളിലുള്ളത് ഗുരുതരമായ തിരിച്ചടിയാണ്.'
യുഎസ് സെനറ്റ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിക്ക് മുന്നില്‍ അടുത്തിടെ മൊഴിനല്‍കിയ യുഎസ് ട്രേഡ് പ്രതിനിധി ജെയ്മിസണ്‍ ഗ്രീര്‍, ഇന്ത്യയെ 'തകര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യമായി' വിശേഷിപ്പിച്ചെങ്കിലും, ഇന്ത്യ നല്‍കിയിരിക്കുന്ന ഓഫറുകള്‍ 'ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും മികച്ചതാണെന്ന്' അംഗീകരിച്ചിരുന്നു.
ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ഇപ്പോള്‍ ഉയര്‍ന്ന തീരുവയുടെ ഭാരം സ്വന്തം ലാഭത്തില്‍ നിന്ന് വഹിച്ചാണ് യുഎസ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിനേക്കാള്‍ ഇതാണ് എളുപ്പമെന്ന വിലയിരുത്തലിലാണ് പല കമ്പനികളും. എന്നാല്‍ ഇത് ദീര്‍ഘകാലത്ത് ലാഭം ഗണ്യമായി കുറയ്ക്കുന്നുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടര്‍ന്നാണ് കുറഞ്ഞത് അധിക 25 ശതമാനം തീരുവയെങ്കിലും പിന്‍വലിക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടത്.
ഇതിനിടയില്‍, യുഎസ് തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പേ തന്നെ ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. ദി ഹിന്ദു നടത്തിയ വ്യാപാര ഡാറ്റ വിശകലനമനുസരിച്ച്, 2025 ഒക്ടോബറില്‍ റഷ്യന്‍ എണ്ണയുടെ മൂല്യത്തില്‍ 38 ശതമാനവും അളവില്‍ 31 ശതമാനവും ഇടിവുണ്ടായി. കഴിഞ്ഞ 12 മാസത്തിനിടെ ഒന്‍പത് മാസങ്ങളില്‍ ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചതായും ഡാറ്റ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ പുതുക്കിയ നിര്‍ദേശം അംഗീകരിക്കണമോയെന്ന അന്തിമ തീരുമാനമാണ് ഇപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈകളിലുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഇതിന് സമാന്തരമായി, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, സ്വിറ്റ്‌സറിന്റെ സന്ദര്‍ശനം 'നേരിട്ടുള്ള ചര്‍ച്ചകളില്‍ കേന്ദ്രീകരിച്ചിരുന്നില്ല'െന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
റഷ്യന്‍ എണ്ണ തീരുവ പിന്‍വലിക്കണം: യുഎസിന് 'അവസാന' വാണിജ്യ ഓഫറുമായി ഇന്ത്യ
