യമനിലെ മുഖല്ല തുറമുഖത്ത് സൗദി ബോംബാക്രമണം; യുഎഇയില്‍ നിന്നെത്തിയ ആയുധക്കപ്പലുകള്‍ ലക്ഷ്യം

യമനിലെ മുഖല്ല തുറമുഖത്ത് സൗദി ബോംബാക്രമണം; യുഎഇയില്‍ നിന്നെത്തിയ ആയുധക്കപ്പലുകള്‍ ലക്ഷ്യം


റിയാദ് : യമനിലെ മുഖല്ല തുറമുഖത്ത് വേര്‍പിരിവ് ശക്തികള്‍ക്ക് വേണ്ടി യുഎഇയില്‍ നിന്ന് ആയുധക്കയറ്റുമതി നടന്നതായി ആരോപിച്ച് സൗദി അറേബ്യ വേ്യാമാക്രമണം നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന മുഖല്ല തുറമുഖത്തിലെ ഡോക്കുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. യുഎഇയുടെ കിഴക്കന്‍ തീരദേശ നഗരമായ ഫുജൈറയില്‍ നിന്നെത്തിയ രണ്ട് കപ്പലുകളിലൂടെയാണ് ആയുധങ്ങളും യുദ്ധവാഹനങ്ങളും എത്തിച്ചതെന്ന് സൗദി സഖ്യസേന വ്യക്തമാക്കി.

സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ പ്രസിദ്ധീകരിച്ച സൈനിക പ്രസ്താവന പ്രകാരം, സഖ്യസേനയുടെ അനുമതിയില്ലാതെയാണ് കപ്പലുകള്‍ തുറമുഖത്ത് പ്രവേശിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി മുഖല്ലയിലെത്തിയ കപ്പലുകള്‍ ട്രാക്കിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി ആയുധങ്ങള്‍ ഇറക്കിയതായും, ഇവ ദക്ഷിണ യമനില്‍ സ്വയംഭരണം ആവശ്യപ്പെടുന്ന സൗതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന് (STC) പിന്തുണ നല്‍കുന്നതിനായിരുന്നുവെന്നും സഖ്യസേന ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയായ സാഹചര്യത്തിലാണ് 'പരിമിത സൈനിക നടപടി' സ്വീകരിച്ചതെന്ന് സൗദി വിശദീകരിച്ചു.

മുഖല്ല തുറമുഖത്ത് ആയുധങ്ങള്‍ ഇറക്കിയ ഡോക്ക് പ്രദേശമാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റോയിട്ടേഴ്‌സിനോട് സംസാരിച്ച രണ്ട് വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് സൗദി സഖ്യസേനയുടെ അവകാശവാദം. വിഷയത്തില്‍ യുഎഇയുടെ ഭാഗത്ത് നിന്ന് ഉടന്‍ പ്രതികരണമുണ്ടായിട്ടില്ല.

ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ക്കെതിരായ 2015ലെ സൗദി നേതൃത്വത്തിലുള്ള സൈനിക ഇടപെടലില്‍ ടഠഇ ആദ്യം സഖ്യകക്ഷിയായിരുന്നെങ്കിലും പിന്നീട് ദക്ഷിണ യമനില്‍ സ്വയംഭരണം ലക്ഷ്യമാക്കി നിലപാട് മാറ്റുകയായിരുന്നു. 2022ല്‍ സൗദി പിന്തുണയുള്ള അധികാരപങ്കിടല്‍ ധാരണയുടെ ഭാഗമായി ഹൂത്തി നിയന്ത്രണത്തിന് പുറത്തുള്ള ദക്ഷിണ മേഖലകളില്‍ ടഠഇ ഉള്‍പ്പെടുന്ന സഖ്യം രൂപംകൊണ്ടിരുന്നു. നിലവില്‍ യുഎഇ പിന്തുണയുള്ള ശക്തികള്‍ സൗദി അതിര്‍ത്തിയോട് ചേര്‍ന്ന ഹദ്രമൗത്ത് പ്രവിശ്യ അടക്കം ദക്ഷിണ യമനിലെ വ്യാപക പ്രദേശങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.

യമനിലെ നിയമാനുസൃത സര്‍ക്കാരുമായുള്ള ഏകോപനമില്ലാതെ ഏതെങ്കിലും രാജ്യങ്ങള്‍ ഏതെങ്കിലും യമനി വിഭാഗങ്ങള്‍ക്ക് സൈനിക സഹായം നല്‍കുന്നത് തടയുമെന്നും സഖ്യസേന മുന്നറിയിപ്പ് നല്‍കി. മുഖല്ലയിലെ ആക്രമണം സൗദിയും യുഎഇയും പിന്തുണക്കുന്ന ശക്തികള്‍ തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്നുവെന്ന വിലയിരുത്തലും ശക്തമാണ്.