വാഷിംഗ്ടണ്‍/ കാരക്കാസ്: ഈ മാസം ആദ്യം വെനസ്വേലന്‍ തീരദേശത്തെ ഒരു തുറമുഖത്ത് സി ഐ എ ഡ്രോണ്‍ ആക്രമണം നടത്തിയതായി സ്രോതസ്സുകളെ ഉദ്ധരിച്ച് സി ഐ എ റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേലയ്ക്കകത്തെ ഒരു ലക്ഷ്യസ്ഥാനത്ത് യു എസ് ആക്രമണം നടത്തുന്നത് ഇതാദ്യമായാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഈ ആക്രമണം, വെനസ്വേലന്‍ കുറ്റവാളി സംഘമായ ട്രെന് ഡി അരാഗ്വ മയക്കുമരുന്നുകള്‍ സൂക്ഷിക്കാനും ബോട്ടുകളിലേക്ക് കയറ്റി കടത്താനുമായി ഉപയോഗിച്ചിരുന്നുവെന്ന് യു എസ് സര്‍ക്കാര്‍ വിശ്വസിക്കുന്ന തീരദേശത്ത് സ്ഥിതി ചെയ്യുന്ന ഡോക്കിനെയാണ് ലക്ഷ്യമിട്ടത്. ആക്രമണസമയത്ത് അവിടെ ആളുകള്‍ ഇല്ലായിരുന്നതിനാല്‍ ആളപായമുണ്ടായിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ട് വൃത്തങ്ങള്‍ യു എസ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സേന ഈ ദൗത്യത്തിന് രഹസ്യാന്വേഷണ പിന്തുണ നല്‍കിയതായി പറഞ്ഞെങ്കിലും യു എസ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് വക്താവ് കേണല്‍ അലീ വൈസ്കോഫ് ഇത് നിഷേധിച്ചു. ഓപ്പറേഷനില്‍, രഹസ്യാന്വേഷണ പിന്തുണ ഉള്‍പ്പെടെ, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് പങ്കെടുത്തിട്ടില്ലെന്നാണ് എന്നാണ് അവരുടെ പ്രതികരണം.
കഴിഞ്ഞ ആഴ്ച നല്കിയ ഒരു അഭിമുഖത്തിലൂടെയാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഈ ആക്രമണം ആദ്യമായി പരോക്ഷമായി അംഗീകരിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, തിങ്കളാഴ്ച നേരിട്ട് ചോദിച്ചപ്പോഴും അദ്ദേഹം കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
ഈ ആക്രമണം വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുമായി യു എസിന് ഉള്ള സംഘര്‍ഷം ഗണ്യമായി വര്‍ധിപ്പിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മദൂറോ അധികാരം ഒഴിയണമെന്ന് ലക്ഷ്യമിട്ട് ശക്തമായ സൈനിക സമ്മര്‍ദ്ദമാണ് യു എസ് തുടരുന്നത്.
മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും 30-ലധികം ബോട്ടുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്. വെനസ്വേലയിലേക്ക് എത്തുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ വിലക്കപ്പെട്ട എണ്ണക്കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനും ട്രംപ് ഉത്തരവിട്ടിരുന്നു. വെനസ്വേലക്കകത്ത് ആക്രമണം നടത്തുമെന്ന് ട്രംപ് മുന്‍പ് പലതവണ ഭീഷണി മുഴക്കിയിരുന്നുവെങ്കിലും ഈ മാസത്തെ സി ഐ എ ആക്രമണം വരെ അന്താരാഷ്ട്ര ജലങ്ങളില്‍ സംശയിക്കപ്പെട്ട മയക്കുമരുന്ന് കടത്ത് ബോട്ടുകള്‍ക്കെതിരായ ആക്രമണങ്ങളാണ് യു എസ് നടത്തിയിരുന്നത്.
വെള്ളിയാഴ്ച നല്കിയ അഭിമുഖത്തില്‍ കപ്പലുകള്‍ വരുന്ന ഒരു വലിയ കേന്ദ്രം യു എസ് തകര്‍ത്തുവെന്ന് ട്രംപ് സമ്മതിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും ചോദിച്ചപ്പോള്‍ മയക്കുമരുന്ന് കയറ്റുന്ന ഡോക്ക് പ്രദേശത്താണ് ആക്രമണം നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഇത് സൈന്യം നടത്തിയതാണോ സി ഐ എയാണോ എന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല.
ആക്രമണം വിജയകരമായിരുന്നെങ്കിലും വെനസ്വേലയില്‍ നിന്ന് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്ന അനേകം തുറമുഖങ്ങളിലൊന്നാണ് ഇത് എന്നതിനാല്‍ പ്രതീകാത്മകമായ നടപടിയായി മാത്രമേ ഇതിനെ കാണാനാകൂ എ്ന്നാണ് ചില വൃത്തങ്ങള്‍ നല്കുന്ന സൂചന. ആക്രമണം രാജ്യത്തിനകത്തുതന്നെ വലിയ ശ്രദ്ധ നേടുകയും ചെയ്തില്ല.
ഈ വര്‍ഷം ആദ്യം ലാറ്റിന്‍ അമേരിക്കയില്‍ വെനസ്വേലയ്ക്കകത്തടക്കം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സി ഐ എയുടെ അധികാരങ്ങള്‍ ട്രംപ് വിപുലീകരിച്ചതായി സി എന്‍ എന്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അന്നും യു എസ് സൈന്യത്തിന് കടലില്‍ മാത്രം സംശയിക്കപ്പെട്ട കടത്തുകാരെ ലക്ഷ്യമിടാനുള്ള നിയമാനുമതിയായിരുന്നു ഉണ്ടായിരുന്നത്. കരയില്‍ ആക്രമണം നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല.
വെനസ്വേലയിലെ ഈ സൈനിക ക്യാംപെയ്നിന് യു എസ് വ്യത്യസ്ത വിശദീകരണങ്ങളാണ് നല്‍കുന്നത്. മയക്കുമരുന്ന് വിരുദ്ധ നടപടികളാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് വാനിറ്റി ഫെയര്‍ മാസികയോട് ബോട്ട് ആക്രമണങ്ങള്‍ മദൂറോയെ മുട്ടുകുത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മദൂറോ അധികാരം ഒഴിയാനുള്ള യാതൊരു സൂചനയും നല്‍കിയിട്ടില്ല.
ആഗോള ഭീകരവിരുദ്ധ യുദ്ധകാലത്ത് ഭീകരരെ വേട്ടയാടാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ പോലെ തന്നെയാണ് ഇനി മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിടുകയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ്ഹെഗ്സെത്ത് മയക്കുമരുന്ന് കടത്തുകാരെ അല്‍ഖായിദയുമായി താരതമ്യം ചെയ്തതും ശ്രദ്ധേയമാണ്.
