വാഷിംഗ്ടൺ: അമേരിക്കയെ ലക്ഷ്യമിട്ട് എത്താൻ കഴിയുന്ന ദൂരപരിധിയുള്ള മിസൈൽ സംവിധാനങ്ങൾ ചൈനയും പാകിസ്ഥാനും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ ഇന്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ് വ്യക്തമാക്കി. 2026 വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് അവതരിപ്പിക്കവേ സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിലായിരുന്നു അവരുടെ വെളിപ്പെടുത്തൽ.
റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ആണവപരമ്പരാഗത ആയുധങ്ങളുമായി ദൂരപരിധിയുള്ള പുതിയ തലമുറ മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നുവെന്നും ഇവ അമേരിക്കൻ ഭൂപ്രദേശത്തെ ലക്ഷ്യമിടാൻ കഴിവുള്ളതാണെന്നും അവർ പറഞ്ഞു.
ചൈനയും റഷ്യയും അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതായും ഗാബ്ബാർഡ് വ്യക്തമാക്കി. ഇതിനിടെ, ഉത്തരകൊറിയ ഇതിനകം തന്നെ അമേരിക്കയിലെത്താൻ കഴിയുന്ന ഐസിബിഎം (ICBM) ശേഷി നേടിയിട്ടുണ്ടെന്നും ആയുധശേഖരം കൂടുതൽ വികസിപ്പിക്കാൻ ശ്രമിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈൽ വികസനത്തിൽ മുന്നേറുകയാണെന്നും ഭാവിയിൽ അമേരിക്കയെ ലക്ഷ്യമിടാൻ കഴിയുന്ന ഐസിബിഎം ശേഷി നേടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര ഭീകര സംഘടനകളായ അൽ ഖ്വയ്ദ, ഐസിസ് എന്നിവ ഇപ്പോഴും അമേരിക്കൻ താൽപര്യങ്ങൾക്ക് വലിയ ഭീഷണിയാണെന്നും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യം തുടരുന്നതായും ഗാബ്ബാർഡ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമായി ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഗാബ്ബാർഡ് പറഞ്ഞത് 2025ൽ അമേരിക്ക-ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം ഇറാൻ യൂറേനിയം സമ്പുഷ്ടീകരണ പദ്ധതി പുനരാരംഭിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ്.
2025ൽ ഏകദേശം 3,000 ആയിരുന്ന അമേരിക്കയെ ലക്ഷ്യമിടാൻ കഴിയുന്ന മിസൈലുകളുടെ എണ്ണം 2035ഓടെ 16,000 ആയി ഉയരുമെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ.
ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന ജോസഫ് കെന്റ് രാജിവച്ചതും ഈ റിപ്പോർട്ടിന് പിന്നാലെയാണ് പുറത്തുവന്നത്.
അമേരിക്കയെ ലക്ഷ്യമിട്ട് ചൈനയും പാകിസ്ഥാനും ദൂരപരിധി മിസൈലുകൾ വികസിപ്പിക്കുന്നു: ഇന്റലിജൻസ് മുന്നറിയിപ്പ്
