ന്യൂയോര്‍ക്ക് : ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിവാദമായ ജെഫ്രി എപ്സ്റ്റീന്‍ കേസിലെ ഫയലുകള്‍ പുറത്തുവിടുന്നത് തടയാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടതായി റിപ്പബ്ലിക്കന്‍ നേതാവും മുന്‍ കോണ്‍ഗ്രസ് അംഗവുമായ മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപുമായുള്ള തുറന്ന ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ ഗ്രീന്‍ പുറത്തുവിട്ടത്.
എപ്സ്റ്റീന്‍ കേസില്‍ ഉള്‍പ്പെട്ട ശക്തരായ വ്യക്തികളുടെ പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ക്യാപിറ്റോള്‍ ഹില്ലില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ട്രംപ് ഫോണിലൂടെ കടുത്ത അസന്തോഷം അറിയിച്ചതെന്ന് ഗ്രീന്‍ പറഞ്ഞു. സ്പീക്കര്‍ഫോണിലായിരുന്ന സംഭാഷണത്തിനിടെ ട്രംപ് നിലവിളിച്ചുകൊണ്ട്, 'എന്റെ സുഹൃത്തുകള്‍ക്ക് കേടുപാടുണ്ടാകും' എന്ന് പറഞ്ഞതായാണ് ഗ്രീന്റെ വെളിപ്പെടുത്തല്‍.
എപ്സ്റ്റീന്‍ കേസിലെ ഇരകളെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അവര്‍ക്ക് അത്തരം 'ബഹുമതി അര്‍ഹതയില്ല' എന്നാണ് ട്രംപ് പ്രതികരിച്ചതെന്നും ഗ്രീന്‍ പറഞ്ഞു. അതോടെയാണ് ട്രംപുമായുള്ള ബന്ധം പൂര്‍ണമായി അവസാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
എപ്സ്റ്റീന്‍ ഫയലുകളുടെ കൈകാര്യം വാഷിംഗ്ടണിലെ അധികാരരാഷ്ട്രീയത്തിന്റെ ഏറ്റവും മോശം ഉദാഹരണമാണെന്ന് ഗ്രീന്‍ വിമര്‍ശിച്ചു. 'സമ്പന്നരും ശക്തരുമായ ചിലര്‍ ഭീകരമായ കുറ്റങ്ങള്‍ ചെയ്തിട്ടും ശിക്ഷയില്ലാതെ രക്ഷപ്പെടുന്നു. ഇവിടെ യഥാര്‍ത്ഥ ഇരകള്‍ സ്ത്രീകളാണ്,' എന്നാണ് അവരുടെ ആരോപണം.
ഇതിനിടെ, എപ്സ്റ്റീന്‍ കേസില്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുടെ പങ്ക് സംശയിക്കപ്പെടേണ്ടതുണ്ടെന്ന നിലപാടും ഗ്രീന്‍ ആവര്‍ത്തിച്ചു. ഒരു സിഎന്‍എന്‍ അഭിമുഖത്തില്‍, 'ജെഫ്രി എപ്സ്റ്റീന്‍ ഇസ്രായേലിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നോ എന്നതാണ് ചോദിക്കേണ്ട യഥാര്‍ത്ഥ ചോദ്യം' എന്നാണ് അവര്‍ പറഞ്ഞത്. താന്‍ എഐപിഎസിന്റെയോ മറ്റ് പ്രത്യേക താല്‍പര്യ ഗ്രൂപ്പുകളുടെയോ പണം സ്വീകരിക്കുന്നില്ലെന്നും ഗ്രീന്‍ അവകാശപ്പെട്ടു. ഈ പരാമര്‍ശം അവതാരക ഡാന ബാഷിനെ അസ്വസ്ഥയാക്കിയതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
അതേസമയം, ഡാന ബാഷിന്റെ മുന്‍ ഭര്‍ത്താവും മുന്‍ സിഐഎ ഉദ്യോഗസ്ഥനുമായ ജെറമി ബാഷ്, എപ്സ്റ്റീന്‍ വീട്ടില്‍ താമസിച്ചിരുന്ന ഇസ്രായേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ യോണി കോറനുമായി ബന്ധത്തിലുണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പിന്നീട് അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പുറത്തുവന്നിരുന്നു. എപ്സ്റ്റീന്‍ കലണ്ടറും ഡ്രോപ്‌സൈറ്റ് ന്യൂസ് നടത്തിയ അന്വേഷണവും ഇതിന് തെളിവാകുന്നു.
ട്രംപുമായി പിരിഞ്ഞതിന് പിന്നാലെ, 'മാര്‍ജോറി ട്രെയിറ്റര്‍ ഗ്രീന്‍' എന്ന ട്രംപ് നല്‍കിയ വിളിപ്പേരുപയോഗിച്ച് മകനു നേരെ വധഭീഷണി ഉള്‍പ്പെട്ട ഇമെയില്‍ ലഭിച്ചതായും ഗ്രീന്‍ വെളിപ്പെടുത്തി. വിഷയം ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തുവെങ്കിലും, മറുപടിയില്‍ മകനെക്കുറിച്ച് പരാമര്‍ശിക്കാതെ അധിക്ഷേപങ്ങള്‍ നിറഞ്ഞ സന്ദേശമാണ് ലഭിച്ചതെന്നും ഗ്രീന്‍ പറഞ്ഞു. കുട്ടികളെ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, 'നിനക്കുതന്നെയാണ് ഇതിന് കാരണം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണമെന്നുമാണ് ആരോപണം.
ഒരുകാലത്ത് ട്രംപിന്റെ ശക്തമായ പിന്തുണക്കാരിയായിരുന്ന മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍, എപ്സ്റ്റീന്‍ ഫയലുകളെ ചൊല്ലിയുള്ള ഭിന്നതയ്ക്കുശേഷം ട്രംപിന്റെ ഇറാന്‍ വ്യോമാക്രമണങ്ങള്‍ മുതല്‍ ഇസ്രായേല്‍ പിന്തുണ, യുക്രെയ്‌ന് സഹായം, യുഎസ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ വരെ പല വിഷയങ്ങളിലും തുറന്ന എതിര്‍പ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
എന്റെ സുഹൃത്തുകള്‍ക്ക് കേടുപാടുണ്ടാകും': എപ്സ്റ്റീന്‍ ഫയലുകള്‍ മറയ്ക്കാന്‍ ട്രംപ് ശ്രമിച്ചതായി മാര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍
