ബീഗം ഖാലിദ സിയയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അനുശോചിച്ചു

ബീഗം ഖാലിദ സിയയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അനുശോചിച്ചു


ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദാ സിയയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുടുംബത്തെ അനുശോചനം അറിയിച്ചു. ദീര്‍ഘകാല അസുഖത്തെ തുടര്‍ന്ന് 80-ാം വയസ്സില്‍ ഡിസംബര്‍ 30-നാണ് ഖാലിദാ സിയ അന്തരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍പ്പെടുത്തിയ അനുശോചന കത്ത് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ബുധനാഴ്ച ധാക്കയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഖാലിദാ സിയയുടെ മകനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി)യുടെ ആക്ടിംഗ് ചെയര്‍മാനുമായ താരിഖ് റഹ്മാനു കൈമാറി.

ഖാലിദാ സിയയുടെ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരച്ചടങ്ങില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ഡോ. ജയശങ്കര്‍ പങ്കെടുത്തു. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന മയ്യത്ത് നമസ്‌ക്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന്, അന്തരിച്ച ഭര്‍ത്താവായ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെ സമീപത്താണ് ഖാലിദാ സിയയെ സംസ്‌കരിച്ചത്.

ഖാലിദ സിയയുടെ വിയോഗം ആഴത്തിലുള്ള വ്യക്തിപരമായ നഷ്ടമാണെന്ന് അനുശോചന കത്തില്‍ പ്രധാനമന്ത്രി മോഡി വിശേഷിപ്പിച്ചു. 2015-ല്‍ ധാക്കയില്‍ ഖാലിദാ സിയയുമായി നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹം അനുസ്മരിച്ചു. അപൂര്‍വമായ ദൃഢനിശ്ചയവും ആത്മവിശ്വാസവും ഉള്ള നേതാവായിരുന്നു അവരെന്നും ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നുവെന്നും മോഡി വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ- ബംഗ്ലാദേശ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഖാലിദാ സിയ നല്‍കിയ സംഭാവനകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ വേര്‍പാട് ഒരിക്കലും പൂരിപ്പിക്കാനാവാത്ത ശൂന്യത സൃഷ്ടിച്ചാലും അവരുടെ ദര്‍ശനവും പാരമ്പര്യവും നിലനില്‍ക്കുമെന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിവുറ്റ മാര്‍ഗനിര്‍ദേശത്തില്‍ അവരുടെ ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകപ്പെടുകയും ഇന്ത്യയുംബംഗ്ലാദേശും തമ്മിലുള്ള ആഴമേറിയ ചരിത്രബന്ധങ്ങള്‍ കൂടുതല്‍ സമ്പുഷ്ടമാക്കുന്നതിനുള്ള വഴികാട്ടിയായി അത് പ്രവര്‍ത്തിക്കുകയും ചെയ്യും എന്നുറപ്പുണ്ടെന്നും കത്തില്‍ പറഞ്ഞു. ബംഗ്ലാദേശ് ജനതയോടും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. 

സംസ്‌കാരച്ചടങ്ങിന് മുന്‍പ് ധാക്കയിലെത്തിയ ജയശങ്കര്‍ കുറച്ച് മണിക്കൂറുകള്‍ക്കകം മടങ്ങി. ഇന്ത്യയുടെ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള അനുശോചനം താന്‍ കൈമാറിയതായി അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ ഈ സന്ദര്‍ശനം സുപ്രധാനമായതായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യ- ബംഗ്ലാദേശ് ബന്ധങ്ങളില്‍ ചില സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഇതിന്റെ ഭാഗമായി, വ്യാഴാഴ്ച ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ സന്ദര്‍ശിച്ച് അനുശോചന പുസ്തകത്തില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പദ്ധതിയിടുന്നുണ്ട്.

ഏകദേശം 18 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം മകന്‍ താരിഖ് റഹ്മാന്‍ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയതിന് ഒരുദിവസത്തിന് ശേഷമാണ് ഖാലിദാ സിയയുടെ മരണം സംഭവിച്ചത്. മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ കീഴില്‍ 2026 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബി എന്‍ പിയുടെ നിലപാട് ഇതോടെ ശക്തമായതായി വിലയിരുത്തുന്നു. 1991 മുതല്‍ 2006 വരെ മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദാ സിയ, ഷെയ്ഖ് ഹസീനയുമായുള്ള രാഷ്ട്രീയ വൈരാഗ്യത്തിനും ബംഗ്ലാദേശിലെ ജനാധിപത്യ പോരാട്ടങ്ങളിലെ നിര്‍ണായക പങ്കിനും പേരുകേട്ട, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഉയര്‍ന്ന പ്രതിച്ഛായയുള്ള നേതാവായിരുന്നു.