മെക്‌സിക്കോയില്‍ യാത്രക്കാരുമായി പോയ ട്രെയിന്‍ പാളം തെറ്റി; 13 പേര്‍ മരിച്ചു, 90ലധികം പേര്‍ക്ക് പരിക്ക്

മെക്‌സിക്കോയില്‍ യാത്രക്കാരുമായി പോയ ട്രെയിന്‍ പാളം തെറ്റി; 13 പേര്‍ മരിച്ചു, 90ലധികം പേര്‍ക്ക് പരിക്ക്


മെക്‌സിക്കോ: മെക്‌സിക്കോയുടെ തെക്കന്‍ സംസ്ഥാനമായ ഒഹാക്‌സയില്‍ യാത്രക്കാരുമായി പോയ ട്രെയിന്‍ പാളം തെറ്റി അപകടം. സംഭവത്തില്‍ കുറഞ്ഞത് 13 പേര്‍ മരിച്ചു, 98 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച (ഡിസംബര്‍ 28) നടന്ന അപകടത്തില്‍ ട്രെയിനിലുണ്ടായിരുന്ന 250ഓളം യാത്രക്കാരില്‍ പലരും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

മാതിയാസ് റൊമേറോ മുനിസിപ്പാലിറ്റിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിന്‍ കുത്തനെ താഴെയുള്ള താഴ് വരയിലേക്കു മറിഞ്ഞത്. മെക്‌സിക്കന്‍ നേവിയാണ് ഈ റെയില്‍പാത പ്രവര്‍ത്തിപ്പിക്കുന്നത്. അപകടവിവരം അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിച്ചതായി നേവി അറിയിച്ചു. സംസ്ഥാന സിവില്‍ പ്രൊട്ടക്ഷന്‍ വിഭാഗം, ട്രാഫിക് പൊലീസ്, ആംബുലന്‍സ് സേവനങ്ങള്‍ എന്നിവ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബൗം നേവിയുടെ സെക്രട്ടറിയെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അപകടസ്ഥലത്തേക്ക് അയക്കാന്‍ നിര്‍ദേശം നല്‍കി. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു. ഒഹാക്‌സ ഗവര്‍ണര്‍ സലമോന്‍ ഹാര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അന്വേഷണം ആരംഭിച്ചു. മെക്‌സിക്കോ ഉള്‍ക്കടലിനെയും പസഫിക് തീരത്തെയും ബന്ധിപ്പിക്കുന്ന ഈ റെയില്‍പാതയില്‍ യാത്രക്കാരെയും ചരക്കുകളെയും ഒരുമിച്ച് കൊണ്ടുപോകുന്ന ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഈ മാസം 20ന് ഇതേ പാതയില്‍ ട്രെയിന്‍ ഒരു ചരക്കുവാഹനവുമായി കൂട്ടിയിടിച്ചെങ്കിലും അന്ന് ആളപായമുണ്ടായിരുന്നില്ല.

2023ല്‍, മുന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ ഉദ്ഘാടനം ചെയ്ത പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായിരുന്നു ഈ റെയില്‍പാത.