വെനിസ്വേലന്‍ എണ്ണ കടത്ത്: കരീബിയന്‍ കടലില്‍ മറ്റൊരു കപ്പല്‍ കൂടി യുഎസ് തീരസേന പിടിച്ചെടുത്തു

വെനിസ്വേലന്‍ എണ്ണ കടത്ത്: കരീബിയന്‍ കടലില്‍ മറ്റൊരു കപ്പല്‍ കൂടി യുഎസ് തീരസേന പിടിച്ചെടുത്തു


വാഷിംഗ്ടണ്‍: വെനിസ്വേലയില്‍ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു കപ്പല്‍ കൂടി കരീബിയന്‍ കടലില്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തതായി യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ, വെനിസ്വേല തീരത്തിനു സമീപം അന്താരാഷ്ട്ര ജലപരിധിയില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിരോധ വകുപ്പിന്റെ പിന്തുണയോടെയായിരുന്നു കോസ്റ്റ് ഗാര്‍ഡ് നടപടി, പിടിയിലായ ടാങ്കര്‍ ഒടുവില്‍ വെനിസ്വേലയിലാണ് നങ്കൂരമിട്ടതെന്നും നോം സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി.

മയക്കുമരുന്ന് ഭീകരവാദത്തിന് ധനസഹായം നല്‍കുന്ന ഉപരോധിത എണ്ണ വ്യാപാരത്തിനെതിരെ യുഎസ് ശക്തമായ നടപടി തുടരുമെന്ന് നോം മുന്നറിയിപ്പ് നല്‍കി. 'നിങ്ങളെ കണ്ടെത്തും, നിങ്ങളെ നിര്‍ത്തും' എന്ന വാക്കുകളിലൂടെ അമേരിക്കയുടെ നിലപാട് അവര്‍ ആവര്‍ത്തിച്ചു. ഡിസംബര്‍ 10ന് 'ദി സ്‌കിപ്പര്‍' എന്ന പേരിലുള്ള മറ്റൊരു എണ്ണക്കപ്പല്‍ യുഎസ് നാവികസേനാ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ എലൈറ്റ് കോസ്റ്റ് ഗാര്‍ഡ് സംഘം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. രണ്ടാം കപ്പല്‍ പിടിച്ചെടുത്ത വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് റോയിറ്റേഴ്‌സായിരുന്നു.

ഇതിനിടെ, വെനിസ്വേലയിലേക്കും പുറത്തേക്കും പോകുന്ന എല്ലാ ഉപരോധിത എണ്ണക്കപ്പലുകള്‍ക്കും നേരെ ഉപരോധം ശക്തമാക്കുമെന്നും ആവശ്യമെങ്കില്‍ കടല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. 'ദക്ഷിണ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാവിക സന്നാഹം വെനിസ്വേലയെ ചുറ്റിപ്പറ്റി നിലയുറപ്പിച്ചിരിക്കുകയാണ്. ഇത് ഇനിയും വലുതാകും' എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

അതേസമയം, അമേരിക്കയുടെ ലക്ഷ്യം ഭരണകൂട മാറ്റമാണെന്ന് ആരോപിച്ച വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ, രാജ്യത്തിന്റെ എണ്ണ വ്യാപാരം തുടരുമെന്നും വ്യക്തമാക്കി. 'വെനിസ്വേല ഒരിക്കലും ആരുടെയും കോളനിയാവില്ല' എന്ന ശക്തമായ പ്രതികരണവുമായാണ് മദൂറോ മുന്നോട്ടുവന്നത്. യുഎസ്-വെനിസ്വേല സംഘര്‍ഷം കടുത്ത നിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് പുതിയ കപ്പല്‍ പിടിച്ചെടുപ്പ് അന്താരാഷ്ട്ര തലത്തില്‍ വിലയിരുത്തപ്പെടുന്നത്.