2026ന്റെ ആദ്യ മണിക്കൂറുകളില്‍ ലോകം ആഘോഷത്തില്‍; ട്രംപ് വിദ്വേഷത്തില്‍

2026ന്റെ ആദ്യ മണിക്കൂറുകളില്‍ ലോകം ആഘോഷത്തില്‍; ട്രംപ് വിദ്വേഷത്തില്‍


ലോകം 2026നെ വരവേറ്റത് ആഘോഷങ്ങളുടെയും പ്രതീക്ഷകളുടെയും പ്രകാശത്തില്‍. വിവിധ സമയമേഖലകളിലായി പടക്കങ്ങളും ലൈറ്റ് ഷോകളും സംഗീതവും ചേര്‍ന്ന് പുതുവത്സരാഘോഷങ്ങള്‍ ലോകമെമ്പാടും അരങ്ങേറി. ഇന്ത്യയില്‍ വാരണാസിയിലെ ദശാശ്വമേധ് ഘട്ടില്‍ ഗംഗാ ആരതിയിലും ദീപപ്രകാശത്തിലും വിശ്വാസികള്‍ പുതുവര്‍ഷത്തെ വരവേറ്റു. ബെയ്ജിങ്ങിലെ ജുയോംഗ്വാന്‍ ഗ്രേറ്റ് വാളില്‍ നൃത്തപരിപാടികളും, സിയോളിലെ ജോഗ്യേസാ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും നടന്നു. ജപ്പാനിലെ ഒസാക്കയില്‍ ശിന്റോ ആചാരങ്ങളോടെയും, ഇന്തോനേഷ്യയിലെ ബാലിയില്‍ പരമ്പരാഗത നൃത്തങ്ങളോടെയും പുതുവത്സരം ആഘോഷിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലും ആകാശം പടക്കങ്ങളാല്‍ നിറഞ്ഞു.

അതേസമയം, ലോകം പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2025ന്റെ അവസാന മണിക്കൂറുകള്‍ ആഘോഷത്തിനുപകരം, വിദ്വേഷ പ്രസ്താവനകളില്‍ മുഴുകിയിരിക്കുകയായിരുന്നു. മാര്‍എലാഗോയില്‍ നിന്ന് 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് തന്റെ രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി അധിക്ഷേപിച്ചു. കൊളറാഡോ ഗവര്‍ണര്‍ ജാരഡ് പോലിസിനെയും മെസ കൗണ്ടി ജില്ലാ അറ്റോര്‍ണി ഡാന്‍ റൂബിന്‍സ്റ്റീനെയും ലക്ഷ്യമിട്ട് 'നരകത്തില്‍ ചീഞ്ഞുപോകട്ടെ' എന്നുവരെ പറഞ്ഞ ട്രംപ്, മുന്‍ കൗണ്ടി ക്ലര്‍ക്ക് ടിന പീറ്റേഴ്‌സിന്റെ ശിക്ഷയെ ചോദ്യംചെയ്തുമാണ് ആക്രമണം ശക്തമാക്കിയത്.

ട്രംപിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ച പോലിസ്, പുതുവര്‍ഷത്തില്‍ ട്രംപ് ഓണ്‍ലൈന്‍ വിദ്വേഷം കുറച്ച് ജനജീവിതച്ചെലവ് കുറയ്ക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. റൂബിന്‍സ്റ്റീന്‍ കൂടുതല്‍ കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്. 'വസ്തുതയും നിയമവും കൈവശമില്ലാത്തതിനാലാണ് ട്രംപ് നിലവിട്ട് പെരുമാറുന്നത് ' എന്നായിരുന്നു പ്രതികരണം.

ഇതോടൊപ്പം, നടന്‍ ജോര്‍ജ് ക്ലൂണിയെയും മനുഷ്യാവകാശ അഭിഭാഷക അമല്‍ ക്ലൂണിയെയും, മിന്നസോട്ട ഗവര്‍ണര്‍ ടിം വാള്‍സിനെയും, കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെയും ട്രംപ് വീണ്ടും അധിക്ഷേപിച്ചു. നേരത്തേ തന്നെ തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ ആവര്‍ത്തിച്ചായിരുന്നു പല പോസ്റ്റുകളും.

പ്രതീക്ഷയും ഐക്യവും ഉയര്‍ത്തിക്കാട്ടി ലോകം 2026നെ വരവേറ്റപ്പോള്‍, അമേരിക്കന്‍ രാഷ്ട്രീയത്തിലെ കനത്ത വിഭജനവും വിദ്വേഷവുമാണ് ട്രംപിന്റെ പുതുവത്സര സന്ദേശങ്ങള്‍ പ്രതിഫലിപ്പിച്ചത്.