ഇന്ത്യന്‍ പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ സസ്‌പെന്‍ഡ് ചെയ്യണം : ധാക്കയില്‍ അന്ത്യശാസനം; ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി ഹാദിയുടെ വിദ്യാര്‍ത്ഥി സംഘടന

ഇന്ത്യന്‍ പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ സസ്‌പെന്‍ഡ് ചെയ്യണം : ധാക്കയില്‍ അന്ത്യശാസനം; ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി ഹാദിയുടെ വിദ്യാര്‍ത്ഥി സംഘടന


ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്കിടെ, കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് ശരീഫ് ഒസ്മാന്‍ ഹാദിയുടെ സംഘടനയായ ഇന്‍ഖിലാബ് മോഞ്ചോ ഇന്ത്യയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. മുഹമ്മദ് യൂനുസ് നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് 24 മണിക്കൂര്‍ അന്ത്യശാസനം പ്രഖ്യാപിച്ച സംഘടന, ഇന്ത്യന്‍ പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറിയില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ധാക്കയിലെ ഷാഹ്ബാഗില്‍ ഞായറാഴ്ച രാത്രി നടത്തിയ പൊതുസമ്മേളനത്തിലാണ് ഇന്‍ഖിലാബ് മോഞ്ചോ അംഗ സെക്രട്ടറി അബ്ദുല്ല അല്‍ ജാബര്‍ അന്ത്യശാസനം പ്രഖ്യാപിച്ചത്. ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, കൊലയാളി, ആസൂത്രകന്‍, സഹായികള്‍, രക്ഷപ്പെടാന്‍ സഹായിച്ചവര്‍, അഭയം നല്‍കിയവര്‍ എന്നിവരടങ്ങുന്ന മുഴുവന്‍ സംഘത്തെയും 24 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.

ഹാദിയുടെ കൊലപാതകത്തില്‍ മുഖ്യ പ്രതികളായ രണ്ട് പേര്‍ മേഘാലയയുമായി ബന്ധമുള്ള ഹാലുവാഗാട്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് രക്ഷപ്പെട്ടുവെന്ന ധാക്ക മെട്രോപൊളിറ്റന്‍ പൊലീസിന്റെ (DMP) വെളിപ്പെടുത്തലിനിടെയാണ് സംഘടനയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഇന്ത്യക്കാര്‍ക്ക് നല്‍കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നും, രാജ്യത്തിനകത്ത് 'ഫാസിസ്റ്റ് സഹകരണികള്‍' ആയി പ്രവര്‍ത്തിക്കുന്നവരെ സിവില്‍-സൈനിക ഇന്റലിജന്‍സ് തലത്തില്‍ കണ്ടെത്തണമെന്നും ഇന്‍ഖിലാബ് മോഞ്ചോ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ പീഡന ആരോപണങ്ങള്‍ തള്ളി ബംഗ്ലാദേശ്

ഇതിനിടെ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളി. ഒറ്റപ്പെട്ട ക്രിമിനല്‍ സംഭവങ്ങളെ ഹിന്ദുക്കള്‍ക്കെതിരായ സമ്പ്രദായിക പീഡനമായി ചിത്രീകരിച്ച് ഇന്ത്യയില്‍ ബംഗ്ലാദേശ് വിരുദ്ധ വികാരം വളര്‍ത്താനുള്ള ശ്രമമാണിതെന്ന് മന്ത്രാലയം ആരോപിച്ചു.
അതേസമയം, ഇന്ത്യയില്‍ മുസ്ലീങ്ങള്‍, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമസംഭവങ്ങളില്‍ ബംഗ്ലാദേശ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയതടക്കമുള്ള സംഭവങ്ങളെ പരാമര്‍ശിച്ച വിദേശകാര്യ വക്താവ് എസ്.എം. മഹ്ബുബുല്‍ ആലം, ഇവയെ ഹേറ്റ് ക്രൈംസും ലക്ഷ്യമിട്ട അക്രമവുമാണെന്ന് വിശേഷിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന പ്രതീക്ഷയും ബംഗ്ലാദേശ് അറിയിച്ചു.