ഒഹായോയില്‍ ചരിത്രവിജയവുമായി ആമി ആക്ടണ്‍; ഗവര്‍ണറാകുന്ന ആദ്യ വനിത

ഒഹായോയില്‍ ചരിത്രവിജയവുമായി ആമി ആക്ടണ്‍; ഗവര്‍ണറാകുന്ന ആദ്യ വനിത


ഒഹായോ: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഒഹായോയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡോ. ആമി ആക്ടണ്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമിയെ പരാജയപ്പെടുത്തിയാണ് 60കാരിയായ ആക്ടണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. അസോസിയേറ്റഡ് പ്രസ് ആണ് വിജയം പ്രവചിച്ചത്. ഒഹായോയുടെ ചരിത്രത്തില്‍ ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അവര്‍. 35 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഡെമോക്രാറ്റ് എന്ന നേട്ടവും ആക്ടണിന് സ്വന്തമായി. കോവിഡ് മഹാമാരിക്കാലത്ത് ഒഹായോയുടെ പൊതുജനാരോഗ്യ വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന ആക്ടണ്‍ അടുത്ത ജനുവരിയില്‍ നിലവിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മൈക്ക് ഡിവൈനിന്റെ പിന്‍ഗാമിയായി ചുമതലയേല്‍ക്കും.

രാഷ്ട്രീയ ആരോപണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ കടുത്ത പ്രചാരണത്തിനൊടുവിലാണ് ആക്ടണിന്റെ വിജയം. ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ സമ്പത്ത് നേടിയ രാമസ്വാമിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്യപിന്തുണയുമുണ്ടായിരുന്നു. ഒഹായോയുടെ പരമ്പരാഗത റിപ്പബ്ലിക്കന്‍ രാഷ്ട്രീയ പശ്ചാത്തലവും രാമസ്വാമിയുടെ സാമ്പത്തികശേഷിയും കണക്കിലെടുത്ത് തുടക്കത്തില്‍ ആക്ടണിന്റെ സ്ഥാനാര്‍ഥിത്വം വിജയസാധ്യത കുറഞ്ഞതായാണ് വിലയിരുത്തപ്പെട്ടത്. കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നെങ്കിലും അന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളോടുള്ള അതൃപ്തി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനിന്നിരുന്നു.

എന്നാല്‍ ജീവിതച്ചെലവിലെ വര്‍ധനയും സാധാരണക്കാരുടെ സാമ്പത്തികപ്രശ്‌നങ്ങളുമായിരുന്നു ആക്ടണ്‍ പ്രചാരണത്തിന്റെ പ്രധാന വിഷയമാക്കിയത്. യങ്‌സ്ടൗണ്‍ നഗരത്തിലെ സാധാരണ കുടുംബപശ്ചാത്തലത്തില്‍നിന്നുള്ള തന്റെ ജീവിതവും അതിസമ്പന്നനായ എതിരാളിയുടെ പശ്ചാത്തലവും അവര്‍ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടി. ഒക്ടോബര്‍ അവസാനത്തോടെ രാമസ്വാമിയുടെ പ്രചാരണസംഘം പുറത്തിറക്കിയ പരസ്യങ്ങളില്‍ ആക്ടണിന്റെ അകന്നുകഴിയുന്ന മാതാവ് ഡോണ ആര്‍തര്‍ അവരെ നുണയിയെന്ന് വിശേഷിപ്പിച്ചതോടെ വിവാദം ശക്തമായി. ആക്ടണിന്റെ കുടുംബത്തിലെ പഴയ പ്രശ്‌നങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് എത്തിച്ച പരസ്യത്തിനെതിരെ വിവിധ രാഷ്ട്രീയ നിലപാടുകളിലുള്ളവര്‍ രംഗത്തെത്തി. 1978ല്‍ ആക്ടണിന് 12 വയസ്സുള്ളപ്പോള്‍ അവരെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് രണ്ടാനച്ഛനെതിരെ ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തിയിരുന്നു. പിന്നാലെ ഇയാളും മാതാവും ഒഹായോ വിട്ടുപോയി. അതിനുശേഷം അമ്മയും മകളും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. പരസ്യത്തെ രാമസ്വാമിയും ട്രംപും ന്യായീകരിച്ചെങ്കിലും വ്യാപക വിമര്‍ശനമുയര്‍ന്നു.

വോട്ടര്‍മാരുടെ സാമ്പത്തിക ആശങ്കകള്‍ക്ക് പരിഹാരം നിര്‍ദേശിച്ചുകൊണ്ടുള്ള പ്രചാരണവും ആക്ടണിന് പിന്തുണയായി. ഡാറ്റാ സെന്ററുകളുടെ നിര്‍മാണത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുക, ഇന്ധനനികുതി താല്‍ക്കാലികമായി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ടുവച്ചു. ഇന്ധനനികുതി ഇളവെന്ന നിര്‍ദേശം പിന്നീട് രാമസ്വാമിയും ഏറ്റെടുക്കുകയും റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളോട് അത് അംഗീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന സര്‍വകലാശാലകളുടെ ഏകീകരണം, ആദായനികുതി പൂര്‍ണമായി ഒഴിവാക്കല്‍ തുടങ്ങിയ വലിയ മാറ്റങ്ങളാണ് രാമസ്വാമി മുന്നോട്ടുവച്ചത്. എന്നാല്‍ നിത്യജീവിതത്തിലെ ചെലവുകള്‍ താങ്ങാന്‍ ബുദ്ധിമുട്ടുന്ന സാധാരണ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്കാണ് ആക്ടണ്‍ മുന്‍ഗണന നല്‍കിയത്.

കുട്ടിക്കാലത്ത് ഒരുഘട്ടത്തില്‍ ഭവനരഹിതയായി കഴിയേണ്ടിവന്ന ആക്ടണിന്റെ വ്യക്തിജീവിതവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. മാതാവിന് മക്കളുടെ സംരക്ഷണാവകാശം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ജൈവിക പിതാവിനൊപ്പം താമസിച്ചാണ് അവര്‍ ജീവിതത്തില്‍ സ്ഥിരത കണ്ടെത്തിയത്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം നേരിട്ട് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ത്വരിതപദ്ധതിയില്‍ പ്രവേശിച്ച അവര്‍ പിന്നീട് പൊതുജനാരോഗ്യരംഗത്ത്, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിച്ചു. 2019ല്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മൈക്ക് ഡിവൈന്‍ അവരെ ഒഹായോ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ പൊതുശ്രദ്ധ നേടിയ ആക്ടണ്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവര്‍ണറായി ചരിത്രത്തിലേക്ക് കടക്കുകയാണ്.