ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു


ധാക്ക: ബംഗ്ലാദേശില്‍ മറ്റൊരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൈമന്‍സിംഗ് ജില്ലയിലെ ഭാലുക അന്‍സാര്‍ സേനാംഗമായ ബജേന്ദ്ര ബിസ്വാസ് (40) ആണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നോമന്‍ മിയ എന്ന പ്രതിയെ അധികൃതര്‍ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബംഗ്ലാദേശ് ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സിലിന്റെ ആക്ടിംഗ് സെക്രട്ടറി ജനറല്‍ മോനിന്ദ്ര നാഥ് ഈ വിവരം വാര്‍ത്താ ഏജന്‍സി എ എന്‍ ഐയോട് സ്ഥിരീകരിച്ചു.

ഡിസംബര്‍ 24ന് ബുധനാഴ്ച രാത്രി രാജ്ബാരി ജില്ലയിലെ പാംഗ്ഷയില്‍ 29 വയസുള്ള അമൃത മണ്ടല്‍ എന്ന സാമ്രാട് നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടിരുന്നു. രാത്രി ഏകദേശം 11 മണിയോടെ ഹൊസൈന്‍ദംഗ ഓള്‍ഡ് മാര്‍ക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. പാംഗ്ഷ മോഡല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഷെയ്ഖ് മൊയ്‌നുല്‍ ഇസ്ലാം പറയുന്നതു പ്രകാരം സാമ്രാട് ബാഹിനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കുറ്റകൃത്യ സംഘത്തിന്റെ നേതാവായിരുന്നു അമൃത. ഹൊസൈന്‍ദംഗ ഗ്രാമവാസിയായ അക്ഷയ് മണ്ടലിന്റെ മകനാണ് ഇയാള്‍.

പ്രാദേശിക അധികാരികള്‍ അറിയിച്ചതനുസരിച്ച് അമൃതിന്റെ കൂട്ടാളികളിലൊരാളായ സലിം ഷെയ്ഖിനെ നാട്ടുകാര്‍ പിടികൂടി. ഇയാളുടെ കൈവശം രണ്ട് തോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. പാംഗ്ഷയിലെ ബോസകുഷ്തിയ ഗ്രാമവാസിയായ സലിം, ഇസ്ലാം ഷെയ്ഖിന്റെ മകനാണ്. പൊലീസ്- പ്രാദേശിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് അമൃത തന്റെ പേരില്‍ ഒരു ആയുധധാരിസംഘം രൂപീകരിക്കുകയും പ്രദേശത്ത് പിരിവെടുപ്പും മറ്റ് കുറ്റകൃത്യങ്ങളും നടത്തുകയും ചെയ്തിരുന്നു. അവാമി ലീഗ് സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ അവിടെ നിന്നു തന്നെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിച്ചുവെന്നും അടുത്തിടെ വീണ്ടും പ്രദേശത്ത് തിരിച്ചെത്തിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവ രാത്രിയില്‍ പഴയ മാര്‍ക്കറ്റ് പ്രദേശത്തെ ഒരു വീട്ടില്‍ എത്തി അമൃത പണം ആവശ്യപ്പെട്ടതായാണ് ആരോപണം. വീട്ടുടമ വിസമ്മതിച്ചതോടെ പിന്നീട് സംഘാംഗങ്ങള്‍ പോയെങ്കിലും തിരിച്ചുവരികയും വീട്ടുടമയെ കാണാതെ വരികയും ചെയ്തു. തുടര്‍ന്ന് വീട്ടുടമയുടെ മകനെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുടുംബം കള്ളനെന്ന് വിളിച്ചുകൂവിയതോടെ സമീപവാസികള്‍ ഓടിക്കൂടി അമൃതിനെ മര്‍ദ്ദിക്കുകയും സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിക്കുകയുമായിരുന്നു. കൂട്ടാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സലിം നാട്ടുകാരുടെ പിടിയിലായി.

അമൃതിനെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടായിരുന്നുവെന്ന് ഷെയ്ഖ് മൊയ്‌നുല്‍ ഇസ്ലാം സ്ഥിരീകരിച്ചു. കൂട്ടാളിയായ സലിം പിസ്റ്റളും ഒറ്റവെടി തോക്കും സഹിതം അറസ്റ്റിലായി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പറഞ്ഞു.