700 ബില്യണ്‍ ഡോളര്‍ കടന്ന് ഇലോണ്‍ മസ്‌ക്; ലോകത്തെ ആദ്യ ട്രില്യണയര്‍ പദവിയിലേക്കൊരു ചുവട് കൂടി

700 ബില്യണ്‍ ഡോളര്‍ കടന്ന് ഇലോണ്‍ മസ്‌ക്; ലോകത്തെ ആദ്യ ട്രില്യണയര്‍ പദവിയിലേക്കൊരു ചുവട് കൂടി


ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നു. ടെസ്‌ല സിഇഒയായ മസ്‌കിന്റെ ദീര്‍ഘകാലമായി വിവാദത്തിലായിരുന്ന 56 ബില്യണ്‍ ഡോളര്‍ പ്രതിഫല പാക്കേജിന് യുഎസ് ഡെലവെയര്‍ സുപ്രീം കോടതി അനുകൂല വിധി നല്‍കിയതോടെ, അദ്ദേഹത്തിന്റെ ആകെ സമ്പത്ത് 700 ബില്യണ്‍ ഡോളര്‍ കടന്ന് 749 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ ലോകത്തെ ആദ്യ ട്രില്യണയറാകാനുള്ള പാതയില്‍ മസ്‌ക് ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം അടുത്തെത്തിയിരിക്കുകയാണ്.

2018ല്‍ ടെസ്‌ല ബോര്‍ഡ് അംഗീകരിച്ച മസ്‌കിന്റെ പ്രതിഫല പാക്കേജ് അതിരുകടന്നതാണെന്നാരോപിച്ച് ഓഹരിയുടമയായ റിച്ചാര്‍ഡ് ടോര്‍നെറ്റ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിഷയം കോടതിയിലെത്തിയത്. ജനുവരി 2024ല്‍ ഡെലവെയര്‍ ചാന്‍സറി കോടതി ഈ പാക്കേജ് പൂര്‍ണമായും റദ്ദാക്കിയിരുന്നെങ്കിലും, ഇത് അതിരുകടന്ന നടപടി ആണെന്ന് വിലയിരുത്തിയ സുപ്രീം കോടതി, ടെസ്‌ലക്ക് ന്യായമായ പ്രതിഫലം നിര്‍ണ്ണയിക്കാന്‍ അവസരം നല്‍കാതെയാണ് ഡെലവെയര്‍ കോടതിയുടെ വിധിയുണ്ടായതെന്നും ചൂണ്ടിക്കാട്ടി. ഇതോടെയാണ് അഞ്ചംഗ അപ്പീല്‍ ബെഞ്ച് ആ വിധി റദ്ദാക്കിയത്.

ചാന്‍സലര്‍ കാതലീന്‍ മക്കോര്‍മിക് മസ്‌കിനെ 'സൂപ്പര്‍സ്റ്റാര്‍ സിഇഒ'യായി വിശേഷിപ്പിച്ചും ടെസ്‌ല ബോര്‍ഡ് അദ്ദേഹത്തിന്റെ സ്വാധീനത്തിന് വിധേയമാണെന്നും നിരീക്ഷിച്ചിരുന്നെങ്കിലും, ടെസ്‌ലയുടെ ഓഹരിയുടമകളുടെ ഭൂരിപക്ഷ പിന്തുണ മസ്‌കിന് തുടര്‍ന്നും ലഭിച്ചു. ഇതിന്റെ ഭാഗമായി, ഓഗസ്റ്റില്‍ ഏകദേശം 29 ബില്യണ്‍ ഡോളറിന്റെ ഇടക്കാല പ്രതിഫല പാക്കേജും, പിന്നീട് ഒരു ട്രില്യണ്‍ ഡോളര്‍ വരെ എത്താവുന്ന പുതിയ ശമ്പള ഘടനയും ടെസ്‌ല ബോര്‍ഡ് അംഗീകരിച്ചു.

കോടതി വിധിക്ക് പിന്നാലെ മസ്‌കിന്റെ സമ്പത്ത് വന്‍തോതില്‍ ഉയര്‍ന്നതോടെ, ഗൂഗിള്‍ സഹസ്ഥാപകനായ ലാറി പേജിനെക്കാള്‍ മൂന്നു മടങ്ങിലധികം മുന്നിലാണ് അദ്ദേഹം. ഫോര്‍ബ്‌സ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 252.6 ബില്യണ്‍ ഡോളറാണ് ലാറി പേജിന്റെ സമ്പത്ത്.

ടെസ്‌ല, സ്‌പേസ്എക്‌സ്, എഐ സ്റ്റാര്‍ട്ടപ്പ് 'എക്‌സ് എഐ' എന്നിവ ഉള്‍പ്പെടെ ഏഴ് കമ്പനികള്‍ സഹസ്ഥാപിച്ചാണ് മസ്‌ക് തന്റെ സമ്പത്ത് കെട്ടിപ്പടുത്തത്. 2004ല്‍ ടെസ്‌ലയില്‍ ആദ്യമായി നിക്ഷേപം നടത്തിയ മസ്‌ക് 2008 മുതല്‍ കമ്പനിയുടെ സിഇഒയാണ്. ടെസ്‌ലയുടെ ഏകദേശം 12 ശതമാനം ഓഹരികള്‍ അദ്ദേഹത്തിനാണ്. 2002ല്‍ സ്ഥാപിച്ച സ്‌പേസ്എക്‌സ് ഡിസംബര്‍ 2025ലെ സ്വകാര്യ ടെന്‍ഡര്‍ ഓഫറിനെ അടിസ്ഥാനമാക്കി 800 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്; ഇതില്‍ 42 ശതമാനം ഓഹരികളും മസ്‌കിന്റെ കൈയിലാണ്.

2022ല്‍ 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയ മസ്‌ക്, 2025 മാര്‍ച്ചില്‍ അത് എക്‌സ് എഐയുമായി ലയിപ്പിച്ചു. കടം ഉള്‍പ്പെടെ ഏകദേശം 125 ബില്യണ്‍ ഡോളറാണ് സംയുക്ത കമ്പനിയുടെ മൂല്യം. ഇതിന് പുറമേ, തുരങ്ക നിര്‍മ്മാണ രംഗത്തെ ബോറിംഗ് കമ്പനിയും മസ്തിഷ്‌ക ഇംപ്ലാന്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറാലിങ്കും മസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ഈ രണ്ട് കമ്പനികളും ചേര്‍ന്ന് ഇതുവരെ ഏകദേശം 2 ബില്യണ്‍ ഡോളര്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്.

സാങ്കേതിക ലോകത്തെ തന്നെ പുനര്‍നിര്‍വചിച്ച ഇലോണ്‍ മസ്‌ക്, ഇപ്പോള്‍ സമ്പത്തിന്റെ പുതിയ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് - ട്രില്യണ്‍ ഡോളര്‍ എന്ന അപൂര്‍വ നേട്ടത്തിലേക്ക്.