തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ കൊട്ടാരത്തിലെ താമസക്കാരില്‍ നിന്നും ജീവനക്കാരില്‍നിന്നും സന്ദര്‍ശകരില്‍നിന്നും പൊലീസ് മൊഴിയെടുത്തു. വിദേശികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ വിവരവും ശേഖരിച്ചിട്ടുണ്ട്. മോഷണം നടന്ന കാലയളവില്‍ കൊട്ടാരം സന്ദര്‍ശിച്ച യുട്യൂബര്‍മാരെയും ചോദ്യം ചെയ്യും. കൊട്ടാരത്തിലെ മുറികളില്‍നിന്ന് വിരലടയാളവും ശേഖരിച്ചു.
അന്വേഷണത്തിന്റെ ആദ്യനടപടിയെന്ന നിലയിലാണ് പൊലീസ് സംഘം മൊഴിയെടുപ്പ് ആരംഭിച്ചത്. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി അടക്കമുള്ള രാജകുടുംബാംഗങ്ങളില്‍നിന്നും വിവരം ശേഖരിച്ചു. ഗൗരി ലക്ഷ്മി ബായിയുടെ അലമാരയില്‍ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വര്‍ണശേഖരവുമടക്കം നഷ്ടമായത്.
പരിസരത്തെ വീടുകളില്‍ നിന്നടക്കമുള്ള ക്യാമറ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാല്‍ നാലു മാസങ്ങള്‍ക്കു മുന്‍പ് നടന്ന കവര്‍ച്ചയായതിനാല്‍ പലതിലും ദൃശ്യങ്ങള്‍ ലഭ്യമല്ല.
ഗൗരിലക്ഷ്മി ബായി പതിവായി ഉപയോഗിക്കുന്ന ആഭരണങ്ങളും ചിത്തിര തിരുനാള്‍ രാജാവ് സമ്മാനമായി നല്‍കിയ ആഭരണങ്ങളും പുരാതന ആഭരണങ്ങളും മോഷണം പോയ കൂട്ടത്തിലുണ്ട്. ഈ ആഭരണങ്ങള്‍ അണിഞ്ഞുള്ള ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നഗരത്തിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ മാലകള്‍ വില്‍പനയ്ക്ക് എത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വൈകാതെ ക്രൈംബ്രാഞ്ചിനു വിടുന്ന കാര്യവും പരിഗണനയിലാണ്.
