ഖാമനെയുടെ സംവിധാനത്തിന് അന്ത്യം വേണം; തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് ഇറാന്‍ രാജകുമാരന്‍ റേസ പഹ്ലവി

ഖാമനെയുടെ സംവിധാനത്തിന് അന്ത്യം വേണം; തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് ഇറാന്‍ രാജകുമാരന്‍ റേസ പഹ്ലവി


ടെഹ്‌റാന്‍:  ഇറാനില്‍ സാമ്പത്തിക തകര്‍ച്ചയും കടുത്ത നികുതി വര്‍ധനയും ജീവിതച്ചെലവിലെ കുത്തനെ ഉയര്‍ച്ചയും തുടരുന്നതിനിടെ, രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ശക്തിപകരുന്ന നിലപാടുമായി ഇറാന്റെ പ്രവാസ രാജകുമാരന്‍ റേസ പഹ്ലവി രംഗത്ത്. പരമാധികാരിയായ അയത്തൊല്ല ഖാമനെയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസംവിധാനത്തിന്റെ 'പതനം അനിവാര്യമാണെന്ന്' വ്യക്തമാക്കിയ പഹ്ലവി, ജനങ്ങളെ തെരുവിലിറങ്ങി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.

ഡിസംബര്‍ 2025ല്‍ ഇറാനിയന്‍ റിയാല്‍ ഒരു ഡോളറിന് 14.5 ലക്ഷം എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. ഈ വര്‍ഷം ആരംഭിച്ചതിനുശേഷം കറന്‍സിയുടെ മൂല്യം പകുതിയോളം ഇടിഞ്ഞു. ഇതിന് പിന്നാലെ ഭക്ഷ്യവസ്തുക്കള്‍ക്ക് 72 ശതമാനവും മരുന്നുകള്‍ക്ക് 50 ശതമാനവും വിലക്കയറ്റമുണ്ടായതോടെ സാധാരണക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. 2026ലെ ബജറ്റില്‍ 62 ശതമാനം നികുതി വര്‍ധന നിര്‍ദേശിച്ചതും പ്രതിഷേധങ്ങള്‍ക്ക് ഇന്ധനമായി.

ഞായറാഴ്ച ബസാര്‍ വ്യാപാരികള്‍ കടകള്‍ അടച്ച് തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭം ശക്തമായത്. അഹ്‌വാസ്, ഹമദാന്‍, ഖേശം, മഷ്ഹദ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചു. ചില ദൃശ്യങ്ങളില്‍ പഹ്ലവിയുടെ തിരിച്ചുവരവിന് പിന്തുണയുമായി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതും കാണാം.

പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത വീഡിയോ സന്ദേശത്തില്‍ പഹ്ലവി പറഞ്ഞു: 'ബസാര്‍ വ്യാപാരികള്‍ക്കും തെരുവിലിറങ്ങിയ ജനങ്ങള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഈ ഭരണകൂടം അധികാരത്തില്‍ തുടരുന്നിടത്തോളം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകും. ഇന്ന് അതിവിശേഷമായ ഐക്യദാര്‍ഢ്യത്തിന്റെ സമയമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തെരുവിലിറങ്ങി ഈ സംവിധാനത്തിന്റെ പതനം ആവശ്യപ്പെടണം.'

സുരക്ഷാ സേനയോടും നിയമസംരക്ഷണ വിഭാഗങ്ങളോടും അദ്ദേഹം പ്രത്യേക അഭ്യര്‍ത്ഥന നടത്തി. 'ഈ ഭരണകൂടം തകര്‍ച്ചയിലേക്കാണ്. ജനങ്ങളുടെ എതിരാളികളാകരുത്. ജനങ്ങളോടൊപ്പം ചേരുക. നീതി നമ്മുടെ ഭാഗത്താണ്; ഐക്യത്തോടെ ഒരൊറ്റ ശബ്ദത്തില്‍ സംസാരിക്കുന്നതിനാല്‍ വിജയം നമ്മുടേതായിരിക്കും,' പഹ്ലവി പറഞ്ഞു.

1967ല്‍ പിതാവ് മുഹമ്മദ് റേസ ഷായുടെ രാജാഭിഷേക സമയത്ത് ഔദ്യോഗികമായി കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട റേസ പഹ്ലവി, 1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം രാജവംശം പുറത്താക്കപ്പെട്ടതോടെ പ്രവാസ ജീവിതത്തിലേക്ക് തള്ളപ്പെടുകയായിരുന്നു. പിതാവിന്റെ മരണത്തിന് ശേഷം 1981ല്‍ അദ്ദേഹം സ്വയം ഇറാന്റെ രാജാവായി പ്രഖ്യാപിച്ചെങ്കിലും, വര്‍ഷങ്ങളോളം ഇറാനിയന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം പരിമിതമായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുതല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാകുന്ന പഹ്ലവി, ഇപ്പോള്‍ തുറന്നുവെച്ച് ഭരണപരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുകയാണ്.

ഇറാനിലെ വ്യാപക പ്രതിഷേധങ്ങള്‍ ഭരണകൂടത്തിന് കടുത്ത വെല്ലുവിളിയാകുമ്പോള്‍, ഖാമനെയുടെ സംവിധാനത്തിന് യഥാര്‍ത്ഥ മാറ്റം സംഭവിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.