ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കെ മരണമടഞ്ഞ കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു. എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട് പ്രകാരം ശനിയാഴ്ച പുറത്തിറക്കിയ രേഖകളില്‍ 2019ലെ ഗ്രാന്‍ഡ് ജൂറി മൊഴികളും ഉള്‍പ്പെടുന്നു. ഇതില്‍ ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലുമുണ്ടായ ഗുരുതര ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള വിശദമായ വെളിപ്പെടുത്തലുകളാണുള്ളത്. വെള്ളിയാഴ്ച പുറത്തിറക്കിയ ആദ്യ ഘട്ട രേഖകളില്‍ ആയിരക്കണക്കിന് ഫോട്ടോകളും പൊലീസ് റിപ്പോര്‍ട്ടുകളും കോടതി രേഖകളും ഉള്‍പ്പെടുത്തിയിരുന്നു.
2019ല്‍ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയ്ക്ക് മുമ്പാകെ മൊഴി നല്‍കിയ ഒരു എഫ്ബിഐ ഏജന്റ്, എപ്സ്റ്റീന്‍ തന്റെ ഇരകളെ ഉപയോഗിച്ച് മറ്റ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍ കുടുക്കിയിരുന്നുവെന്ന് വ്യക്തമാക്കി. ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലുമുള്ള നിരവധി ഇരകളുമായി നടത്തിയ അഭിമുഖങ്ങളില്‍, ആദ്യം മസാജിനെന്ന പേരില്‍ എപ്സ്റ്റീന്റെ വീട്ടിലെത്തിച്ച ശേഷം ഓരോ സന്ദര്‍ശനത്തോടും കൂടി പീഡനം കടുത്തുവന്നതായി അവര്‍ വെളിപ്പെടുത്തിയെന്നും ഏജന്റ് മൊഴി നല്‍കി.
2005ല്‍ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ എപ്സ്റ്റീന്‍ വസതിയില്‍ പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ചും ഗ്രാന്‍ഡ് ജൂറിയില്‍ വിശദീകരണമുണ്ടായി. മസാജ് മേശ, ഫോണ്‍ സന്ദേശങ്ങള്‍, ലൈംഗിക ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തതായും, ഒരു മുറിയില്‍ നിന്ന് 'Mr. JE-യ്ക്ക് ഒരു സ്ത്രീ' എന്ന കുറിപ്പും ജനന തീയതിയുമടങ്ങിയ സന്ദേശ പാഡുകളും കണ്ടെത്തിയതായും ഏജന്റ് പറഞ്ഞു.
എപ്സ്റ്റീന്റെ സഹായി ഘിസ്ലെയിന്‍ മാക്‌സ്‌വെല്ലിന്റെ പങ്കും മൊഴിയില്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. 'മുതിര്‍ന്ന സഹോദരിയെപ്പോലെ പെരുമാറിയ മാക്‌സ്വെല്‍, 'വയസ്സായവര്‍ ചെയ്യുന്നതിതാണ്' എന്ന തരത്തിലുള്ള പരാമര്‍ശങ്ങളിലൂടെ പീഡനത്തെ സാധാരണമാക്കി,' യെന്ന് ഒരു ഇര ഏജന്റിനോട് പറഞ്ഞു. കൗമാരപ്രായത്തില്‍ എപ്സ്റ്റീന്റെ പീഡനത്തിനിരയായ മൂന്ന് സ്ത്രീകളുടെ മൊഴികളില്‍, പാം ബീച്ച്, ന്യൂയോര്‍ക്ക്, ന്യൂ മെക്‌സിക്കോ, ലണ്ടന്‍ എന്നിവിടങ്ങളിലെ വസതികളില്‍ നടന്ന പീഡന സമയങ്ങളില്‍ മാക്‌സ് വെല്‍ മുറിക്കുള്ളിലോ പുറത്തോ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
ഒരു 14കാരിയെ എപ്സ്റ്റീന്‍ പീഡിപ്പിച്ച സംഭവവും ഗ്രാന്‍ഡ് ജൂറിയില്‍ വിവരിച്ചു. ആദ്യ പീഡനത്തിന് ശേഷം മാക്‌സ് വെല്‍ ഫോണില്‍ വിളിച്ച് 'ജെഫ്രിക്ക് നിന്നെ വളരെ ഇഷ്ടപ്പെട്ടു' എന്ന രീതിയില്‍ പറഞ്ഞതായി പെണ്‍കുട്ടി മൊഴി നല്‍കി. വര്‍ഷങ്ങളോളം ലോകമെമ്പാടും എപ്സ്റ്റീനൊപ്പം യാത്ര ചെയ്തിരുന്നുവെന്നും, 18 വയസ്സ് കഴിഞ്ഞ ശേഷം നടന്ന ഒരു സംഭവത്തില്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷം ധരിച്ച് എപ്സ്റ്റീനിന് ചായ നല്‍കാന്‍ മാക്‌സ് വെല്‍ ആവശ്യപ്പെട്ടതായും അവള്‍ പറഞ്ഞു. സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞതായും മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും ഏജന്റ് മൊഴി നല്‍കി. ഈ വേഷം 2019ല്‍ എപ്സ്റ്റീന്റെ ന്യൂയോര്‍ക്ക് മാന്‍ഷനില്‍ നിന്നു നിയമസംരക്ഷണ ഏജന്‍സികള്‍ കണ്ടെടുത്തതായും രേഖകളില്‍ പറയുന്നു.
അതേസമയം, ഗ്രാന്‍ഡ് ജൂറി അവതരണത്തില്‍ ഉള്‍പ്പെടുത്തിയ കൈയെഴുത്ത് സന്ദേശങ്ങള്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 'Mr. JE ' എന്ന വിലാസത്തില്‍ സ്ത്രീകള്‍ ലഭ്യമാണോയെന്നോ ജോലി ചെയ്യാമോയെന്നോ ചോദിക്കുന്ന കുറിപ്പുകള്‍ ഉള്‍പ്പെടെ 18 സന്ദേശങ്ങളാണ് രേഖകളിലുള്ളത്. കോളേജിനെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സന്ദേശവും ഇതിലുണ്ട്. ഇതില്‍ ഒരു സന്ദേശത്തില്‍ ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എപ്സ്റ്റീനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായും കാണുന്നു. കോളിന്റെ സമയം 5.18 എന്നായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തീയതിയോ വിളിയുടെ കാരണമോ വ്യക്തമല്ല. ട്രംപിനെയും 'ഡാരന്‍' എന്ന പേരിനെയും ഒഴികെ മറ്റ് വിളിച്ചവരുടെ പേരുകള്‍ എല്ലാം മറച്ചുവച്ചിരിക്കുകയാണ്.
എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട ഈ പുതിയ വെളിപ്പെടുത്തലുകള്‍, വര്‍ഷങ്ങളായി മറഞ്ഞുകിടന്നിരുന്ന ലൈംഗിക ചൂഷണ ശൃംഖലയെ വീണ്ടും ശക്തമായി പൊതുചര്‍ച്ചയിലേക്കെത്തിക്കുകയാണ്.
എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്: ന്യൂയോര്‍ക്കും ഫ്‌ളോറിഡയും കേന്ദ്രീകരിച്ച ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍
