ഓപ്പറേഷന്‍ സിന്ദൂരില്‍ നിന്ന് ബഹിരാകാശ വിജയം വരെ; 2025ലെ ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഓപ്പറേഷന്‍ സിന്ദൂരില്‍ നിന്ന് ബഹിരാകാശ വിജയം വരെ; 2025ലെ ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി


ന്യൂഡല്‍ഹി : 2025ലെ ഇന്ത്യയുടെ സമഗ്ര നേട്ടങ്ങളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ഡിസംബര്‍ 28ന് പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്തിന്റെ 129ാം എപ്പിസോഡിലൂടെയായിരുന്നു ഈ വര്‍ഷത്തെ അവസാന സന്ദേശം. ദേശീയ സുരക്ഷ മുതല്‍ ആത്മീയതയും ശാസ്ത്രബഹിരാകാശ മേഖലയിലേക്കുള്ള മുന്നേറ്റം വരെ ഇന്ത്യ കൈവരിച്ച വലിയ ചുവടുകള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

പുതുവത്സരം അടുത്തെത്തുമ്പോള്‍ 2025ലെ ഓര്‍മ്മകള്‍ മനസ്സില്‍ നിറയുകയാണെന്ന് പറഞ്ഞ മോഡി, ഈ വര്‍ഷം രാജ്യം ഒരുമിച്ച് ആഘോഷിച്ച അനേകം നേട്ടങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. 'ദേശീയ സുരക്ഷ മുതല്‍ കായിക മൈതാനങ്ങള്‍ വരെ, ശാസ്ത്രീയ ലാബുകളില്‍ നിന്ന് ആഗോള വേദികളിലേക്ക് വരെ ഇന്ത്യ ശക്തമായ സാന്നിധ്യം അറിയിച്ചു,' അദ്ദേഹം പറഞ്ഞു.

മെയ് മാസത്തില്‍ പാകിസ്ഥാനിലും പാകിസ്ഥാന്‍ അധീന കാശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ സുരക്ഷാ പ്രതിബദ്ധതയുടെ പ്രതീകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരില്‍ നിന്ന് രാജ്യസ്‌നേഹത്തിന്റെ ശക്തമായ പ്രതികരണമാണ് ഈ ഓപ്പറേഷനുശേഷം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വന്ദേ മാതരം' 150 വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലും ഇതേ വികാരം പ്രകടമായിരുന്നുവെന്നും മോഡി ഓര്‍മ്മിപ്പിച്ചു.

ബഹിരാകാശ മേഖലയിലെ ചരിത്രവിജയമായും 2025 മാറിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായി മാറിയ സംഭവം രാജ്യത്തിന് അഭിമാന നിമിഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലും കൈവരിച്ച മുന്നേറ്റങ്ങള്‍ എടുത്തുപറഞ്ഞ മോഡി, രാജ്യത്തെ ചീറ്റകളുടെ എണ്ണം 30 കടന്നതും ശ്രദ്ധേയ നേട്ടമായി വിലയിരുത്തി.

ആത്മീയതയും സംസ്‌കാരവും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ശക്തി തെളിയിച്ച വര്‍ഷമായിരുന്നു 2025 എന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷാരംഭത്തില്‍ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയുടെ വിപുലമായ ഒരുക്കങ്ങളും സംഘാടനവും ലോകത്തെ അതിശയിപ്പിച്ചുവെന്നും, വര്‍ഷാവസാനത്ത് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ് ഓരോ ഇന്ത്യക്കാരനിലും അഭിമാനം നിറച്ചുവെന്നും മോഡി പറഞ്ഞു.

യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിവിധ മത്സരങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും യുവാക്കള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പുതിയ വേദികള്‍ ഒരുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2025 ഉള്‍പ്പെടെ നിരവധി പദ്ധതികളിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ പങ്കെടുത്തതും പ്രധാനമന്ത്രി അഭിനന്ദിച്ചു.

2025 ഇന്ത്യയുടെ ആത്മവിശ്വാസവും ശേഷിയും ലോകത്തിന് മുന്നില്‍ തെളിയിച്ച വര്‍ഷമായിരുന്നുവെന്നും, വരാനിരിക്കുന്ന 2026ല്‍ കൂടുതല്‍ നേട്ടങ്ങളുമായി രാജ്യം മുന്നേറുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചാണ് മോഡി പ്രസംഗം അവസാനിപ്പിച്ചത്.