ന്യൂയോര്‍ക്ക്: ഹുറുന്‍ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്ത്യന്‍ വംശജരായ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ടെക് സി ഇ ഒയും ബില്യണയറുമായ ജയശ്രീ ഉള്ളാള്‍. 5.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജയശ്രീ ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ല എന്നിവരെ പിന്നിലാക്കിയാണ് മുന്നേറിയത്.
1957-ല്‍ ലണ്ടനില്‍ ജനിച്ച ജയശ്രീ ഉള്ളാള്‍ ഒരു ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് എക്‌സിക്യൂട്ടീവാണ്. 2008 മുതല്‍ അരിസ്റ്റാ നെറ്റ്വര്‍ക്ക്‌സിന്റെ പ്രസിഡന്റും സി ഇ ഒയുമായി പ്രവര്‍ത്തിക്കുന്ന അവര്‍ ക്ലൗഡ് നെറ്റ്വര്‍ക്കിംഗ് സൊല്യൂഷന്‍സ് മേഖലയിലെ പ്രമുഖ കമ്പനിയായി അരിസ്റ്റയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
ആഗോള ബില്യണയര്‍മാരുടെ പട്ടികയില്‍ ഉള്ളാള്‍ നിലവില്‍ 714-ാം സ്ഥാനത്താണ്. 5.7 ബില്യണ്‍ ഡോളറാണ് അവരുടെ കണക്കാക്കിയ ആസ്തി. അരിസ്റ്റാ നെറ്റ്വര്‍ക്ക്‌സിലെ ഏകദേശം മൂന്ന് ശതമാനം ഓഹരികള്‍ അവര്‍ക്കുണ്ട്. ഇതില്‍ ചിലത് അവരുടെ രണ്ട് മക്കള്‍ക്കും മരുമക്കള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്.
അമേരിക്കയിലെ സ്വയം സമ്പാദ്യം നേടിയ ഏറ്റവും സമ്പന്ന വനിതകളുടെ പട്ടികയില്‍ ഉള്ളാളിന് എട്ടാം സ്ഥാനമുണ്ട്.
മുന്‍പ് സിസ്‌കോ സിസ്റ്റംസ് കമ്പനിയില്‍ 15 വര്‍ഷം സീനിയര്‍ പദവികളില്‍ സേവനമനുഷ്ഠിച്ച ഉള്ളാള്‍, ഇഥര്‍നെറ്റ് സ്വിച്ചിംഗ് ബിസിനസ് വിഭാഗത്തിന്റെ നേതൃത്വം വഹിച്ചിട്ടുണ്ട്. സാങ്കേതിക മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ സി ഇ ഒമാരില്‍ ഒരാളായും അവര്‍ അംഗീകാരം നേടിയിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉള്ളാള്‍ സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും സാന്താ ക്ലാര യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും നേടി.
