ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍


പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് ആയിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ അംഗമായിരുന്നു എന്‍ വിജയകുമാര്‍. സിപിഎം പ്രതിനിധിയായാണ് ഭരണസമിതിയില്‍ എത്തിയത്. കെ പി ശങ്കര്‍ദാസ് ആണ് അന്നത്തെ ഭരണസമിതിയില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍. 

വിജയകുമാറും ശങ്കര്‍ദാസും മുന്‍കൂര്‍ ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വിധി വരുന്നതിന് മുന്‍പായിരുന്നു വിജയകുമാറിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ഉദ്യോഗസ്ഥര്‍ക്കാണ് പങ്കെന്നായിരുന്നു വിജയകുമാര്‍ വാദിച്ചിരുന്നത്. പത്മകുമാറിനെ അറസ്റ്റ് ചെയ്ത ശേഷം മറ്റു ഭരണസമിതി അംഗങ്ങള്‍ക്കെതിരെ എസ്‌ഐടി നടപടി സ്വീകരിക്കാത്തതില്‍ കഴിഞ്ഞദിവസം ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്‌ഐടിയുടെ നടപടി.

കഴിഞ്ഞ ദിവസം സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്യുന്നതിനായി വിജയകുമാറിനും ശങ്കര്‍ദാസിനും എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതായി ചൂണ്ടിക്കാട്ടി ഇരുവരും എസ്‌ഐടി മുന്‍പാകെ ഹാജരായിരുന്നില്ല. അതിനിടയാണ് ഇപ്പോള്‍ വിജയകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.