ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സ് ലീഡ്

ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സ് ലീഡ്


ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 376 റണ്‍സിന് അവസാനിച്ചു. എന്നാല്‍, എതിരാളികളെ 149 റണ്‍സിന് അവസാനിപ്പിച്ച് ഇന്ത്യ 227 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടി. 

113 റണ്‍സെടുത്ത ആര്‍ അശ്വിന്‍ ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ഒരിക്കല്‍ക്കൂടി ബൗളിങ്ങില്‍ താരമായി. നേരത്തെ ബംഗ്ലാദേശിനു വേണ്ടി പേസ് ബൗളര്‍ ഹസന്‍ മെഹ്മൂദ് 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

339/6 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. 86 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പിന്നീട് സ്‌കോര്‍ ചെയ്യാനായില്ല. 102 റണ്‍സില്‍ ബാറ്റിങ് പുനരാരംഭിച്ച അശ്വിന്‍ 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി.

പിന്നീട് വന്നവരില്‍ 17 റണ്‍സെടുത്ത ആകാശ് ദീപിനു മാത്രമേ കുറച്ചെങ്കിലും ചെറുത്തു നില്‍ക്കാന്‍ സാധിച്ചുള്ളൂ. ജസ്പ്രീത് ബുംറ ഏഴു റണ്‍സിനും മുഹമ്മദ് സിറാജ് റണ്‍സൊന്നും എടുക്കാതെയും പുറത്തായി. മെഹ്മൂദിനെ കൂടാതെ മൂന്ന് വിക്കറ്റ് നേടിയ തസ്‌കിന്‍ അഹമ്മദും ബംഗ്ലാദേശ് ബൗളിങ് നിരയില്‍ തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശക ബാറ്റര്‍മാരെ ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ആദ്യ അഞ്ച് ബംഗ്ലാ ബാറ്റര്‍മാരില്‍ ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (20) മാത്രമാണ് രണ്ടക്ക സ്‌കോര്‍ നേടിയത്. 40 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ഷക്കീബ് അല്‍ ഹസന്‍ (32), ലിറ്റണ്‍ ദാസ് (22), മെഹ്ദി ഹസന്‍ മിറാസ് (27 നോട്ടൗട്ട്) എന്നിവര്‍ ചെറുത്തുനില്‍പ് നടത്തി. 

11 ഓവര്‍ പന്തെറിഞ്ഞ ബുംറ 50 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.