താതാനഗര്‍-എറണാകുളം എക്‌സ്പ്രസിലെ രണ്ട് എസി കോച്ചുകള്‍ക്ക് തീപിടിത്തം; 70 കാരന്‍ മരിച്ചു

താതാനഗര്‍-എറണാകുളം എക്‌സ്പ്രസിലെ രണ്ട് എസി കോച്ചുകള്‍ക്ക് തീപിടിത്തം; 70 കാരന്‍ മരിച്ചു


ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനകാപള്ളി ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ താതാനഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ (18189) ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഡുവ്വാടയ്ക്ക് സമീപം പുലര്‍ച്ചെ 1.30ഓടെയാണ് ട്രെയിനിലെ ബി1, എം2 എസി കോച്ചുകള്‍ക്ക് തീപിടിച്ചത്. അപകടത്തില്‍ മരിച്ചയാളെ വിജയവാഡ സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദര്‍ (70) ആയി തിരിച്ചറിഞ്ഞു.

വിശാഖപട്ടണം ജില്ല വഴിയാണ് ട്രെയിന്‍ എറണാകുളത്തേക്ക് യാത്ര ചെയ്തിരുന്നത്. പാന്ട്രി കാറിനോടു ചേര്‍ന്നുള്ള ബി1, എം2 എസി കോച്ചുകളിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. യേലംചില്ലിക്ക് സമീപം തീപ്പൊരി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റുകള്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തി. എന്നാല്‍ അഗ്‌നിശമനസേന എത്തുന്നതിന് മുന്‍പേ തീ ശക്തമായി പടര്‍ന്ന് രണ്ട് കോച്ചുകളും പൂര്‍ണമായി കത്തിനശിച്ചു.

കടുത്ത പുക നിറഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി പ്ലാറ്റ്‌ഫോമിലേക്കു ഇറങ്ങി. ദൃശ്യപരിധി കുറവായതിനാല്‍ വലിയ ആശയക്കുഴപ്പവും ഭീതിയും നിലനിന്നതായി യാത്രക്കാര്‍ പറഞ്ഞു. ഭൂരിഭാഗം യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെങ്കിലും ബി1 കോച്ചില്‍ കുടുങ്ങിയിരുന്ന ചന്ദ്രശേഖര്‍ സുന്ദര്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു.

അനകാപള്ളി, യേലംചില്ലി, നക്കപള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേന മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ട് കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരുടെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. സംഭവസ്ഥലത്ത് ആംബുലന്‍സുകള്‍ സജ്ജമാക്കി, മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

അപകടത്തെ തുടര്‍ന്ന് വിശാഖപട്ടണം-വിജയവാഡ റൂട്ടിലെ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. നിരവധി ട്രെയിനുകള്‍ വിശാഖപട്ടണം, അനകാപള്ളി, ടുണി സ്‌റ്റേഷനുകളില്‍ തടഞ്ഞുവെച്ചു. പുലര്‍ച്ചെ 3.30ന് ശേഷം കത്തിയ കോച്ചുകള്‍ മാറ്റി യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ബാധിച്ച രണ്ട് കോച്ചുകളിലെ യാത്രക്കാരെ എപിഎസ്ആര്‍ടിസി ബസുകളില്‍ സമര്‍ളക്കോട്ടയിലേക്ക് മാറ്റി, അവിടെ രണ്ട് പകരം എസി കോച്ചുകള്‍ ട്രെയിനില്‍ ചേര്‍ത്തശേഷമാണ് യാത്ര തുടരാന്‍ തീരുമാനിച്ചത്.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ വീഴ്ചകളുണ്ടായോയെന്ന് പരിശോധിക്കുന്നതിനുമായി വിശദമായ അന്വേഷണം റെയില്‍വേ അധികൃതര്‍ ആരംഭിച്ചു.