ബാണ്ഡൂപ് സ്‌റ്റേഷനിന് സമീപം ബെസ്റ്റ് ബസ് അപകടം: നാലു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ബാണ്ഡൂപ് സ്‌റ്റേഷനിന് സമീപം ബെസ്റ്റ് ബസ് അപകടം: നാലു മരണം, നിരവധി പേര്‍ക്ക് പരുക്ക്


മുംബൈ: ബാണ്ഡൂപ് ഉപനഗര റെയില്‍വേ സ്‌റ്റേഷനിന് സമീപം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഹാന്‍ മുംബൈ ഇലക്ട്രിക് സപ്‌ളൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട(BEST) ബസ് ബസ് യു ടേണ്‍ എടുക്കുന്നതിനിടെ യാത്രക്കാരുടെ ഇടയിലേക്ക്  ഇടിച്ചു കയറി നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 10.03 ഓടെയാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

അപകടത്തില്‍പ്പെട്ടത് ബെസ്റ്റ് ന്റെ വെറ്റ്‌ലീസ് വിഭാഗത്തിലുള്ള ഒലക്ര (Oletcra) മിഡി ബസാണ്. വിക്രോളി ഡിപ്പോയോട് അനുബന്ധിച്ച A-606 റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഓടിച്ചിരുന്ന 52 വയസ്സുകാരനായ സന്തോഷ് രമേഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് കണ്ടക്ടര്‍ ഭഗവാന്‍ ഭൗ ഘാരെയും ബസിലുണ്ടായിരുന്നുവെന്ന് ബെസ്റ്റ്  അധികൃതര്‍ വ്യക്തമാക്കി.

വിവരം ലഭിച്ച ഉടന്‍ പൊലീസ്, അഗ്‌നിരക്ഷാസേന, ആംബുലന്‍സ്, ബെസ്റ്റ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സ്‌റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ പിന്നോട്ടെടുക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബസുകളുടെ കുറവ് കാരണമാണ് ഇത്തരം മിഡി ബസുകള്‍ ബാണ്ഡൂപ് (പടിഞ്ഞാറ്) സ്‌റ്റേഷന്‍ റൂട്ടുകളില്‍ BEST ഇറക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. 'അതീവ ദുഃഖകരമായ സംഭവം' എന്നാണ് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചത്.