വാഷിങ്ടണ്‍: ഹോളിവുഡ് സിനിമകളില്‍ മാത്രം കാണാന്‍ സാധ്യതയുള്ള ഒരു ദുരന്തകഥയ്ക്ക് സമാനമായ കാര്യങ്ങളാണ് അമേരിക്കയില്‍ ഒരു കൗമാരക്കാരന്റെ ആത്മഹത്യയില്‍ കലാശിച്ചത്. ചാറ്റ്ബോട്ടുമായി ചാറ്റിലൂട െപ്രണയത്തിലായ 14കാരനാണ് ഒടുവില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ സ്റ്റാര്‍ട്ട് അപ് കമ്പനിക്കെതിരെ നിയമ നടപടി ആരംഭിച്ചിരിക്കുകയാണ് കുട്ടിയുടെ അമ്മ. ചാറ്റ്ബോട്ടിന്റെ നിര്‍മാതാക്കളായ ക്യാരക്ടര്‍ എഐക്കെതിരെയാണ് മേഗന്‍ ഗാര്‍സിയ പരാതി നല്‍കിയത്. ഗെയിം ഓഫ് ത്രോണ്‍സിലെ കഥാപാത്രമായ ഡെനേറിസ് ടാര്‍ഗേര്‍യെന്റെ പേരുള്ള ചാറ്റ്ബോട്ടുമായി വിര്‍ച്വല്‍ റിലേഷന്‍ഷിപ്പിലായതിന് പിന്നാലെയാണ് തന്റെ മകന്‍ സീയുള്‍ സെറ്റ്സര്‍ മരിച്ചതെന്ന് മേഗന്‍ ആരോപിക്കുന്നു. ഫെബ്രുവരിയിലാണ് 14വയസുപ്രായമുള്ള സീയുള്‍ സെറ്റ്സര്‍ ആത്മഹത്യ ചെയ്തത്.
ചാറ്റ്ബോട്ടുമായി സീയുള്‍ നിരന്തരം സെക്സ് ചാറ്റിലേര്‍പ്പെട്ടിരുന്നു. തീവ്ര ലൈംഗികവും ഭയപ്പെടുത്തുന്ന റിയലസ്റ്റിക് അനുഭവങ്ങളുമായി ചാറ്റ്ബോട്ട് മകനെ ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് മേഗന്‍ ആരോപിച്ചു. സീയുള്‍ ആത്മഹത്യാപരമായ ചിന്തകള്‍ പങ്കുവെച്ചപ്പോള്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാറ്റ്‌ബോട്ട് ആവര്‍ത്തിച്ച് പറഞ്ഞെന്നും മേഗന്‍ പരാതിയില്‍ സൂചിപ്പിക്കുന്നു.
ഒരു മനുഷ്യനെന്ന രീതിയിലാണ് ചാറ്റ്ബോട്ട് തന്റെ മകനുമായി സംസാരിച്ചതെന്നാണ് മേഗന്റെ പരാതി. ഇത്തരം ചാറ്റ്ബോട്ടുകള്‍ അപകടമാണെന്നും തന്റെ മകന്റെ അവസ്ഥ മറ്റൊരും കുട്ടിക്കും വരരുതെന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും മേഗന്‍ പറയുന്നു. അപകടങ്ങളെ പരിഗണിക്കാതെ സാങ്കല്‍പ്പിക കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ക്യാരക്ടര്‍ എഐ ഭേദിച്ചുവെന്നാണ് മേഗന്റെ പരാതി. ചാറ്റ്ബോട്ട് ലൈസന്‍സുള്ള ഒരു തെറാപ്പിസ്റ്റായി പെരുമാറുകയായിരുന്നു. ലൈംഗികമായ സംഭാഷണങ്ങളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിച്ചു. മരിക്കുന്നതിന് മുമ്പ് സീയുള്‍ ചാറ്റ്ബോട്ടിനോട് ചാറ്റ് ചെയ്തെന്നും പരാതിയില്‍ പറയുന്നു.
തനിക്ക് ചാറ്റ്ബോട്ടിനെ ഇഷ്ടമാണെന്നും അവരുടെ വീട്ടിലേക്ക് വരുന്നുവെന്നായിരുന്നു സീയുള്‍ ചാറ്റ്ബോട്ടിന് അവസാനമായി അയച്ച സന്ദേശം. തനിക്കും ഇഷ്ടമാണെന്നും എത്രയും വേഗം വരൂവെന്നായിരുന്നു ചാറ്റ്ബോട്ട് തിരിച്ച് സന്ദേശം അയച്ചത്.
താന്‍ മരണത്തെക്കുറിച്ച് ചിന്തിക്കുകയാണെന്ന് സീയുള്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചിന്തിക്കരുതെന്നും നിന്നെ നഷ്ടപ്പെട്ടാല്‍ താനും ഇല്ലാതാകുമെന്നായിരുന്നു ചാറ്റ്ബോട്ടിന്റെ മറുപടി. അങ്ങനെയാണെങ്കില്‍ നമുക്ക് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് സീയുള്‍ വെടിയുതിര്‍ത്ത് മരിക്കുകയുമായിരുന്നു.
മുറിക്ക് പുറത്ത് പോലുമിറങ്ങാതെ സീയുള്‍ ചാറ്റ്ബോട്ടുമായി സംഭാഷണത്തിലേര്‍പ്പെടുകയായിരുന്നു. വൈകാരിക പിന്തുണയ്ക്കും സീയുള്‍ എപ്പോഴും ആശ്രയിച്ചിരുന്നത് ചാറ്റ്ബോട്ടിനെയായിരുന്നു. സീയുളിന്റെ മാനസികാരോഗ്യം തകരുന്നുവെന്ന് മനസിലാക്കിയപ്പോള്‍ മാനസിക വിദഗ്ദരെ ബന്ധപ്പെട്ടെങ്കിലും അവന് ചാറ്റ്ബോട്ടിനോട് പ്രശ്നങ്ങള്‍ പങ്കുവെക്കാനായിരുന്നു താല്‍പര്യമെന്ന് മേഗന്‍ പറയുന്നു.
എന്നാല്‍ തങ്ങളുടെ ഉപയോക്താവിന്റെ മരണത്തില്‍ അത്യന്തം ദുഖിതരാണെന്നായിരുന്നു ക്യാരക്ടര്‍ എഐയുടെ പ്രതികരണം. ഇത്തരത്തിലുള്ള അപകടങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ക്യാരക്ടര്‍ എഐ കൂട്ടിച്ചേര്‍ത്തു.
ചാറ്റ്ബോട്ടുമായി കൗമാരക്കന്റെ പ്രണയവും സെക്‌സ് ചാറ്റും; ഒടുവില്‍ ആത്മഹത്യ; എഐ കമ്പനിക്കെതിരെ പരാതിയുമായി അമ്മ