വാഷിങ്ടണ്‍: ഡിസംബര്‍ തുടക്കം മുതല്‍ യാതൊരു വ്യക്തമായ കാരണവുമില്ലാതെ യു എസ് വിസകള്‍ റദ്ദാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ഇമിഗ്രേഷന്‍ അഭിഭാഷകര്‍ അറിയിച്ചു. ഈ പുതിയ പ്രവണത ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകന്‍ രാഹുല്‍ റെഡ്ഡി അഭിപ്രായപ്പെടുന്നു.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്യപിച്ച് വാഹനം ഓടിക്കല്‍ കേസ് ഉണ്ടായിരുന്നെങ്കിലും എല്ലാ നിയമനിബന്ധനകളും പാലിക്കുകയും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് വെളിപ്പെടുത്തുകയും ചെയ്തവര്‍ക്കു പോലും പഴയ കേസിന്റെ പേരില്‍ ഇപ്പോള്‍ വിസ റദ്ദാക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. മുമ്പ്, പുതിയ വിവരങ്ങള്‍ തട്ടിപ്പ് അല്ലെങ്കില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം പോലുള്ളവ പുറത്തുവന്നാല്‍ മാത്രമേ വിസ റദ്ദാക്കാറുണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ യാതൊരു ഔദ്യോഗിക വിശദീകരണവുമില്ലാതെ വിസകള്‍ റദ്ദാക്കപ്പെടുകയാണെന്നും രാഹുല്‍ റെഡ്ഡി വ്യക്തമാക്കി.
വിസ അവകാശമല്ലെന്നും ആനുകൂല്യം മാത്രമാണെന്നും ഏത് സമയത്തും റദ്ദാക്കാമെന്നും ഓര്‍മ്മിപ്പിക്കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒഴികെ ഈ വിസ റദ്ദാക്കലുകളെക്കുറിച്ച് അധികൃതര്‍ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഇമിഗ്രേഷന്‍ അഭിഭാഷക എമിലി ന്യൂമാന്‍ പറഞ്ഞു.
തങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയവരാണ് ഇവരെല്ലാവരുമെന്നും യോഗ്യതയെക്കുറിച്ച് സംശയം ഉയര്‍ത്തുന്ന പുതിയ വിവരങ്ങളൊന്നുമില്ലെന്നും പറഞ്ഞ എമിലി ന്യൂമാന്‍ ചിലര്‍ നിലവിലെ ട്രംപ് ഭരണകാലത്തുതന്നെ വിസ സ്റ്റാമ്പിംഗ് നേടിയവരാണെന്നും എന്നിട്ടും വിസ റദ്ദാക്കപ്പെടുകയാണെന്നും ഇത് പൊതു സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
യു എസിനുള്ളില്‍ തുടരുന്നവര്‍ക്കു വിസ റദ്ദാക്കല്‍ ഉടന്‍ ബാധകമാകില്ലെന്നും രാജ്യം വിട്ടശേഷം മാത്രമേ അതിന്റെ പ്രാബല്യം ഉണ്ടാകൂവെന്നും ന്യൂമാന്‍ വിശദീകരിച്ചു. യു എസ് വിട്ടാല്‍ വീണ്ടും വിസ സ്റ്റാമ്പിംഗിനായി അപേക്ഷിക്കേണ്ടി വരികയും അതേ രേഖകള്‍ വീണ്ടും ഹാജരാക്കേണ്ടി വരികയും ചെയ്യും.
സോഷ്യല്‍ മീഡിയയിലെ ചില എന്‍ ആര്‍ ഐ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് യു എസ് വിട്ട് ഇന്ത്യയിലെത്തിയ ശേഷം നിരവധി പേരുടെ വിസകള്‍ 'പ്രുഡന്‍ഷ്യലി റിവോക്ക്' ചെയ്തതായി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അര്‍ഥം, അതേ വിസ ഉപയോഗിച്ച് യു എസിലേക്ക് വീണ്ടും പ്രവേശിക്കാന്‍ കഴിയില്ലെന്നും പുതുതായി വിസ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടിവരുമെന്നുമാണ്.
അതേസമയം, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയ വെറ്റിംഗ് ആരംഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ എല്ലാ വിസ ഇന്റര്‍വ്യൂകളും മാറ്റിവെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലെങ്കിലും സാധുവായ വിസ സ്റ്റാമ്പ് ഉണ്ടായാലും എച്ച്1- ബി വിസ ഉടമകള്‍ യു എസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് രാഹുല്‍ റെഡ്ഡിയും എമിലി ന്യൂമാനും ശക്തമായി മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ ഓരോ മാസവും മാറിക്കൊണ്ടിരിക്കുകയാണെന്നും നിലവിലെ ഭരണകൂടം സ്ഥാനമൊഴിയുന്നതുവരെ യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും എമിലി ന്യൂമാന്‍ പറഞ്ഞു.
