ഇസ്‌ലാമാബാദ്: പാക് അധീന കാശ്മീര്‍ മേഖലകളായ സ്‌കാര്‍ഡു, മുറെ, മുസാഫറാബാദ് എന്നിവിടങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) റദ്ദാക്കി. രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നമുള്ള മേഖലയില്‍ ഐ സി സി ട്രോഫി പര്യടനം നടത്തില്ലെന്ന് ഐ സി സി അറിയിച്ചു.
ചാമ്പ്യന്‍സ് ട്രോഫിയുടെ ഔദ്യോഗിക ആതിഥേയരാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഐ സി സിയുമായും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായും (ബി സി സി ഐ) കരാറിലെത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് സാധിച്ചിട്ടില്ല.
ചാമ്പ്യന്‍സ് ട്രോഫിക്കാിയ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ ഐ സി സിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഐ സി സി പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചു.
മറ്റ് രാജ്യങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലാഞ്ഞിട്ടും ഇന്ത്യയ്ക്ക് എന്തുകൊണ്ടാണ് പാകിസ്താനിലേക്ക് യാത്ര ചെയ്യാനാവാത്തതെന്ന് വ്യക്തമാക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ സി സിക്ക് കത്ത് നല്‍കി.
സ്ഥിതിഗതികള്‍ അനുസരിച്ച് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ മൂന്ന് മാസത്തില്‍ താഴെ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീം യാത്ര ചെയ്യാന്‍ വിമുഖത കാണിച്ചതിനാല്‍ ടൂര്‍ണമെന്റ് മുഴുവന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ പാകിസ്ഥാന്‍ ഇതുവരെ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. ഫൈനല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള പാക്കിസ്ഥാന്റെ നിര്‍ദ്ദേശം ബി സി സിഐ നിരസിച്ചതിനാല്‍ ഐ സി സിക്ക് മൂന്ന് സാധ്യതകളാണ് മുമ്പിലുള്ളത്.
2008 പോലെ പരിഹാരം കാണുന്നതുവരെ ചാമ്പ്യന്‍സ് ട്രോഫി മാറ്റിവയ്ക്കുകയോ ഇന്ത്യയില്ലാതെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയോ പാകിസ്താന് പുറത്ത് മറ്റെവിടെയെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാം. ക്രിക്കറ്റിലെ ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യവും ജയ് ഷാ ഐ സി സിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയര്‍പേഴ്സണായി മാറുന്നതും കാരണം ഇന്ത്യയെ ഒഴിവാക്കുക എന്ന സാധ്യത നിലനിന്നേക്കില്ല.