ഉത്തര കൊറിയയില്‍ കിമ്മിന്റെ പാര്‍ട്ടിക്ക് 99.93 ശതമാനം വോട്ട്

ഉത്തര കൊറിയയില്‍ കിമ്മിന്റെ പാര്‍ട്ടിക്ക് 99.93 ശതമാനം വോട്ട്


പ്യോങ്യാങ്: ഉത്തരകൊറിയയില്‍ നടത്തിയ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ കിം ജോങ് ഉന്നിന് വീണ്ടും സമ്പൂര്‍ണ വിജയം. ഭരണകക്ഷിയും സഖ്യകക്ഷികളും ചേര്‍ന്ന് രാജ്യത്തെ 99.93 ശതമാനം വോട്ടും സ്വന്തമാക്കിയാണ് വിജയിച്ചത്. 0.07 ശതമാനം വരുന്നവര്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ സ്വീകരിക്കുന്നില്ല എന്നു രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

മാര്‍ച്ച് 15നാണ് ഉത്തരകൊറിയയിലെ സുപ്രിം പീപ്പിള്‍ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തിയത്. സഭയിലെ എല്ലാ സീറ്റിലേക്കും ഭരണകക്ഷിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു.

രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ ഉള്‍ക്കടലില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടക്കം 0.0037 ശതമാനം വരുന്നവര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ കിമ്മിന്റെ പാര്‍ട്ടിക്കെതിരെ മറ്റു പാര്‍ട്ടികളൊന്നും മത്സരിച്ചിരുന്നില്ല. മുന്‍കൂട്ടി തീരുമാനിച്ച ഒരു അംഗത്തെ സ്വീകരിക്കുന്നോ ഇല്ലയോ എന്നു രേഖപ്പെടുത്താനാണ് വോട്ടര്‍മാര്‍ക്ക് അവസരം നല്‍കിയിരുന്നത്.

ഇതാദ്യമായാണ് കിമ്മിന്റെ പാര്‍ട്ടി നിര്‍ദേശിക്കുന്ന വ്യക്തിയെ സ്വീകരിക്കുന്നില്ല എന്നു രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. 687 അംഗങ്ങളെയാണ് സഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. കിം അനുമതി നല്‍കിയ ഒരു വ്യക്തിയുടെ പേരു മാത്രമാണ് ബാലറ്റ് പേപ്പറില്‍ ഉണ്ടായിരിക്കുക. 2011ലാണ് കിം ഉത്തരകൊറിയയില്‍ അധികാരത്തിലേറിയത്.