ന്യൂയോര്‍ക്ക്: ഇന്തോനേഷ്യയുടെ ഐറിന്‍ സുകന്ദറിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ കൊനേരു ഹംപി രണ്ടാം ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി.
2019ല്‍ ജോര്‍ജിയയില്‍ നടന്ന മത്സരത്തിലും ജയം നേടിയ ഹംപി ചൈനയുടെ ജു വെന്‍ജൂണിന് ശേഷം ഒന്നിലധികം തവണ കിരീടം നേടുന്ന രണ്ടാമത്തെ താരമായി.
37കാരിയായ ഹംപി 11 ല്‍ 8.5 പോയിന്റുമായാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.
അടുത്തിടെ സിംഗപ്പൂരില്‍ നടന്ന ക്ലാസിക്കല്‍ ഫോര്‍മാറ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡി ഗുകേഷ് ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ചാമ്പ്യനായി മാറിയതിന് പിന്നാലെ ഹംപിയുടെ നേട്ടം ഇന്ത്യന്‍ ചെസ്സിന് ആവേശകരമായ വര്‍ഷാവസാനമാണ് സമ്മാനിച്ചത്.
സെപ്്തംബറില്‍ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണം നേടിയിരുന്നു.
ആദ്യ റൗണ്ടിലെ തോല്‍വിക്ക് ശേഷം താന്‍ കിരീടത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ഹംപി പറഞ്ഞു. ആദ്യ റൗണ്ട് തോല്‍വിക്ക് ശേഷം കിരീടത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ നന്നായി മാറിയെന്നും തുടര്‍ച്ചയായി നാല് ഗെയിമുകള്‍ നേടിയത് തന്നെ സഹായിച്ചതായും അവര്‍ പറഞ്ഞു.
2012ല്‍ മോസ്‌കോയില്‍ നടന്ന മത്സരത്തില്‍ വെങ്കല മെഡലും കഴിഞ്ഞ വര്‍ഷം ഉസ്ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ വെള്ളിയും നേടിയ ഹംപി റാപ്പിഡ് ലോകങ്ങളില്‍ എപ്പോഴും മികവ് പുലര്‍ത്തിയിട്ടുണ്ട്.
തന്റെ വിജയം മറ്റ് ഇന്ത്യക്കാരെയും ചെസ്സ് കളിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഹംപി പറഞ്ഞു.