വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രണ്ടാംവട്ടം അധികാരത്തില്‍ വന്നതിനുശേഷം എച്ച് 1 ബി വിസ സംവിധാനത്തെ ചുറ്റിയുള്ള നിയന്ത്രണങ്ങളും വിമര്‍ശനങ്ങളും ശക്തമാകുന്ന സാഹചര്യത്തില്‍, എച്ച് 1 ബി , എച്ച് 4 വിസ അഭിമുഖങ്ങളുടെ വ്യാപകമായ പുനഃക്രമീകരണം ഇന്ത്യന്‍ അപേക്ഷകര്‍ നേരിടുന്ന പുതിയ പ്രതിസന്ധിയായിമാറിയിരിക്കുകയാണ്. 2026 ജനുവരിയിലേക്ക് നിശ്ചയിച്ചിരുന്ന നിരവധി വിസ അഭിമുഖങ്ങള്‍ അപ്രതീക്ഷിതമായി 2027 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് യുഎസ് കോണ്‍സുലര്‍ പോസ്റ്റുകള്‍ വ്യക്തമായ അറിയിപ്പ് നല്‍കാത്തതും അപേക്ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
അപൂര്‍വവും ഗുരുതരവുമായ സാഹചര്യമാണിതെന്നാണ് കുടിയേറ്റക്കാര്‍ക്കുവേണ്ടി വാദിക്കുന്ന ജ്ഞാനമൂക്കന്‍ സെന്തുര്‍ജോതി വിശേഷിപ്പിച്ചത്. ഒരു വര്‍ഷത്തിലേറെ മുന്‍കൂട്ടി അഭിമുഖങ്ങള്‍ മാറ്റുന്നത് അപേക്ഷകരുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ ദൈര്‍ഘ്യമേറിയ ഇടവേളയില്‍ എച്ച് 1 ബി അപേക്ഷകളുടെ കാലാവധി അവസാനിക്കാം, ജോലിമാറ്റം സംഭവിക്കാം, വിസാ സ്റ്റാറ്റസ് മാറാം, ജോലി നഷ്ടപ്പെടാം, അല്ലെങ്കില്‍ ചിലര്‍ ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങേണ്ട സാഹചര്യം പോലും ഉണ്ടാകാം. ഇതെല്ലാം ചേര്‍ന്നുണ്ടാകുന്ന അനിശ്ചിതത്വം വ്യക്തിഗതവും തൊഴില്‍പരവുമായ ജീവിതങ്ങളെ ഒരുപോലെ ബാധിക്കുന്നു.
'ദി അമേരിക്കന്‍ ബസാര്‍' റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 2026 ജനുവരി മധ്യത്തിലേക്ക് നിശ്ചയിച്ചിരുന്ന ചില അഭിമുഖങ്ങള്‍ 2026 ഒക്ടോബര്‍ വരെ പോലും മാറ്റിയ കേസുകള്‍ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ നേരിടുന്നുണ്ട്. ഈ വൈകിപ്പിക്കല്‍ കുടുംബജീവിതത്തെയും ശക്തമായി ബാധിക്കുന്നതായി സെന്തുര്‍ജോതി ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. വിവാഹങ്ങള്‍ നീളുന്നു, നിശ്ചയങ്ങള്‍ റദ്ദാകുന്നു, രോഗബാധിതരായ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കഴിയുന്നില്ല, ഉത്സവങ്ങളും പ്രധാന കുടുംബസമ്മേളനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടാകുന്നത്.
യുഎസില്‍ ഇപ്പോള്‍ താമസിക്കുന്ന എച്ച് 1 ബി തൊഴിലാളികള്‍ക്കാണ് സ്ഥിതി കൂടുതല്‍ അപകടകരമാകുന്നത്. മുന്‍കൂട്ടി ലഭിച്ച വിസ സ്റ്റാമ്പിംഗ് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്താല്‍, അത് പിന്നീട് റദ്ദാകുകയോ വീണ്ടും മാറ്റുകയോ ചെയ്താല്‍ ജോലി, നിയമസ്ഥിതി എന്നിവ തന്നെ അപകടത്തിലാകാം. ഒരുകാലത്ത് സാധാരണമായിരുന്ന വിസ സ്റ്റാമ്പിംഗ് പ്രക്രിയ ഇപ്പോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള തീരുമാനമായി മാറിയിരിക്കുകയാണ്.
നിലവിലെ സാഹചര്യം കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യകാലത്തെക്കാള്‍ ഗുരുതരമാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2026 എത്തുന്നതിന് മുമ്പേ 2027നെ സ്വാഗതം ചെയ്യുന്ന അവസ്ഥയിലാണ് ഇന്ത്യയിലെ യുഎസ് കോണ്‍സുലര്‍ മിഷനെന്ന് സെന്തുര്‍ജോതി പരിഹസിച്ചു.
നിയമപരമായി അടിയന്തര പരിഹാരങ്ങള്‍ വളരെ കുറവായതിനാല്‍, ബദല്‍ മാര്‍ഗങ്ങള്‍ തേടാനാണ് ബാധിതരായ അപേക്ഷകരോട് അഭിഭാഷകര്‍ ഉപദേശിക്കുന്നത്. സോമിരെഡ്ഡി ലോ ഗ്രൂപ്പ് പി.എല്‍.എല്‍.സിയിലെ അസോസിയേറ്റ് ലോയര്‍ സംഗീത മുഗുന്തന്‍ 'ദി അമേരിക്കന്‍ ബസാര്‍'ക്ക് നല്‍കിയ അഭിമുഖത്തില്‍, സാധ്യമെങ്കില്‍ തൊഴിലുടമകളുമായി ഓണ്‍ലൈനായി ജോലിചെയ്യുന്നതിനുള്ള ചര്‍ച്ച നടത്തുകയോ, അതും അസാധ്യമെങ്കില്‍ ജോലി ഉപേക്ഷിക്കുന്നതുപോലുള്ള കഠിന തീരുമാനങ്ങള്‍ പോലും പരിഗണിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി.
എച്ച് 1 ബി, എച്ച് 4 വിസ അഭിമുഖം 2027 വരെ നീട്ടി: ഇന്ത്യന്‍ അപേക്ഷകര്‍ ഗുരുതര അനിശ്ചിതത്വത്തില്‍
