സിഖ് മതവുമായി തന്റെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്ന് ഹോളിവുഡ് താരം ഡികാപ്രിയോ

സിഖ് മതവുമായി തന്റെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്ന് ഹോളിവുഡ് താരം ഡികാപ്രിയോ


ലോസ്ഏഞ്ചലസ്: ഹോളിവുഡ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിയനാര്‍ഡോ ഡികാപ്രിയോ തന്റെ കുടുംബത്തിന് സിഖ് മതവുമായി അടുത്ത ബന്ധമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. തന്റെ രണ്ടാനമ്മയായ പെഗ്ഗി ഡികാപ്രിയോ സിഖ് മതവിശ്വാസിയാണെന്നും അവര്‍ അമൃതധാരി സിഖായി ജീവിതം നയിക്കുന്നുവെന്നും ഡികാപ്രിയോ വ്യക്തമാക്കി.

ഓസ്‌കര്‍ ജേതാവായ ഡികാപ്രിയോ കാലിഫോര്‍ണിയയിലെ കൗണ്ടര്‍കള്‍ച്ചര്‍ കലാരംഗവുമായി ബന്ധമുള്ള കോമിക് ആര്‍ട്ടിസ്റ്റ് ജോര്‍ജ് ഡികാപ്രിയോയുടേയും ഇര്‍മലിന്‍ ഇന്‍ഡന്‍ബിര്‍ക്കന്റേയും മകനായാണ് ജനിച്ചത്. ഒരു വയസ്സ് പ്രായമായിരിക്കെ മാതാപിതാക്കള്‍ വേര്‍പിരിയുകയായിരുന്നു.

1995-ല്‍ ജോര്‍ജ് ഡികാപ്രിയോ പെഗ്ഗി ആന്‍ ഫാരറിനെ വിവാഹം കഴിച്ചു. ഇതോടെയാണ് പെഗ്ഗി ഡികാപ്രിയോയുടെ രണ്ടാനമ്മയായത്. അദ്ദേഹത്തിന്റെ അര്‍ധ സഹോദരന്‍ ആഡം ഫാരറിന്റെ മാതാവാണ് പെഗ്ഗി. 

നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെഗ്ഗി അമൃതധാരി സിഖാണ്. തലയില്‍ ദസ്താര്‍ ധരിച്ചും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും അവരെ പലപ്പോഴും കാണാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെഗ്ഗി സിഖ് മതം സ്വീകരിച്ചതെന്നും തുടര്‍ന്ന് തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ് ദസ്താര്‍ ധരിക്കാന്‍ ആരംഭിച്ചതെന്നും പറയുന്നു.

തന്റെ വളര്‍ച്ച, മാതാപിതാക്കള്‍, അവരുടെ സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കവെ ഡികാപ്രിയോ പറഞ്ഞത് തന്റെ രണ്ടാനമ്മ ഒരു സിഖുകാരിയാണെന്നും തന്റെ അച്ഛന്‍ ഹിപ്പി കൗണ്ടര്‍കള്‍ച്ചറുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ള ആളാണെന്നും അദ്ദേഹം സാന്‍ ഫ്രാന്‍സിസ്‌കോയിലും ലോസ് ഏഞ്ചലസിലുമാണ് വളര്‍ന്നതെന്നും 1970കളിലെ ലോസ് ഏഞ്ചലസിലെ അണ്ടര്‍ഗ്രൗണ്ട് ആര്‍ട്ട് മൂവ്‌മെന്റുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നുമാണ്. 

ഡികാപ്രിയോയുടെ ഈ സിഖ് ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ സിഖ് സമൂഹത്തിലും ഇന്ത്യന്‍ സമൂഹത്തിലും വലിയ അംഗീകാരം നേടി. പ്രശസ്ത ഇന്ത്യന്‍ ഗായകന്‍ മിക്കാ സിംഗ് എക്സ് പ്ലാറ്റ്ഫോമില്‍ ഇത് സിഖുകാര്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണെന്ന് കുറിച്ചു.

അതേസമയം, 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവവും ഡികാപ്രിയോ ഓര്‍മ്മിപ്പിച്ചു. തന്റെ സഹനടന്‍ ബ്രാഡ് പിറ്റ്, ഡികാപ്രിയോയുടെ അച്ഛനെയും രണ്ടാനമ്മയേയും കണ്ടപ്പോള്‍ അവര്‍ സിനിമയുടെ പശ്ചാത്തല അഭിനേതാക്കളാണെന്ന് ആദ്യം തെറ്റിദ്ധരിച്ചതായാണ് ഡികാപ്രിയോ പറഞ്ഞത്. പിന്നീട് അതാണ് അവരുടെ സാധാരണ വേഷമെന്ന് മനസ്സിലായതെന്നും അപ്പോള്‍ ബ്രാഡ് പിറ്റിന് അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ഡികാപ്രിയോയുടെ അര്‍ധ സഹോദരനായ ആഡം ഫാരറിന്റെ ഐഎംഡിബി ജീവചരിത്രം അനുസരിച്ച്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അന്തരിച്ച യോഗി ഭജനിന്റെ അനുയായികളായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.