ന്യൂഡൽഹി: ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആറന്മുളയിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മത്സരിക്കും. കുണ്ടറയിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും, ഗുരുവായൂരിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനും ജനവിധി തേടും. കണ്ണൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ആദ്യഘട്ടത്തിൽ 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്. രണ്ടാം പട്ടികയിൽ 39 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 86 സ്ഥാനാർത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
കാസർകോട് എംഎൽ അശ്വിനിയും തളിപ്പറമ്പിൽ എൻ ഹരിദാസും, ധർമ്മടത്ത് കെ രഞ്ജിത്തും മത്സരിക്കും. കൽപ്പറ്റയിൽ പ്രശാന്ത് മലവയൽ ആണ് സ്ഥാനാർത്ഥി. കോങ്ങാട് രേണു സുരേഷും, നാട്ടികയിൽ സിസി മുകുന്ദനും, പുതുക്കാട് എ നാഗേഷും മത്സരത്തിനിറങ്ങും. ആലുവയിൽ എംഎ ബ്രഹ്മരാജ്, എറണാകുളത്ത് പി ആർ ശിവശങ്കർ, ആലപ്പുഴയിൽ എം ജെ ജോബ്, കൊല്ലത്ത് എൻ പ്രതാപ് കുമാർ തുടങ്ങിയവരും ജനവിധി തേടുന്നു.
ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
