എച്ച്-1ബി വിസയ്ക്ക് പൂര്‍ണ വിലക്ക് വേണമെന്ന് നിക്കി ഹേലിയുടെ മകന്‍: ഇന്ത്യന്‍ പ്രൊഫഷണലുകളെ പരിഹസിക്കാനും മറന്നില്ല

എച്ച്-1ബി വിസയ്ക്ക് പൂര്‍ണ വിലക്ക് വേണമെന്ന് നിക്കി ഹേലിയുടെ മകന്‍: ഇന്ത്യന്‍ പ്രൊഫഷണലുകളെ പരിഹസിക്കാനും മറന്നില്ല


വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ എച്ച്-1ബി വിസ സ്റ്റാമ്പിംഗ് വൈകുന്നതിനെ തുടര്‍ന്ന് യു എസിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കെ, എച്ച്-1ബി വിസയ്ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് യു എസ് മുന്‍ ഐക്യരാഷ്ട്രസഭാ അംബാസഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലിയുടെ മകന്‍ നളിന്‍ ഹേലി ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നളിന്‍ ഹേലിയുടെ പ്രതികരണം. വിസ വൈകിപ്പിക്കല്‍ 'മതി വരില്ല' എന്നും, എച്ച്-1ബി പദ്ധതിയെ പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിസ നടപടികളെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അവസ്ഥയെ പരിഹസിച്ചും അദ്ദേഹം പ്രതികരിച്ചു.

വിസകള്‍ വൈകിപ്പിക്കുന്നത് നല്ലതാണ്, പക്ഷേ അത്രയൊന്നും മതിയാകുന്നില്ല. എച്ച്-1ബി വിസയ്ക്ക് പൂര്‍ണ നിരോധനം വേണംഎന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിസ വൈകിപ്പിക്കല്‍ വിഷയം യു എസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശം.

ഈ വിഷയത്തില്‍ വാഷിംഗ്ടണുമായി ഇന്ത്യ സംസാരിക്കുന്നതിനെതിരെയും നളിന്‍ ഹേലി വിമര്‍ശനം ഉന്നയിച്ചു. 'സ്വന്തം രാജ്യത്ത് ഒരാള്‍ക്ക് കുടുങ്ങിക്കിടക്കാന്‍ കഴിയില്ല. ഇന്ത്യക്കാരുടെ പണമയപ്പുകള്‍ വേണ്ടതുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പരാതിപ്പെടുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ്, എച്ച്-1ബി വിസ നിയമനങ്ങളിലെ വൈകിപ്പിക്കല്‍ മൂലം നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യു എസിലേക്ക് മടങ്ങാന്‍ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യം കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും വിസ നടപടികള്‍ വേഗത്തിലാക്കണമെന്ന് വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ടെക്നോളജി കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ സംവിധാനം സംബന്ധിച്ച് നളിന്‍ ഹേലി നേരത്തെ തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ്. ഈ വിസയിലൂടെ നിയമിക്കപ്പെടുന്ന വിദഗ്ധ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്.

മുന്‍ പ്രസ്താവനകളിലും പോഡ്കാസ്റ്റ് അഭിമുഖങ്ങളിലുമായി, വിദേശ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതടക്കം കര്‍ശന കുടിയേറ്റ നയങ്ങള്‍ നടപ്പാക്കണമെന്ന് നളിന്‍ ഹേലി ആവശ്യപ്പെട്ടിട്ടുണ്ട്. ടക്കര്‍ കാര്‍ല്‍സണോടൊപ്പം നടത്തിയ ഒരു പോഡ്കാസ്റ്റില്‍ ചില അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ 'വിദേശ സര്‍ക്കാരുകളുടെ ചാരന്മാരായി' പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. 'അമേരിക്ക ആദ്യം' എന്ന സമീപനത്തോടുള്ള തന്റെ പിന്തുണയും അദ്ദേഹം ആവര്‍ത്തിച്ചു.

ഇരട്ട പൗരത്വത്തെയും അദ്ദേഹം ശക്തമായി എതിര്‍ത്തിട്ടുണ്ട്. അത് 'ഏറ്റവും മണ്ടത്തരമായ ആശയം' ആണെന്ന് വിശേഷിപ്പിച്ച നളിന്‍ ഹേലി, എല്ലാവരും 'ആദ്യം അമേരിക്കയോടുള്ള വിശ്വസ്തത' തെളിയിക്കണമെന്നും അഭിപ്രായപ്പെട്ടു.