ആക്രമിച്ചാല്‍ കടുത്ത തിരിച്ചടിനല്‍കും; ട്രംപിന്റെ ഭീഷണിക്കെതിരെ മുന്നറിയിപ്പുമായി ഇറാന്‍

ആക്രമിച്ചാല്‍ കടുത്ത തിരിച്ചടിനല്‍കും; ട്രംപിന്റെ ഭീഷണിക്കെതിരെ മുന്നറിയിപ്പുമായി ഇറാന്‍


ടെഹ്‌റാന്‍ : ഇറാനെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ഉടന്‍തന്നെ കഠിനമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആണവ പദ്ധതിയെ 'പൂര്‍ണമായും ഇല്ലാതാക്കുമെന്ന്' അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

സുപ്രീം ലീഡര്‍ ആയത്തുല്ല അലി ഖാമെനെയുടെ മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാവായ അലി ഷംഖാനി എക്‌സ് (x) പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്. രാജ്യത്തിന്റെ സൈനിക ശക്തി ചര്‍ച്ചകളിലൂടെ നിയന്ത്രിക്കാനോ പരിമിതപ്പെടുത്താനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ ശേഷിയും പ്രതിരോധ സംവിധാനങ്ങളും അനുമതി അടിസ്ഥാനത്തിലുള്ളതല്ലെന്നും, ഏതെങ്കിലും ശത്രുതാപരമായ നടപടിയുണ്ടായാല്‍ അതിന്റെ പ്രതികരണം ആക്രമണകാരികളുടെ കല്‍പ്പനയെ മറികടക്കുമെന്നും ഷംഖാനി പറഞ്ഞു.

ഇറാന്‍ വീണ്ടും ആണവ-മിസൈല്‍ പദ്ധതി പുനരാരംഭിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇറാന്‍ വീണ്ടും ആയുധശേഖരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ അവരെ തകര്‍ക്കും,' ട്രംപ് പറഞ്ഞു.

'അവരെ പൂര്‍ണമായി തകര്‍ക്കും. ശക്തമായ ആക്രമണത്തിന് ഞങ്ങള്‍ പിന്നോട്ടില്ല,' എന്നും ഇറാന്‍ ആണവ ശേഷി വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ ആക്രമണം പിന്തുണയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഏറ്റുമുട്ടലിന് പകരം യുഎസുമായി കരാറിലേക്കാണ് ഇറാന്‍ പോകേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. 'അതാണ് ബുദ്ധിമുട്ടില്ലാത്ത വഴി. മുമ്പ് ഒരു കരാര്‍ ഉണ്ടാക്കാമായിരുന്നു; പക്ഷേ പിന്നീട് വലിയ ആക്രമണത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്,' ട്രംപ് പറഞ്ഞു.