രഞ്ജിയില്‍ സെമിഫൈനലില്‍ കേരളം ഗുജറാത്തിനെ നേരിടും

രഞ്ജിയില്‍ സെമിഫൈനലില്‍ കേരളം ഗുജറാത്തിനെ നേരിടും


പൂനെ: രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെ സമനിലയില്‍ തളച്ച് കേരളം സെമിയില്‍. നാലാം ദിനം 2 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ മത്സരം ആരംഭിച്ച കേരളം വിക്കറ്റ് കളയാന്‍ ശ്രമിക്കാതെ സമനിലക്കായാണ് കളിച്ചത്. മുഹമ്മദ് അസറുദ്ദീനും (67) സല്‍മാന്‍ നിസാറും (44) തീര്‍ത്ത പ്രതിരോധമാണ് ടീമിന് കരുത്തേകിയത്.

മധ്യനിരയുടെ തകര്‍ച്ചയോടെ തോല്‍വി മുന്നില്‍ കണ്ടെങ്കിലും സല്‍മാന്‍ നിസാറിന്റേയും അസറുദ്ദീന്റേയും മികച്ച പ്രകടനത്തിലാണ് സമനിലയുമായി കേരളം സെമിയില്‍ പ്രവേശിച്ചത്. ഒന്നാം ഇന്നിങ്‌സിലെ ഒരു റണ്‍സിന്റെ ലീഡാണ് കേരളത്തിന് നിര്‍ണായകമായത്.

ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. സല്‍മാനും അസറുദ്ദീനും പുറമെ നായകന്‍ സച്ചിന്‍ ബേബിയും (48), ഓപ്പണര്‍ അക്ഷയ് ചന്ദ്രനും (48) മികച്ച പ്രകടനം കാഴ്ചവച്ചു.

രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. 2018- 2019 സീസണിലായിരുന്നു കേരളം ആദ്യമായി സെമിയില്‍ കയറിയത്. സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി.