പോര്‍ബന്ദറില്‍ നിന്ന് മസ്‌ക്കത്തിലേക്ക് ഇന്ത്യയുടെ അഞ്ചാം നൂറ്റാണ്ടിലെ പുരാതന കപ്പല്‍ യാത്ര പുറപ്പെട്ടു

പോര്‍ബന്ദറില്‍ നിന്ന് മസ്‌ക്കത്തിലേക്ക് ഇന്ത്യയുടെ അഞ്ചാം നൂറ്റാണ്ടിലെ പുരാതന കപ്പല്‍ യാത്ര പുറപ്പെട്ടു


പോര്‍ബന്ദര്‍: അത്യാധുനിക വിമാനവാഹിനികള്‍, സബ്മറീനുകള്‍, യുദ്ധക്കപ്പലുകള്‍ എന്നിവയാല്‍ പ്രശസ്തമായ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ അഭിമാനമായി അഞ്ചാം നൂറ്റാണ്ടിലെ പുരാതന കപ്പല്‍ കൂടി. ആധുനിക സാങ്കേതികവിദ്യകള്‍ ഒന്നും ഉപയോഗിക്കാതെ പൂര്‍ണമായും പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ നാവിക സെയിലിംഗ് വെസല്‍ (ഐ എന്‍ എസ് വി) കൗണ്ടിന്യ ഡിസംബര്‍ 29ന് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്ന് ഒമാനിലെ മസ്‌കറ്റിലേക്കുള്ള ആദ്യ യാത്ര പുറപ്പെട്ടു. 'സ്ലംഡോഗ് മില്ലിയണെയര്‍' ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനം നാവികസേനാ ബാന്‍ഡ് ആലപിക്കുന്നതിനിടെയാണ് കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചത്. 

ഈ സംരംഭത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ സമ്പന്നമായ സമുദ്രപരമ്പരകളെ ഈ കപ്പല്‍ പ്രകാശിപ്പിക്കുന്നതായി പറഞ്ഞു.

പോര്‍ബന്ദറില്‍ നിന്ന് ഒമാനിലെ മസ്‌കറ്റിലേക്കുള്ള ഐ എന്‍ എസ് വി കൗണ്ടിന്യയുടെ ആദ്യ യാത്ര കാണുന്നത് അത്യന്തം സന്തോഷകരമാണെന്നും പുരാതന ഇന്ത്യന്‍ 'സ്റ്റിച്ച്ഡ്-ഷിപ്പ്' സാങ്കേതികത ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കപ്പല്‍ ഇന്ത്യയുടെ സമ്പന്നമായ സമുദ്രപരമ്പരകളെ ഉയര്‍ത്തിക്കാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അപൂര്‍വ കപ്പലിനെ സാക്ഷാത്കരിക്കാന്‍ പരിശ്രമിച്ച ഡിസൈനര്‍മാര്‍, ശില്‍പികള്‍, കപ്പല്‍ നിര്‍മ്മാതാക്കള്‍, ഇന്ത്യന്‍ നാവികസേന എന്നിവരെ അഭിനന്ദിക്കുന്നതായും ഗള്‍ഫ് മേഖലയുമായും അതിനപ്പുറത്തേക്കുമുള്ള ഇന്ത്യയുടെ ചരിത്രബന്ധങ്ങളെ പുനര്‍അനുഭവിക്കുന്ന ഈ യാത്ര സുരക്ഷിതവും സ്മരണീയവുമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അജന്താ ഗുഹാചിത്രങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ കപ്പലിനെ ആസ്പദമാക്കിയാണ് ഐ എന്‍ എസ് വി കൗണ്ടിന്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2023 ജൂലൈയില്‍ സാംസ്‌കാരിക മന്ത്രാലയം, ഇന്ത്യന്‍ നാവികസേന, ഹോഡി ഇന്നൊവേഷന്‍സ് എന്നിവര്‍ക്കിടയിലെ ത്രിപക്ഷ കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. സാംസ്‌കാരിക മന്ത്രാലയമാണ് ധനസഹായം നല്‍കിയത്.

പുരാതന കാലത്ത് ഇന്ത്യയില്‍ നിന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേക്കു കടല്‍യാത്ര നടത്തിയതായ വിശ്വാസിക്കപ്പെടുന്ന ഇതിഹാസ നാവികനായ കൗണ്ടിന്യയുടെ പേരിലാണ് കപ്പല്‍ നാമകരണം ചെയ്തത്. ഇതിലൂടെ ഇന്ത്യയുടെ ചരിത്രപരമായ സമുദ്ര പൈതൃകം കപ്പല്‍ പ്രതിഫലിപ്പിക്കുന്നു.

കപ്പലിലെ പായകളില്‍ ഗണ്ഡഭേരുണ്ടയും സൂര്യനേയും അടയാളങ്ങളായി പതിപ്പിച്ചിട്ടുണ്ട്. മുന്നില്‍ ശില്‍പ സിംഹയാളി, ഡെക്കില്‍ ഹാരപ്പന്‍ ശൈലിയിലുള്ള കല്ല് നങ്കൂരം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെയും ഇന്ത്യയുടെ സമ്പന്നമായ കടല്‍യാത്രാ പാരമ്പര്യത്തെ ആഘോഷിക്കുന്ന ഘടകങ്ങളാണ്.

പുരാതന രീതിയില്‍ നിര്‍മ്മിച്ച കപ്പലില്‍ ഒമാനിലേക്കുള്ള യാത്ര എളുപ്പമാകില്ല. ആധുനിക സാങ്കേതികവിദ്യകള്‍ ഒഴിവാക്കി പരമ്പരാഗത കപ്പല്‍ നിര്‍മ്മാണ രീതികള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

പുരാതന 'സ്റ്റിച്ച്ഡ്' കപ്പല്‍ പുനര്‍നിര്‍മിക്കാനുള്ള ആശയത്തിന് മുന്‍കൈയെടുത്ത പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗമായ സഞ്ജീവ് സന്യാല്‍ കപ്പലിലെ ജീവിതത്തിന്റെ ഒരു ദൃശ്യവും പങ്കുവച്ചു. സുരക്ഷയ്ക്കും ആശയ വിനിമയത്തിനുമുള്ള സംവിധാനങ്ങള്‍ ഒഴികെ ആധുനിക സൗകര്യങ്ങള്‍ വളരെ കുറവാണ്. ഡെക്കിന് കീഴില്‍ കാബിനുകളില്ല; സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇരുണ്ട സംഭരണകൂടം മാത്രമാണുള്ളത്. മിക്കവാറും തങ്ങള്‍ തുറന്ന ഡെക്കില്‍ സ്ലീപിംഗ് ബാഗുകളിലാണ് ഉറങ്ങുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

ഭക്ഷണത്തെക്കുറിച്ച് സന്യാല്‍ പറഞ്ഞത് ആദ്യ 56 ദിവസം മതിയാകുന്നത്ര പുതിയ പച്ചക്കറികള്‍ കരുതിയിട്ടുണ്ട്. തുടര്‍ന്ന് ഉണക്ക റേഷനും പിടിക്കുന്ന മീനും തന്നെയാണ് ആശ്രയം. കുടിക്കാനും പാചകത്തിനും കഴുകാനും ഉള്‍പ്പെടെ ഒരാള്‍ക്ക് പ്രതിദിനം നാലര ലിറ്റര്‍ വെള്ളം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 

ഇന്ത്യയ്ക്ക് ഈ യാത്ര ഒരു സോഫ്റ്റ് പവര്‍ സംരംഭം കൂടിയാണ്. പുരാതന കിഴക്ക്- പടിഞ്ഞാറ് വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് ഉയര്‍ത്തിക്കാട്ടുകയും ചൈനയുടെ 'സില്‍ക്ക് റോഡ്' കാരവാനുകള്‍ മാത്രമാണ് ആധിപത്യം പുലര്‍ത്തിയിരുന്നതെന്ന പൊതുധാരണയെ ചോദ്യം ചെയ്യുകയും ചെയ്യുകയാണ് ലക്ഷ്യം.

ഇന്ത്യക്കാര്‍ മഹാനാവികരല്ലായിരുന്നുവെന്നോ ചോള കാലഘട്ടത്തിലെ ചില പ്രശസ്ത യാത്രകള്‍ ഒഴികെ പുരാതന ഇന്ത്യ വലിയ കടല്‍ യാത്രകള്‍ നടത്തിയില്ലെന്നോ ഉള്ള നിലപാടുകളെയും ഈ യാത്ര വെല്ലുവിളിക്കുന്നു.