വാഷിംഗ്ടണ്‍: ഷിക്കാഗോ, ലോസ് ആഞ്ചലസ്, പോര്‍ട്‌ലന്‍ഡ് നഗരങ്ങളിലേക്ക് നാഷണല്‍ ഗാര്‍ഡ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് ഭരണത്തിലുള്ള നഗരങ്ങളിലെ ഗാര്‍ഡ് വിന്യാസങ്ങള്‍ക്കെതിരെ കോടതികളില്‍ നിന്നു നേരിട്ട തുടര്‍ച്ചയായ നിയമപരമായ തിരിച്ചടികളാണ് തീരുമാനത്തിന് പിന്നില്‍. ട്രൂത്ത് സോഷ്യലില്‍ നടത്തിയ കുറിപ്പില്‍ വിന്യാസങ്ങള്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിച്ചുവെന്ന അവകാശവാദം ഉന്നയിച്ച ട്രംപ്, ഫെഡറല്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഈ നഗരങ്ങള്‍ 'കൈവിട്ടുപോയേനേ' എന്നും പറഞ്ഞു.
ഷിക്കാഗോയിലും പോര്‍ട്‌ലന്‍ഡിലും ഗാര്‍ഡ് വിന്യാസം കോടതി ഉത്തരവിലൂടെ തടയപ്പെട്ടിരുന്നു. കാലിഫോര്‍ണിയയില്‍, യു.എസ്. ജില്ലാ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഗാര്‍ഡ് അംഗങ്ങള്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച ഒന്‍പതാം സര്‍ക്ക്യൂട്ട് അപ്പീല്‍സ് കോടതി, ഗാര്‍ഡിന്റെ നിയന്ത്രണം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസത്തിനാണ് കൈമാറേണ്ടതെന്ന് വിധിച്ചു. ഷിക്കാഗോയിലേക്കുള്ള വിന്യാസവുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ഹര്‍ജിയും കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നത് ഇതാദ്യമായിരുന്നുവെങ്കിലും, പ്രസിഡന്റിന്റെ അധികാരപരിധിയെക്കുറിച്ച് വ്യക്തത നല്‍കുന്നതായിരുന്നു വിധി.
കുറ്റകൃത്യങ്ങള്‍ തടയാനും കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരെയും ഫെഡറല്‍ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുമാണ് ഗാര്‍ഡ് ആവശ്യമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍, ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ വിന്യാസത്തെ ശക്തമായി എതിര്‍ത്തതോടൊപ്പം, സിവിലിയന്‍ കാര്യങ്ങളില്‍ സൈനിക ഇടപെടലിനെ കുറിച്ച് ഫെഡറല്‍ ജഡ്ജിമാരും ആശങ്ക പ്രകടിപ്പിച്ചു. 'ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ തത്വം നിര്‍ണായകമാണ്' എന്ന് പോര്‍ട്‌ലന്‍ഡ് വിന്യാസം മരവിപ്പിച്ച ഉത്തരവില്‍ യു.എസ്. ജില്ലാ ജഡ്ജി കരിന്‍ ഇമ്മെര്‍ഗുട്ട് വ്യക്തമാക്കി.
അതേസമയം, വാഷിംഗ്ടണ്‍ ഡി.സിയുള്‍പ്പെടെ മറ്റു ചില നഗരങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് വിന്യാസം തുടരുകയാണ്. ഓഗസ്റ്റുമുതല്‍ തലസ്ഥാനത്ത് 2,000ലേറെ ഗാര്‍ഡ് അംഗങ്ങള്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇവിടെയും നിയമപോരാട്ടം നിലനില്‍ക്കുന്നതിനിടെ, വിന്യാസം തുടരാമെന്നായിരുന്നു ഈ മാസം ആദ്യം ഫെഡറല്‍ അപ്പീല്‍സ് കോടതിയുടെ തീരുമാനം. റിപ്പബ്ലിക്കന്‍ ഭരണത്തിലുള്ള ചില സംസ്ഥാനങ്ങള്‍ ഗാര്‍ഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ടെനസിയില്‍ ഒക്ടോബറില്‍ പട്രോളിങ് ആരംഭിച്ച ഗാര്‍ഡ് സേന, സുപ്രീം കോടതി വിധിക്ക് പിന്നാലെ ലൂസിയാനയിലെ ന്യൂ ഓര്‍ലന്‍സിലേക്കും വിന്യസിച്ചു. 350 അംഗങ്ങളടങ്ങിയ സംഘം നഗരത്തിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, 'കുറ്റകൃത്യങ്ങള്‍ വീണ്ടും കുതിച്ചുയര്‍ന്നാല്‍ കൂടുതല്‍ ശക്തമായ രൂപത്തില്‍ തിരികെ വരും' എന്ന മുന്നറിയിപ്പും ട്രംപ് ട്രൂത്ത് സോഷ്യല്‍ കുറിപ്പില്‍ നല്‍കി.
നിയമതടസ്സങ്ങള്‍ക്ക് പിന്നാലെ പിന്മാറ്റം; ഷിക്കാഗോ, ലോസ് ആഞ്ചലസ്, പോര്‍ട്‌ലന്‍ഡ് നഗരങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് വിന്യാസം താല്‍ക്കാലികമായി നിര്‍ത്തി ട്രംപ്
