ഡാലസ് : ഐഎസ് ഭീകരസംഘടനയ്ക്ക് സാമ്പത്തിക സഹായവും ബോംബ് നിര്‍മാണ സാമഗ്രികളും നല്‍കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ടെക്‌സാസ് സ്വദേശിയായ യുവാവിനെ വിചാരണ വരെ കസ്റ്റഡിയില്‍ തുടരാന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു. മിഡ്‌ലോത്തിയന്‍ സ്വദേശിയായ ജോണ്‍ മൈക്കല്‍ ഗാര്‍സ ജൂനിയര്‍ (21) ജാമ്യത്തിലിറങ്ങുന്നത് സമൂഹത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന് കോടതി വിലയിരുത്തി.
ഐഎസിന് നേരിട്ട് സഹായം നല്‍കാന്‍ ശ്രമിച്ചുവെന്ന അന്താരാഷ്ട്ര ഭീകരവാദ കുറ്റമാണ് ഗാര്‍സയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസിലെ ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ച നടന്ന പ്രാഥമിക വാദത്തിനും തടങ്കല്‍ ഹര്‍ജിക്കുമുശേഷമാണ് യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ബ്രയന്‍ മകേ ജാമ്യം നിഷേധിച്ചത്. പ്രതിയെ വിട്ടയച്ചാല്‍ അപകടസാധ്യത കുറയ്ക്കുന്ന തരത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തെളിയിച്ചുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഡിസംബര്‍ 22ന് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഗാര്‍സയെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മധ്യത്തോടെ തുടങ്ങിയ അന്വേഷണത്തില്‍, ഐഎസ് അനുകൂല ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പിന്തുടര്‍ന്നിരുന്ന ഗാര്‍സയുമായി ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ രഹസ്യ ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനായി ബന്ധപ്പെടുകയായിരുന്നു. ഇറാക്കിലെ ഐഎസ് പോരാളിയെന്ന വ്യാജേനയായിരുന്നു ഈ ഇടപെടല്‍.
തുടര്‍ന്നുള്ള ആശയവിനിമയങ്ങളില്‍ ഗാര്‍സ ഐഎസിന്റെ ഔദ്യോഗിക പ്രചാരണ വീഡിയോകള്‍, ആത്മഹത്യാക്രമണ ദൃശ്യങ്ങള്‍, ബോംബ് നിര്‍മാണ പരിശീലന വീഡിയോ എന്നിവ പങ്കുവെച്ചതായും ഐഎസ് ആശയധാരയോട് തന്റെ അനുകൂലത തുറന്നുപറഞ്ഞതായും യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ക്രിപ്‌റ്റോകറന്‍സിയിലൂടെ ചെറുതുകകള്‍-ഓരോ തവണയും ഏകദേശം 20 ഡോളര്‍ വീതം-ഐഎസിന് ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള സഹായമെന്ന വിശ്വാസത്തോടെ അയച്ചതായും പരാതിയില്‍ പറയുന്നു.
ഈ വിവരങ്ങള്‍ ന്യൂയോര്‍ക്ക് പൊലീസ് എഫ്ബിഐയുടെ ഡാലസ് വിഭാഗത്തിന് കൈമാറിയതോടെ അന്വേഷണം ശക്തമാക്കി. തുടര്‍ന്ന് ഡിസംബര്‍ 22ന് ഡാലസിലെ ഒരു പാര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഐഎസിന്റെ 'സഹോദരന്‍' എന്ന വിശ്വാസത്തോടെ പ്രവര്‍ത്തിച്ച രഹസ്യ എഫ്ബിഐ ഏജന്റിന് ഗാര്‍സ അസിറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, സള്‍ഫ്യൂറിക് ആസിഡ് തുടങ്ങിയ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കൈമാറിയെന്നാണ് കേസ്. പിന്നാലെ ബോംബ് നിര്‍മ്മാണ വീഡിയോയും അയച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
ഇതിനുശേഷം ഗാര്‍സയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷം വരെ ഫെഡറല്‍ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
'ഹിംസാപരമായ ആശയധാരകളുമായി ബന്ധപ്പെട്ടു രാജ്യത്ത് ഉയരുന്ന ഭീഷണികള്‍ തടയേണ്ടത് അനിവാര്യമാണ്. വലിയ ദുരന്തമായി മാറാനിടയായ സാഹചര്യമാണ് ഈ ഇടപെടലിലൂടെ ഒഴിവായത്,' നോര്‍ത്ത് ടെക്‌സാസ് യുഎസ് അറ്റോര്‍ണി റയാന്‍ റേബോള്‍ഡ് പറഞ്ഞു.
ഐഎസിന് സഹായം നല്‍കാന്‍ ശ്രമിച്ചെന്ന് ആരോപണം: 21കാരനെ വിചാരണ വരെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവ്
