ടെഹ്‌റാന്‍: അമേരിക്കന്‍ ഡോളറിനെതിരെ ഇറാന്റെ കറന്‍സി റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ രാജിവച്ചതോടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ടു.
സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫര്‍സിന്‍ രാജിവച്ചതായി സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ടെഹ്‌റാന്റെ ഡൗണ്‍ടൗണിലെ സാദി സ്ട്രീറ്റിലും പ്രധാന ഗ്രാന്‍ഡ് ബസാറിനടുത്തുള്ള ഷൂഷ് മേഖലയിലും വ്യാപാരികളും കടയുടമകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. 1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബസാര്‍ വ്യാപാരികളുടെ പങ്കാളിത്തം പ്രതിഷേധങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി.
സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പ്രതിഷേധങ്ങള്‍ സ്ഥിരീകരിച്ചു. ഇസ്ഫഹാന്‍, ഷിറാസ്, മഷ്ഹദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാന പ്രതിഷേധങ്ങള്‍ നടന്നതായി സാക്ഷികള്‍ അറിയിച്ചു. ടെഹ്‌റാനിലെ ചില പ്രദേശങ്ങളില്‍ പ്രതിഷേധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
2022-ല്‍ പൊലീസ് കസ്റ്റഡിയില്‍ 22 വയസ്സുകാരിയായ മഹ്‌സ ജിന അമിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങളാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
അസോസിയേറ്റഡ് പ്രസിനോട് സംസാരിച്ച വ്യാപാരികള്‍ തിങ്കളാഴ്ച കടകള്‍ അടച്ച് മറ്റുള്ളവരോടും അതേപോലെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ചില കടകള്‍ തുറന്നിരുന്നെങ്കിലും വ്യാപാര പ്രവര്‍ത്തനം പലിടങ്ങളിലും നിര്‍ത്തിവച്ചതായി അര്‍ധ ഔദ്യോഗിക ഐ എല്‍ എന്‍ എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഡൗണ്‍ടൗണ്‍ ടെഹ്‌റാനിലെ രണ്ട് പ്രധാന മൊബൈല്‍ മാര്‍ക്കറ്റുകളിലൊതുങ്ങിയിരുന്ന പ്രതിഷേധങ്ങള്‍ തിങ്കളാഴ്ച വ്യാപകമായി.
ഞായറാഴ്ച ഇറാനിയന്‍ റിയാല്‍ ഡോളറിന് 14.2 ലക്ഷം എന്ന നിലയിലേക്കാണ് തകര്‍ന്നത്. തിങ്കളാഴ്ച അത് 13.8 ലക്ഷമായി വ്യാപാരം നടന്നു. 2022-ല്‍ ഫര്‍സിന്‍ ചുമതലയേറ്റപ്പോള്‍ ഡോളറിന് ഏകദേശം 4.3 ലക്ഷം റിയാലായിരുന്നു നിരക്ക്.
കറന്‍സിയുടെ വേഗത്തിലുള്ള മൂല്യത്തകര്‍ച്ച ഭക്ഷണവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ത്തി കുടുംബബജറ്റുകള്‍ക്ക് കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ്. അടുത്തിടെ നടപ്പാക്കിയ ഇന്ധനവില മാറ്റങ്ങള്‍ ഈ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കു കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഡിസംബറില്‍ പണപ്പെരുപ്പം മുന്‍വര്‍ഷത്തേക്കാള്‍ 42.2 ശതമാനമായി ഉയര്‍ന്നു. നവംബറിനെക്കാള്‍ 1.8 ശതമാനം അധികമാണ് ഇത്. ഭക്ഷണവില 72 ശതമാനവും ആരോഗ്യ- മെഡിക്കല്‍ സാധനങ്ങള്‍ 50 ശതമാനവും ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഹൈപ്പര്‍ ഇന്‍ഫ്‌ളേഷനിലേക്കുള്ള സൂചനയാണെന്ന വിമര്‍ശനവും ശക്തമാണ്.
മാര്‍ച്ച് 21-ന് ആരംഭിക്കുന്ന ഇറാനിയന്‍ പുതുവത്സരത്തില്‍ നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ആശങ്ക വര്‍ധിപ്പിച്ചു.
2015-ലെ ആണവ കരാര്‍ സമയത്ത് ഡോളറിന് 32,000 റിയാല്‍ ആയിരുന്നു കറന്‍സി മൂല്യം. 2018-ല്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയതോടെ അവസ്ഥ മാറി.
ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനു പിന്നാലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയും യു എസ് ഇടപെടല്‍ ഉള്‍പ്പെടുന്ന വലിയ ഏറ്റുമുട്ടലിലേക്കുള്ള ഭീതിയും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭ 'സ്‌നാപ്ബാക്ക്' സംവിധാനത്തിലൂടെ ആണവബന്ധപ്പെട്ട ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയതോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ മരവിപ്പിക്കുകയും ആയുധ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുകയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ശിക്ഷാനടപടികള്‍ വീണ്ടും പ്രാബല്യത്തില്‍ വരികയും ചെയ്തു.
