വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനെയോ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയെയോ ലക്ഷ്യമാക്കി യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍. പുട്ടിനെ വധിക്കാന്‍ കീവിന്റെ ശ്രമമെന്ന റഷ്യന്‍ ആരോപണത്തെ ചോദ്യം ചെയ്യുന്നതാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഈ നിഗമനം. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) വിലയിരുത്തലില്‍ പുട്ടിനെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് വ്യക്തമായതായി ഇന്റലിജന്‍സ് വിവരങ്ങള്‍ അറിയാവുന്ന ഒരു യു.എസ്. ഉദ്യോഗസ്ഥന്‍ അറിയിച്ചു. പുടിന്റെ ഗ്രാമവസതി സ്ഥിതി ചെയ്യുന്ന മേഖലയിലേത് തന്നെയായിരുന്നുവെങ്കിലും സമീപത്തല്ലാത്ത ഒരു സൈനിക ലക്ഷ്യത്തെയാണ് യുക്രൈന്‍ ഉദ്ദേശിച്ചതെന്നും വിലയിരുത്തലില്‍ പറയുന്നു.
റഷ്യയുടെ അവകാശവാദത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പരോക്ഷമായി തള്ളിക്കളഞ്ഞു. യുക്രൈന്‍ ആക്രമണം നടന്നിട്ടില്ലെന്ന വാദം ഉന്നയിക്കുന്ന ന്യൂയോര്‍ക്ക് പോസ്റ്റ് എഡിറ്റോറിയല്‍ അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവെക്കുകയും 'സമാധാനത്തിന് തടസ്സം റഷ്യ തന്നെയാണെന്ന് പുട്ടിന്‍ ആക്രമണവാദം വ്യക്തമാക്കുന്നു' എന്ന തലക്കെട്ട് ഉദ്ധരിക്കുകയും ചെയ്തു. സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് വിഷയത്തില്‍ ട്രംപിന് വിശദീകരണം നല്‍കിയതിന് ശേഷമായിരുന്നു പോസ്റ്റ്.
അതേസമയം, തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, പുട്ടിന്‍ തന്റെ വസതിയെ ലക്ഷ്യമാക്കി യുക്രൈന്‍ ഡ്രോണുകള്‍ ആക്രമിച്ചതായി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതില്‍ ട്രംപ് 'വളരെ കോപിതനായി' പ്രതികരിച്ചിരുന്നു. എന്നാല്‍, അത്തരം ആക്രമണം നടന്നതായി തെളിവുണ്ടോയെന്ന ചോദ്യത്തിന്, 'അത് നടന്നിട്ടില്ലെന്ന സാധ്യതയും ഉണ്ടാകാം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുക്രൈന്‍, റഷ്യന്‍ അധീന പ്രദേശങ്ങളില്‍ നടത്തിയ ചില അട്ടിമറികളും വധശ്രമങ്ങളും തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും, പുട്ടിന്റെ വസതിയെ ലക്ഷ്യമാക്കിയ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കീവിലെ ഭരണകൂടം ശക്തമായി നിഷേധിച്ചു. വാഷിംഗ്ടണുമായുള്ള ബന്ധം വഷളാക്കാനും, സമാധാന ചര്‍ച്ചകളില്‍ യുക്രൈന്റെ നിലപാട് ദുര്‍ബലപ്പെടുത്താനും പുട്ടിന്‍ വ്യാജ കാരണം സൃഷ്ടിക്കുകയാണെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
ഇതിനിടെ, റഷ്യയുടെ പ്രതിരോധ മന്ത്രാലയം പുട്ടിന്റെ നോവ്‌ഗോറോഡ് വസതിയിലേക്കായി പറത്തിയ 91 യുക്രൈന്‍ ഡ്രോണുകള്‍ തടഞ്ഞുവെന്ന് അവകാശപ്പെട്ടു. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണ്‍ മഞ്ഞില്‍ വീണുകിടക്കുന്നതായ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടു. എന്നാല്‍, ഈ അവകാശവാദങ്ങളെ യു.എസ്. ഇന്റലിജന്‍സ് അംഗീകരിച്ചിട്ടില്ല.
ഞായറാഴ്ച യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് നടത്തിയ മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു റഷ്യന്‍ ആരോപണം ഉയര്‍ന്നത്. കൂടിക്കാഴ്ച 'അത്യുത്തമം' ആയിരുന്നുവെന്ന് ട്രംപ് വിശേഷിപ്പിക്കുകയും സമാധാനശ്രമങ്ങളുടെ ഭാഗമായി കീവിലേക്ക് പോകാനുള്ള സാധ്യത പോലും ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. ആരോപണത്തെ തുടര്‍ന്ന്, സമാധാന ചര്‍ച്ചകളിലെ കടുത്ത നിലപാട് പുനഃപരിശോധിക്കുമെന്ന ഭീഷണിയും റഷ്യ മുന്നോട്ടുവച്ചു. ഒഡേസ തുറമുഖ മേഖലയില്‍ ഡ്രോണ്‍ ആക്രമണങ്ങളും ശക്തമാക്കി.
അതേസമയം, പുട്ടിനെ ലക്ഷ്യംവെച്ചുവെന്ന ആരോപണം ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 'ഗൗരവമായ ആശങ്ക' രേഖപ്പെടുത്തിയപ്പോള്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അതിനെ 'ഭീകരമായ നടപടി'യെന്ന് വിശേഷിപ്പിച്ചു. യുഎഇയും ആശങ്ക അറിയിച്ചു. സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനും ഭാവിയില്‍ സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാനുമുള്ള സുരക്ഷാ ഉറപ്പുകളാണ് ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുട്ടിനെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നില്ല; റഷ്യന്‍ ആരോപണം തള്ളി യു.എസ്. രഹസ്യാന്വേഷണ വിലയിരുത്തല്‍
