വാഷിംഗ്ടണ്‍: യാതൊരു പുതിയ കുറ്റകൃത്യങ്ങളോ മറച്ചുവച്ച വിവരങ്ങളോ ഇല്ലാതെയേയും യുഎസ് അധികൃതര്‍ വിസകള്‍ റദ്ദാക്കുന്നുവെന്ന ആരോപണവുമായി കുടിയേറ്റ അഭിഭാഷകര്‍ രംഗത്ത്. ഡിസംബര്‍ തുടക്കം മുതല്‍ ഇത്തരമൊരു പ്രവണത ശ്രദ്ധയില്‍പ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അറ്റോര്‍ണിമാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചെറിയ കേസുകള്‍ പോലും ഇപ്പോള്‍ വിസ റദ്ദാക്കലിന് കാരണമാകുന്നുണ്ടെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകന്‍ രാഹുല്‍ റെഡ്ഡി പറയുന്നു. '12 വര്‍ഷം മുന്‍പ് ഉണ്ടായ മദ്യപിച്ച് വാഹനമോടിച്ച കേസുകള്‍ മുഴുവന്‍ തീര്‍പ്പാക്കിയിട്ടും, നിയമങ്ങള്‍ പാലിച്ചിട്ടും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിസ സ്റ്റാമ്പിംഗ് നേടിയിട്ടും ഇപ്പോള്‍ അതേ കാരണത്തെ മുന്‍നിര്‍ത്തി വിസ റദ്ദാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ്, പുതിയ വിവരങ്ങള്‍ ലഭിക്കുമ്പോഴോ തട്ടിപ്പുകളോ ഗുരുതര കുറ്റകൃത്യങ്ങളോ കണ്ടെത്തുമ്പോഴുമാത്രമാണ് വിസ റദ്ദാക്കാറുണ്ടായിരുന്നത്.
ഇമിഗ്രേഷന്‍ അഭിഭാഷക എമിലി ന്യൂമാനും ഇതേ ആശങ്ക പങ്കുവച്ചു. 'വിസ ഒരു അവകാശമല്ല, ആനുകൂല്യമാണ് എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒഴിച്ചാല്‍, എന്തുകൊണ്ടാണ് വിസകള്‍ റദ്ദാക്കുന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക വിശദീകരണം ഒന്നുമില്ല. ഇതിനകം യോഗ്യത ഉറപ്പാക്കിയവര്‍ക്കാണ് വിസ നഷ്ടമാകുന്നത്. ചിലര്‍ക്ക് ഇപ്പോഴത്തെ ട്രംപ് ഭരണകാലത്തുതന്നെ സ്റ്റാമ്പിംഗ് ലഭിച്ചവരാണെന്നും അവര്‍ പറഞ്ഞു. ഇതിന് പൊതുസുരക്ഷയുമായി ബന്ധമില്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യം വിട്ടാല്‍ മാത്രമേ റദ്ദാക്കല്‍ പ്രാബല്യത്തില്‍ വരൂ
യുഎസിനുള്ളിലിരിക്കുമ്പോള്‍ വിസ റദ്ദാക്കിയാലും, രാജ്യം വിടുന്നതുവരെ അതിന് പ്രാബല്യമില്ലെന്ന് എമിലി വിശദീകരിച്ചു. എന്നാല്‍ ഒരിക്കല്‍ യുഎസ് വിട്ടാല്‍, പഴയ വിസ ഉപയോഗിച്ച് തിരികെ പ്രവേശിക്കാന്‍ കഴിയില്ല; വീണ്ടും വിസ അഭിമുഖത്തിന് ഹാജരാകേണ്ടിവരും.
ഇന്ത്യയില്‍ ഇറങ്ങിയതോടെ 'കരുതല്‍ നടപടിയായി വിസ റദ്ദാക്കല്‍'
സോഷ്യല്‍ മീഡിയയിലെ എന്‍ആര്‍ഐ ഗ്രൂപ്പുകള്‍ പറയുന്നതനുസരിച്ച്, യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ ശേഷം പലര്‍ക്കും വിസ 'prudentially revoked' (കരുതല്‍ നടപടി എന്ന നിലയില്‍ താല്‍ക്കാലികമായി വിസ റദ്ദാക്കി) എന്ന സന്ദേശം ലഭിച്ചു. ഇതോടെ വീണ്ടും യുഎസ് പ്രവേശനം നേടാന്‍ പുതിയ വിസ അഭിമുഖം അനിവാര്യമാകും.
ഇന്ത്യയിലെ എല്ലാ വിസ അഭിമുഖങ്ങളും ഇപ്പോള്‍ റാന്‍ഡം ഡിഫറല്‍ (കൂടുതല്‍ പരിശോധനയ്ക്കായി അപേക്ഷ താല്‍ക്കാലികമായി മാറ്റിവയ്ക്കല്‍) ചെയ്യപ്പെടുന്നുണ്ടെന്നും, സോഷ്യല്‍ മീഡിയ ഇടപെടല്‍ പരിശോധന ശക്തമാക്കിയതാണെന്നും അഭിഭാഷകര്‍ പറയുന്നു.
യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
വിദേശയാത്ര ഒഴിവാക്കണമെന്ന് രാഹുല്‍ റെഡ്ഡിയും എമിലി ന്യൂമാനും എച്ച്1ബി വിസ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'കുറ്റകൃത്യങ്ങളൊന്നുമില്ലെങ്കിലും, സാധുവായ വിസ സ്റ്റാമ്പുണ്ടെങ്കിലും യാത്ര അപകടകരമാണ്. നിയമങ്ങള്‍ ഓരോ മാസവും മാറുകയാണ്,' ന്യൂമാന്‍ പറഞ്ഞു. നിലവിലെ ഭരണകൂടം മാറുന്നതുവരെ യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
്
കാരണമില്ലാതെ യുഎസ് വിസ റദ്ദാക്കല്‍; ആശങ്ക ഉയര്‍ത്തുന്ന പുതിയ പ്രവണത
