തെരഞ്ഞെടുപ്പിന് മുമ്പേ ട്വന്റി 20ക്ക് തിരിച്ചടി; പെരുമ്പാവൂര്‍ സ്ഥാനാര്‍ഥി ലക്ഷ്മി പ്രിയയ്ക്ക് വോട്ടില്ല

തെരഞ്ഞെടുപ്പിന് മുമ്പേ ട്വന്റി 20ക്ക് തിരിച്ചടി; പെരുമ്പാവൂര്‍ സ്ഥാനാര്‍ഥി ലക്ഷ്മി പ്രിയയ്ക്ക് വോട്ടില്ല


കൊച്ചി: പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ താമസിക്കുന്ന ലക്ഷ്മിപ്രിയയ്ക്ക് ഇവിടുത്തെ വോട്ടര്‍ പട്ടികയിലോ തൃക്കാക്കരയിലെ ഫ്‌ളാറ്റുള്ള പ്രദേശത്തോ പേര് കണ്ടെത്താനായില്ല. 

പെരുമ്പാവൂരില്‍ നടത്താനിരുന്ന ലക്ഷ്മി പ്രിയയുടെ റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസവര്‍മ ആയിരുന്നു റോഡ് ഷോ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് പുറത്തുവരുന്ന വിശദീകരണം. 

ചൊവ്വാഴ്ചയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ട്വന്റി 20യുടെ സ്ഥാനാര്‍ഥി പട്ടികയില്‍ സിനിമാ- സീരിയല്‍- റിയാലിറ്റി ഷോ താരങ്ങളായ നിരവധി പേരെയാണ് പ്രഖ്യാപിച്ചിരുന്നത്. ബി ജെ പി എ ക്ലാസ് മണ്ഡലമായി പരിഗണിച്ചിരുന്ന തൃപ്പൂണിത്തുറയില്‍ ട്വന്റി 20യാണ് മത്സരിക്കുന്നത്. ഇവിടെ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. ഏറ്റുമാനൂരില്‍ വീണാ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, വൈപ്പിനില്‍ നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ് തുടങ്ങിയവരെല്ലാം ട്വന്റി 20 സ്ഥാനാര്‍ഥികള്‍. തൃക്കാക്കരയില്‍ അഖില്‍ മാരാരെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്റി 20 മത്സരരംഗത്തിറക്കിയത്.