ഓപ്പറേഷന്‍ സിന്ദൂര്‍: നൂര്‍ഖാന്‍ എയര്‍ബേസിലേക്ക് ഇന്ത്യ 80 ഡ്രോണുകള്‍ അയച്ചു; ഒരു ഡ്രോണ്‍ ലക്ഷ്യത്തിലെത്തി നാശനഷ്ടം സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി

ഓപ്പറേഷന്‍ സിന്ദൂര്‍: നൂര്‍ഖാന്‍ എയര്‍ബേസിലേക്ക് ഇന്ത്യ 80 ഡ്രോണുകള്‍ അയച്ചു; ഒരു ഡ്രോണ്‍ ലക്ഷ്യത്തിലെത്തി നാശനഷ്ടം സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി


ഇസ്ലാമാബാദ്: ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' വഴി പാക്കിസ്ഥാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ വീണ്ടും ഔദ്യോഗികമായി സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍. മേയ് മാസത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ റാവല്‍പിണ്ഡിയിലെ ചക്കാലയിലുള്ള നൂര്‍ഖാന്‍ എയര്‍ബേസ് ലക്ഷ്യമാക്കി ഇന്ത്യ 80 ഡ്രോണുകള്‍ അയച്ചുവെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാര്‍ വ്യക്തമാക്കി.

വര്‍ഷാന്ത്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദാര്‍. 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ കുറഞ്ഞത് 80 ഡ്രോണുകള്‍ പാക്കിസ്ഥാനിലേക്ക് അയച്ചതായും, ഇതില്‍ 79 ഡ്രോണുകള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു ഡ്രോണ്‍ എയര്‍ബേസില്‍ പതിച്ച് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാക്കിയതായും, ആക്രമണത്തില്‍ ചില സൈനികര്‍ക്ക് പരിക്കേറ്റതായും ദാര്‍ സമ്മതിച്ചു.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ പ്രകാരം നൂര്‍ഖാന്‍ എയര്‍ബേസ് ഉള്‍പ്പെടെ പാക്കിസ്ഥാനിലെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയതായി ഇന്ത്യന്‍ പ്രതിരോധ സേന നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കായി ഡ്രോണ്‍-മിസൈല്‍ ആക്രമണം നടത്തിയതിന് മറുപടിയായാണ് ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയതെന്ന് ഇന്ത്യ അറിയിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF)യുടെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആദ്യം ലക്ഷ്യമിട്ടത്.

ഇതിനുപുറമേ, പാക്കിസ്ഥാന്റെ സൈനിക ശേഷി ദുര്‍ബലപ്പെടുത്താനും ശക്തമായ തടയിടല്‍ സന്ദേശം നല്‍കാനുമായി ഇന്ത്യ ഏകോപിതമായ വ്യോമാക്രമണങ്ങള്‍ നടത്തിയതായും ഇന്ത്യ അറിയിച്ചു. റഫീഖി, മുരിദ്, റഹീം യാര്‍ ഖാന്‍, സുക്കര്‍, ചുനിയാന്‍ എന്നിവ ഉള്‍പ്പെടെ നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ആക്രമണത്തിന് വിധേയമായതായി ഇന്ത്യ അവകാശപ്പെട്ടു. സ്‌കാര്‍ദു, ഭോലാരി, ജേക്കബാബാദ്, സര്‍ഗോധ എയര്‍ബേസുകള്‍ക്ക് വ്യാപക നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാക്കിസ്ഥാന്റെ ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യയുടെ ആക്രമണത്തിന്റെ വ്യാപ്തിയും ഫലപ്രാപ്തിയും വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയില്‍പ്പെടുത്തുന്നതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.